ഇന്ത്യയിലെ വരുമാനത്തിന് മാത്രം പ്രവാസികള്‍ നികുതി നല്‍കിയാല്‍ മതി: ധനമന്ത്രി

ഇന്ത്യയിലെ ബിസിനസില്‍നിന്നോ ജോലിയില്‍നിന്നോ നേടുന്ന വരുമാനത്തിനു മാത്രമേ പ്രവാസികള്‍ ഇവിടെ നികുതി നല്‍കേണ്ടതുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദേശത്തെ ജോലിയില്‍നിന്നോ ബിസിനസില്‍നിന്നോ ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടതുമില്ല.

പ്രവാസിയായി കണക്കാക്കാന്‍ ചുരുങ്ങിയത് 240 ദിവസം വിദേശത്തു താമസിക്കണമെന്ന ബജറ്റുനിര്‍ദേശം മാധ്യമങ്ങളില്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് കാരണമായതിനെത്തുടര്‍ന്നാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പ്. വിദേശത്തുള്ള യഥാര്‍ഥ തൊഴിലാളികളെ നികുതിപരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതല്ല ബജറ്റിലെ നിര്‍ദേശമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

യുഎഇ പോലുള്ള ആദായനികുതി രഹിത അധികാരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് നികുതി നല്‍കേണ്ടിവരുന്നത് ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന് മാത്രമാണ്. അല്ലാതെ രാജ്യത്തിന് പുറത്തുള്ള വരുമാനത്തിന് അല്ല- ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പിന്നീടു വിശദമാക്കി. നികുതി ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ചട്ടത്തില്‍ വ്യക്തത ഉള്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചു.

'മറ്റൊരു രാജ്യത്ത് താമസിക്കുന്ന എന്‍ആര്‍ഐ ഇന്ത്യയില്‍ ലഭിക്കുന്ന വരുമാനത്തിന് ഒരു നികുതി നല്‍കണം എന്നേ നമ്മള്‍ പറയുന്നൂള്ളൂ. ദുബായിലോ മറ്റോ നിങ്ങള്‍ സമ്പാദിച്ചതിന് ഞാന്‍ നികുതി ചുമത്തുന്നില്ല, 'മന്ത്രി വ്യക്തമാക്കി.

ഗള്‍ഫിലും മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ അവിടെനിന്ന് ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയില്‍ നികുതി നല്‍കണമെന്ന തെറ്റായ വ്യാഖ്യാനം പുറത്തുവന്നിരുന്നു. യഥാര്‍ഥ തൊഴിലാളികള്‍ വിദേശത്തു സമ്പാദിക്കുന്നതിന് ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരുമെന്ന ധാരണ ശരിയല്ല-

ഇന്‍കം ടാക്‌സ് കമ്മീഷണര്‍( മീഡിയ ആന്‍ഡ് ടെകിനിക്കല്‍ പോളിസി ) സുരഭി അലുവാലിയ മാധ്യമക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

വിദേശ ഇന്ത്യക്കാരായി (എന്‍ആര്‍ഐ) കണക്കാക്കണമെങ്കില്‍ 240 ദിവസം ഇന്ത്യക്ക് പുറത്ത് കഴിയണമെന്നാണ് നിബന്ധന. 182 ദിവസം വിദേശത്ത് താമസിച്ചവര്‍ക്ക് ഇതുവരെ എന്‍ആര്‍ഐ ആനുകൂല്യം ലഭിച്ചിരുന്നു. തുടര്‍ച്ചയായ 120 ദിവസമോ അതില്‍ കൂടുതലോ നാട്ടില്‍ നില്‍ക്കുന്ന പ്രവാസിക്ക് എന്‍ആര്‍ഐ പദവി നഷ്ടമാകും.

2018 ലെ കണക്കുപ്രകാരം 2.65 ലക്ഷംകോടി രൂപയോളമാണ് യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത്.പ്രവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it