ഗൂഗിളിന്റെ പുതിയ പിക്‌സല്‍ ഫോണുകള്‍ ഇന്നെത്തുന്നു

പിക്‌സല്‍ 3a, പിക്‌സല്‍ 3a XL എന്നീ ഫോണുകള്‍ ഗൂഗിള്‍ ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കും. യു.എസിലെ മൗണ്ടന്‍വ്യൂവില്‍ വെച്ച് ഇന്ന് രാത്രി 10 മണിയോടെയാണ് അവതരണച്ചടങ്ങ് നടക്കുന്നത്. ഇതിനുശേഷം ഇന്ന് അര്‍ദ്ധരാത്രിയോടെ തന്നെ ഫോണുകള്‍ പ്രി-ഓര്‍ഡര്‍ ചെയ്യാനായേക്കും.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പിക്‌സല്‍ 3, പിക്‌സല്‍ 3 XL എന്നീ ഫോണുകളുടെ താങ്ങാനാകുന്ന നിരക്കിലുള്ള മോഡലുകളാണ് ഇപ്പോള്‍ വിപണിയിലിറക്കുന്നത്. പിക്‌സലില്‍ നിന്ന് കടം കൊണ്ട 12 മെഗാപിക്‌സല്‍ പിന്‍കാമറ ഇരു മോഡലുകളിലും ഉണ്ടായേക്കാം. ക്വാല്‍കോം സ്‌നാപ്പ്ഗ്രാഗണ്‍ 670 പ്രോസസറാണ് ഇവയിലുണ്ടാവുക.

പുതിയ മോഡലുകളുടെ വിവിധ സവിശേഷതകള്‍ ഇപ്പോള്‍തന്നെ ചോര്‍ന്നിട്ടുണ്ട്. ഗൂഗിളും ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു. അവയില്‍ ചിലവ:

  • പിക്‌സല്‍ 3a XL ന് ആറിഞ്ച് സ്‌ക്രീന്‍ വലുപ്പവും പിക്‌സല്‍ 3a യ്ക്ക് 5.6 ഇഞ്ച് സ്‌ക്രീന്‍ വലുപ്പവുമാണ് പ്രതീക്ഷിക്കുന്നത്. ഇരുഫോണുകള്‍ക്കും 1080പി സ്‌ക്രീന്‍ റെസലൂഷനാണ് ഉണ്ടാവുക.
  • ഇരുമോഡലുകളും കാമറയുടെ കാര്യത്തില്‍ മികച്ച പ്രകടനമായിരിക്കും കാഴ്ചവെക്കുക. 12 മെഗാപിക്‌സല്‍ പിന്‍കാമറ പ്രതീക്ഷിക്കാം. മുന്‍കാമറ എട്ട് മെഗാപിക്‌സല്‍ ആണ്
  • ഇരുഫോണുകള്‍ക്കും കുറഞ്ഞത് 4ജിബി റാമും 64ജിബി സ്‌റ്റോറേജും ഉണ്ടാകും.
  • ആന്‍ഡ്രോയ്ഡ് 9പൈ സോഫ്റ്റ് വെയറായിരിക്കും ഇതില്‍ ഉപയോഗിക്കുക.
  • വില കുറയ്ക്കുന്നതിനായി ഗൂഗിള്‍ ഇതില്‍ പ്ലാസ്റ്റിക് ബോഡിയാണ് ഉപയോഗിക്കുകയെന്നും ശ്രുതിയുണ്ട്. എന്നാല്‍ പിക്‌സല്‍ 3യില്‍ ഗ്ലാസ് ആയിരുന്നു ഉപയോഗിച്ചത്.
  • ഇരു മോഡലുകളിലും ഗൂഗിള്‍ നൈറ്റ് സൈറ്റ് സംവിധാനവും പോര്‍ട്രെയ്റ്റ് മോഡ്, മോഷന്‍ ഓട്ടോഫോക്കസ് തുടങ്ങിയ കാമറ മോഡുകളും അണ്‍ലിമിറ്റഡ് ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജും ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്.

എന്തായാലും അനുമാനങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇനി വലിയ പ്രസക്തിയില്ല. ഇന്ന് അര്‍ദ്ധരാത്രിയില്‍ ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ അതെല്ലാം വ്യക്തമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it