ട്രെന്‍ഡായി മിറര്‍ലസ് കാമറകള്‍ DSLR പുറത്താകുമോ?

ഫിലിം ഡെവലപ്പ് ചെയ്യാനും ഫോട്ടോയുടെ പ്രിന്റ് എടുത്ത് കിട്ടാനുമൊക്കെ കാത്തിരുന്ന കാലം ഓര്‍മയുണ്ടോ? എത്ര പെട്ടെന്നാണ് ഫിലിം കാമറകളെ പിന്തള്ളി ഡിജിറ്റല്‍ കാമറകള്‍ വിപണി കീഴടക്കിയത്. കാമറ വിപണി മറ്റൊരു കീഴ്‌മേല്‍ മറിക്കലിന്റെ വക്കിലാണോ?
ഫോട്ടോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫിയോട് താല്‍പ്പര്യമുള്ളവരും ഇപ്പോള്‍ ഉപയോഗിക്കുന്ന ഡി.എസ്.എല്‍.ആര്‍ കാമറകള്‍ക്ക് ഭീഷണിയാകുകയാണ് ഈ രംഗത്തെ പുതിയ ട്രെന്‍ഡായ മിറര്‍ലസ് കാമറകള്‍. ഇവ പതിയെ വിപണിയില്‍ ചുവടുറപ്പിക്കുകയാണ്.
ആദ്യമായി മിറര്‍ലസ് കാമറ വാണിജ്യപരമായി പുറത്തിറക്കിയത് എപ്‌സണ്‍ ആണ്. എന്നാല്‍ മൈക്രോ ഫോര്‍ തേര്‍ഡ്‌സ് സംവിധാനത്തോട് കൂടിയ കാമറ ആദ്യമായി വിപണിയിലിറക്കിയത് പാനസോണിക് ആണ്. പാനസോണിക് ലുമിക്‌സ് ജി1 എന്ന മിറര്‍ലസ് കാമറയായിരുന്നു അത്.
എന്താണ് മിറര്‍ലസ് കാമറ?
പേര് സൂചിപ്പിക്കുന്നത് പോലെ ഇതുവരെയുള്ള കാമറകള്‍ക്കുള്ള മിറര്‍, പെന്റാപ്രിസം എന്നിവ ഇല്ലാത്ത കാമറകളാണ് മിറര്‍ലസ് കാമറകള്‍. സാധാരണ കാമറകളില്‍ ഷട്ടര്‍ റിലീസ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സെന്‍സറിന് മുന്നിലായുള്ള സെമി ട്രാന്‍സ്പരന്റ് മിറര്‍ മുകളിലേക്ക് ഉയരുകയും സെന്‍സറില്‍ ദൃശ്യം പതിയുകയും ചെയ്യും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ലളിതമാണ് മിറര്‍ലസ് കാമറയുടെ പ്രവര്‍ത്തനം. സാധാരണ ഡി.എസ്.എല്‍.ആര്‍ കാമറയില്‍ നിന്ന് വ്യത്യസ്തമായി ലെന്‍സിലൂടെ നേരിട്ട് സെന്‍സറിലേക്കാണ് ഇതില്‍ ദൃശ്യങ്ങള്‍ പതിക്കുന്നത്. ഇതില്‍ ഒപ്റ്റിക്കല്‍ വ്യൂ ഫൈന്‍ഡറിന് പകരം ഇലക്ട്രോണിക് വ്യൂ ഫൈന്‍ഡറുകളാണ് ഉപയോഗിക്കുന്നത്.
ഭീഷണിയാകുമോ?
പ്രകടന മികവില്‍ മുന്നിട്ടുനില്‍ക്കുന്ന മിറര്‍ലസ് ഇന്റര്‍ ചേഞ്ചബിള്‍ ലെന്‍സ് കാമറകള്‍ പെട്ടെന്നൊരു ദിനം കൊണ്ട് ഡി.എസ്.എല്‍.ആര്‍ കാമറകളെ പുറത്താക്കില്ല. സ്പാനിഷ് വെബ്‌സൈറ്റായ ഫോട്ടൊലാരി നടത്തിയ സര്‍വേ പ്രകാരം ലോകത്തെ ഫോട്ടോജേണലിസ്റ്റുകളില്‍ 71 ശതമാനവും ഡിഎസ്എല്‍ആര്‍ കാമറകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. പലരും ഡിഎസ്എല്‍ആര്‍ കാമറകളും അവയുടെ ലെന്‍സുകളും മറ്റ് ആക്‌സസറികളുമൊക്കെ വലിയ വിലകൊടുത്താണ് വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിലേക്ക് കടക്കുമ്പോള്‍ വലിയ സാമ്പത്തികനഷ്ടമുണ്ടാകുന്നു. മാത്രമല്ല, ഉപയോഗിച്ച് തഴമ്പിച്ച കാമറയില്‍ നിന്ന് പെട്ടെന്ന് മാറുക അത്ര എളുപ്പവുമല്ല. മിറര്‍ലസ് കാമറകള്‍ വാങ്ങിയ പല ഫോട്ടോഗ്രാഫര്‍മാരും തിരിച്ച് ഡിഎസ്എല്‍ആറിലേക്ക് വരുന്നുണ്ട്.
പക്ഷെ ഇതൊക്കെ താല്‍ക്കാലികം മാത്രമാണ്. പതിയെ ഇവ വിപണി കീഴടക്കുക തന്നെ ചെയ്യും. കാരണം ഒളിമ്പസ്, സോണി, കാനണ്‍, പാനസോണിക്... തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം മികച്ച പ്രകടനമികവോട് കൂടി മിറര്‍ലസ് കാമറകള്‍ വിപണിയിലിറക്കാന്‍ മല്‍സരിക്കുകയാണ്. രണ്ടു വര്‍ഷം കൊണ്ട് കാമറലോകം ഇവ പിടിച്ചടക്കും എന്ന് തന്നെയാണ് വിദഗ്ധര്‍ കരുതുന്നത്.
മികച്ച മിറര്‍ലസ് കാമറകള്‍
പാനസോണിക് ലുമിക്‌സ് ജി7
കൈയിലൊതുങ്ങുന്ന ഈ കോമ്പാക്റ്റ് മിറര്‍ലസ് കാമറ 40,000 രൂപയില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. മികച്ച ഫോട്ടോഗ്രാഫി അനുഭവം തരുന്നതോടൊപ്പം വീഡിയോ റിക്കോഡിംഗിനും ഇതില്‍ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു.
കാനണ്‍ EOS M50
50,000 രൂപയ്ക്ക് താഴെയുള്ള ഏറ്റവും മികച്ച മിറര്‍ലസ് കാമറയെന്ന് പറയാം. ഇതില്‍ മികച്ച ഫോട്ടോയും വീഡിയോയും ഒരുപോലെ സാധ്യം. 4K UHD 24p വീഡിയോകള്‍ ഇതില്‍ ഷൂട്ട് ചെയ്യാം.
ഒളിമ്പസ് OM-D E- M1
പ്രൊഫഷണലുകള്‍ക്ക് തികച്ചും അനുയോജ്യമായ കാമറ. അതിവേഗ ഫോക്കസിംഗ് ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഷട്ടര്‍ സ്പീഡ് 1/8000 സെക്കന്‍ഡാണ്.
ഫുജിഫിലിം X PRO-1
മിറര്‍ലസ് കാമറകളില്‍ എക്കാലവും തിളങ്ങിനില്‍ക്കുന്ന താരം. ഡിഎസ്എല്‍ആറിനോട് കിടപിടിക്കുന്ന ഇമേജ് ക്വാളിറ്റി ഇവ തരുന്നു.
സോണി ആല്‍ഫ a6000
വേഗതയാണ് ഈ മോഡലിന്റെ സവിശേഷത. ഒറ്റ സെക്കന്‍ഡില്‍ 11 ചിത്രങ്ങളെടുക്കാം. പക്ഷെ ഭാരക്കുറവും വലുപ്പക്കുറവും കൊണ്ട് ഇത് നമ്മെ അമ്പരപ്പിക്കും.
ഇവയുടെ ഗുണങ്ങള്‍
- മിററും പെന്റാപ്രിസവും ഇല്ലാത്തതിനാല്‍ വളരെ ഭാരം കുറഞ്ഞവയാണ് മിറര്‍ലസ് കാമറകള്‍.
- അതിവേഗ ഫോക്കസിംഗ് സാധ്യമാക്കുന്നു.
- മികച്ച ഇമേജ് സ്റ്റെബിലൈസേഷന്‍
- ഡിഎസ്എല്‍ആറുകളെ അപേക്ഷിച്ച് വീഡിയോ റിക്കോഡിംഗിന് കൂടി പ്രാധാന്യം കൊടുത്തിരിക്കുന്നു.
- ഇവയുടെ പ്രവര്‍ത്തനം വളരെ ലളിതവും ചലിക്കുന്ന ആന്തരിക ഭാഗങ്ങള്‍ കുറവുമായതിനാല്‍ കൂടുതല്‍ക്കാലം ഈടുനില്‍ക്കാനും പരിപാലനച്ചെലവ് കുറയാനുമുള്ള സാധ്യത.