പ്രേംജി പറയുന്നു, വിപ്രോയുടെ ശ്രദ്ധ ഇനി ഈ 4 ടെക്നോളജികളിൽ

അഞ്ച് ദശകത്തിലേറെക്കാലം വിപ്രോയെ നയിച്ച അസീം പ്രേംജി സ്ഥാനമൊഴിയുമ്പോൾ ഇന്ത്യയിലെ ഈ മുൻനിര ഐറ്റി കമ്പനിയുടെ ഭാവി എന്താകുമെന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. എന്നാൽ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, ഐറ്റി മേഖലയിലെ ശക്തമായ സാന്നിധ്യമായി വളരാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്നാണ് പ്രേംജിയുടെ എജിഎമ്മിലെ പ്രഖ്യാപനങ്ങൾ വ്യക്തമാക്കിയത്.

ചെയർമാൻ എന്ന നിലയിൽ തന്റെ അവസാനത്തെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കവേ കമ്പനിയുടെ ഭാവി പദ്ധതികളെന്തൊക്കെയാണെന്ന് ജീവനക്കാരോടും ഓഹരിയുടമകളോടും പ്രേംജി വിവരിക്കുകയുണ്ടായി.

കമ്പനി നിക്ഷേപം നടത്തുന്നത് ഡിജിറ്റൽ, ക്ലൗഡ്, എഞ്ചിനീയറിംഗ് സർവീസസ്, സൈബർ സെക്യൂരിറ്റി എന്നീ നാല് മേഖലകളിലായിരിക്കുമെന്നാണ് പ്രേംജി അറിയിച്ചിരിക്കുന്നത്.

മാത്രമല്ല, ക്ലയന്റുകളുടെ ആവശ്യം കണക്കിലെടുത്ത് വിപ്രോയുടെ ഗ്രോത്ത് സ്ട്രാറ്റജികളെ നാല് പില്ലറുകളാക്കും. Business Re-imagination, Engineering Transformation and Modernization, Connected Intelligence, Trust എന്നിവയായിരിക്കും ആ നാല് പില്ലറുകൾ.

ആർട്ടിഫിഷ്യൽ എഞ്ചിനീറിംഗ് പോലുള്ള പുതു ടെക്നോളജികളിൽ ജീവനക്കാർ നൈപുണ്യം നേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 75 വർഷത്തെ പാരമ്പര്യമുള്ള വിപ്രോയുടെ 73 മത്തെ എജിഎം ആയിരുന്നു ഇത്.

വിപ്രോ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ പ്രേംജി ജൂലൈ 30ന് സ്ഥാനമൊഴിയും. എന്നിരുന്നാലും കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ തുടരും. അസിം പ്രേംജിയുടെ മകൻ റിഷാദ് പ്രേംജി എക്സിക്യൂട്ടീവ് ചെയർമാനാകും.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സാമ്പത്തിക ഫലമനുസരിച്ച് , 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കമ്പനിയുടെ ലാഭം 12.6 ശതമാനം ഉയർന്ന് 2,388 കോടിയിൽ എത്തിയിരുന്നു.

കൂടുതൽ വായിക്കാം: 53 വർഷം വിപ്രോയെ നയിച്ചു, ഇനി വിശ്രമം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it