അല്‍ഭുതങ്ങള്‍ ഒളിപ്പിച്ച് അലിബാബയുടെ ആദ്യ ഹോട്ടല്‍ തുറന്നു

ഭാവിയിലെ ഹോട്ടലുകള്‍ എങ്ങനെയായിരിക്കും? അതറിയാന്‍ ചൈനയില്‍ അലിബാബ ആദ്യമായി തുറന്നിരിക്കുന്ന പുതിയ ഹോട്ടലിലേക്ക് പോയാല്‍ മതി. ഇവിടെ ചെക്ക്-ഇന്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്താല്‍ മാത്രം മതി. 'ഫ്യൂച്വര്‍ ഹോട്ടല്‍' എന്നു വിളിക്കുന്ന ഫ്‌ളൈസൂ (FlyZoo) എന്ന ഹോട്ടല്‍ അലിബാബ സ്ഥാപിച്ചിരിക്കുന്നത് ചൈനയിലെ സെജ്യാംഗ് എന്ന പ്രവിശ്യയിലാണ്.

ഫേസ് റെക്കഗ്നീഷന്‍ സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. സാധാരണ ഹോട്ടലുകളില്‍ മുറിയുടെ വാതിലുകള്‍ തുറക്കാന്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഇവിടെ മുഖം കാണിച്ചാല്‍ മതി. വാതിലുകള്‍ തനിയെ അണ്‍ലോക്ക് ആകും. മുറിയിലുമുണ്ട് ഏറെ അല്‍ഭുതങ്ങള്‍.

വെളിച്ചം, ടെലിവിഷന്‍, കര്‍ട്ടണ്‍ എന്നിവയൊക്കെ നിയന്ത്രിക്കാന്‍ വെറുതെ അത് പറഞ്ഞാല്‍ മാത്രം മതി. ഇവിടെയുള്ളത് അലിബാബയുടെ വോയ്‌സ് ആക്റ്റിവേറ്റഡ് ഡിജിറ്റല്‍ അസിസ്റ്റന്റ്. ഭക്ഷണവും പാനീയങ്ങളുമെല്ലാം വിളമ്പാന്‍ റോബോട്ടുകളും. ഹോട്ടല്‍ ബുക്കിംഗും ചെക്ഔട്ടുമൊക്കെ മൊബീല്‍ ആപ്പിലൂടെയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ക്കൊന്നും മനുഷ്യര്‍ ആവശ്യമില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി മനുഷ്യര്‍ ചെയ്യേണ്ട ജോലികളെല്ലാം തന്നെ ഇവിടെ റോബോട്ടുകളെയും മെഷീനുകളെയും ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ സംവിധാനം വഴി ജീവനക്കാരുടെ എണ്ണം പകുതിയാക്കി കുറച്ചു. അതിലൂടെ മാനേജ്‌മെന്റ് തലത്തിലുള്ള തങ്ങളുടെ കാര്യക്ഷമത വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഹോട്ടലിന്റെ സി.ഇ.ഒ വാംഗ് കുന്‍ പറയുന്നു.

ഭാവിയിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെലുത്തുന്ന സ്വാധീനം എന്തായിരിക്കും എന്നതിന്റെ സൂചനയാണിത്. ചൈനയിലെ പല പരമ്പരാഗത മേഖലകളിലും നിര്‍മിത ബുദ്ധി കടന്നുചെല്ലുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it