റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ആമസോണ്‍, ആപ്പിള്‍, ഫെയ്‌സ്ബുക്ക്, ഗൂഗ്ള്‍; കണക്കുകള്‍ ഇങ്ങനെ

കോവിഡ് പ്രതിസന്ധിയിലും ലാഭം കൊയ്യുന്ന ടെക് ഭീമന്മാരുടെ ലാഭക്കണക്കുകള്‍ അറിയാം.

-Ad-

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലാഭം സ്വന്തമാക്കിയിരിക്കുകയാണ് ടെക് ഭീമരായ ആപ്പിള്‍, ആമസോണ്‍ എന്നിവര്‍. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചപ്പോള്‍ ഓണ്‍ലൈന്‍ വില്‍പ്പന കുതിച്ചുയര്‍ന്നതോടെ 26 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണ് ആമസോണ്‍ വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണിന്റെ ഓഹരികള്‍ ഇതിനെ തുടര്‍ന്ന് വ്യാപാരത്തില്‍ അഞ്ച് ശതമാനം ഉയര്‍ന്നിട്ടുണ്ട്. വരുമാനം 40 ശതമാനം ഉയര്‍ന്ന് 88.9 ബില്യണ്‍ ഡോളറിലെത്തി.ലോക്ക്ഡൗണ്‍ സമയത്ത് മറ്റ് കമ്പനികള്‍ നിലനില്‍പ്പിനായി ബുദ്ധിമുട്ടിയപ്പോള്‍ ആമസോണ്‍ 175,000 പേരെ നിയമിക്കുകയും സേവനങ്ങളുടെ ആവശ്യം കുതിച്ചുയരുകയും ചെയ്തിരുന്നു.

ആപ്പിള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ പ്രധാന ഉല്‍പന്നങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാന വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ആഗോള മാന്ദ്യവും മറ്റ് പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും ടെക്‌നോളജി ഭീമനായ ആപ്പിളിനും ഒന്നാം പാദ വരുമാനത്തില്‍ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. 59.7 ബില്യണ്‍ ഡോളര്‍ വരുമാനവും ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും വളര്‍ച്ചയും ആപ്പിള്‍ കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11% വളര്‍ച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ആരാംകോയുടേതിനേക്കാള്‍ വളര്‍ച്ചയായി ആപ്പിളിനെ വിപണി നിരീക്ഷകര്‍ സൂചിപ്പിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്കിന്റെ കഴിഞ്ഞ ത്രൈമാസ വരുമാന വളര്‍ച്ച 11 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക് ഓഹരികള്‍ 7 ശതമാനം ഉയര്‍ന്നു. ഇത് എക്കാലത്തെക്കാളും മന്ദഗതിയിലുള്ള വളര്‍ച്ചയാണെങ്കിലും വിദഗ്ധരുടെ പ്രവചനങ്ങളേക്കാള്‍ മൂന്നു ശതമാനം കൂടുതല്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടാം പാദത്തില്‍ ഫെയ്സ്ബുക്കിന്റെ പരസ്യ വില്‍പ്പന 10 ശതമാനം ഉയര്‍ന്ന് 18.3 ബില്യണ്‍ ഡോളറിലെത്തി. പ്രതിമാസ സജീവ ഉപയോക്താക്കള്‍ 2.7 ബില്യണായി ഉയര്‍ന്നിട്ടുമുണ്ട്.

-Ad-

ആമസോണിനോടും ആപ്പിളിനോടും ചേര്‍ന്നു നിന്നില്ലെങ്കിലും മികച്ച വളര്‍ച്ചയാണ് ഈ സോഷ്യല്‍മീഡിയ ഭീമന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ആഡ് ക്യാന്‍സലിംഗ് കാമ്പെയ്ന്‍ പോലുള്ളവ വന്നില്ലായിരുന്നുവെങ്കില്‍ ഇനിയും മികച്ച അക്കങ്ങള്‍ ലാഭത്തില്‍ വന്നേനെ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഗൂഗ്ള്‍ മാപ്‌സ്, ഗൂഗ്ള്‍ സെര്‍ച്ച് ബാര്‍ എന്നിവ ഒരുപക്ഷെ അടുത്ത കാലത്ത് ഏറ്റവും ഉപയോഗപ്പെടുത്തിയത് ഈ കഴിഞ്ഞ കാലഘട്ടത്തിലായിരിക്കണം. ഗൂഗ്‌ളിന്റെ കണക്കുകളും ഇത്തരത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നുമുണ്ട്. കമ്പനി ലാഭം നേടിയില്ലെങ്കിലും കോവിഡ് മഹാമാരിയ്ക്കിടെ മാര്‍ച്ചില്‍ ഇടിവുണ്ടായതിന് ശേഷം ഗൂഗിളിന്റെ പരസ്യ വില്‍പ്പന വീണ്ടെടുത്തുവെന്ന് രക്ഷാകര്‍തൃ കമ്പനിയായ ആല്‍ഫബെറ്റ് വ്യാഴാഴ്ച വ്യക്തമാക്കി. രണ്ടാം പാദത്തില്‍ വരുമാനത്തില്‍ രണ്ട് ശതമാനം മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. വിദഗ്ധര്‍ നാല് ശതമാനം ഇടിവുണ്ടാകുമെന്ന് പറഞ്ഞിടത്താണ് ഇത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here