അന്ന് നായകൻ, ഇന്ന് വില്ലൻ!

12 വർഷങ്ങൾക്ക് മുൻപ് കാലിഫോർണിയയിൽ വെച്ച് സ്റ്റീവ് ജോബ്സ് ഐഫോൺ അവതരിപ്പിക്കുമ്പോൾ ലോകം വിസ്മയത്തോടെയാണ് അതിനെ നോക്കിക്കണ്ടത്. അന്നുവരെ ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ സ്മാർട്ട്ഫോൺ ഡിസ്‌റപ്ഷനായിരുന്നു അത്.

അന്നുമുതൽ ആപ്പിൾ എന്ന ആഗോള ടെക്ക് ഭീമന്റെ വളർച്ചയെ നയിച്ചത് ഐഫോൺ ആയിരുന്നു. ജോബ്‌സിന് ശേഷം ടിം കുക്ക് എത്തിയപ്പോഴും പല രൂപത്തിൽ പല ഭാവങ്ങളിൽ ഐഫോൺ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിന്നു.

ഐഫോണിന്റെ മുന്നേറ്റം പിന്നീട് നിരവധി സ്മാർട്ട് ഫോൺ കമ്പനികളുടെ ഉദയത്തിലേക്ക് നയിച്ചു. മുൻപെങ്ങുമില്ലാത്ത വിധം മത്സരം കടുത്തു. മറ്റേതൊരു കമ്പനിയേയും പോലെ ആപ്പിളും മത്സരത്തിന്റെ ഫലങ്ങൾ തിരിച്ചറിയാൻ തുടങ്ങി.

ആപ്പിൾ സിഇഒ ടിം കുക്ക് കഴിഞ്ഞ ദിവസം നിക്ഷേപകർക്കും ജീവനക്കാർക്കും അയച്ച കുറിപ്പിൽ പ്രതിഫലിക്കുന്നതും ഈ തിരിച്ചറിവാണ്.

ആപ്പിളിന്റേത് പ്രീമിയം സെഗ്‌മെന്റിലുള്ള ഹൈ-സ്പെസിഫിക്കേഷൻ ഫോണുകളാണ്. അതുകൊണ്ടുതന്നെ വിലയും ഉയർന്നതാണ്. ഉയർന്ന ഇറക്കുമതി ചെലവും നാണയ വിനിമയ നിരക്കും കാരണം വില്പനക്കെത്തുമ്പോഴേക്കും സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത വിലയായിരിക്കും ഫോണിന്.

മാത്രമല്ല, ഉയർന്ന സ്‌പെസിഫിക്കേഷനുള്ള ഫോണുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കാൻ ഷവോമി പോലുള്ള കമ്പനികൾ മുന്നോട്ടു വന്നതോടെ എമർജിങ് മാർക്കറ്റുകളിൽ ഐഫോണിന് പ്രിയം കുറഞ്ഞു. പ്രത്യേകിച്ചും ഐഫോണിന് ധാരാളം അപരന്മാരുള്ള ചൈനയിൽ.

ഈയൊരു കാരണത്താൽ ആദ്യ പാദത്തിലെ ആപ്പിളിന്റെ വരുമാനം കുറഞ്ഞിരിക്കുകയാണെന്നാണ് കുക്ക് കുറിപ്പിൽ അറിയിച്ചത്. "മുൻപ് പ്രവചിച്ച പോലുള്ള വരുമാനം കമ്പനിക്ക് നേടാൻ സാധിക്കില്ല. ലോകത്താകെമാനമുള്ള വരുമാനത്തിൽ 100 ശതമാനത്തിലധികം ഇടിവ് ഉണ്ടാകാൻ കാരണം ഐഫോണിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ്. ചൈനയിലാണ് ഇതേറ്റവും പ്രകടം," കുക്ക് പറഞ്ഞു.

വരുമാന മുന്നറിയിപ്പിന് പിന്നാലെ ആപ്പിളിന്റെ ഓഹരിവില ഇടിഞ്ഞത് 10 ശതമാനമാണ്.

അതേസമയം കമ്പനിയുടെ വെയ്‌റെബിൾസ്, മാക്, ഐപാഡ് എന്നിവ രണ്ടക്ക വളർച്ചയാണ് ഈ കാലയളവിൽ നേടിയത്. യുഎസ്, കാനഡ, മെക്സിക്കോ, ജർമനി, ഇറ്റലി തുടങ്ങിയ വടക്കൻ യുറോപ്യൻ രാജ്യങ്ങൾ, കൊറിയ, വിയറ്റ്നാം മേഖലകൾ അടങ്ങുന്ന ഏഷ്യ-പെസഫിക് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ആപ്പിളിന് ഇപ്പോഴും ശക്തമായ സാന്നിധ്യമുണ്ട്.

ചൈനയിലേതിന് സമാനമായ അവസ്ഥയാണ് ഇന്ത്യയിലും. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രീമിയം ഫോൺ എന്ന സ്ഥാനം ഈയിടെ വൺ പ്ലസ് തട്ടിയെടുത്തു. ഐഫോണിന് ഇന്ത്യയിൽ തീപിടിച്ച വിലയാണെന്നുള്ളതാണ് ഇതിനൊരു കാരണം. ഇതേ സ്പെസിഫിക്കേഷനുകൾ ഉള്ള ഫോണുകൾ കൈയ്യിലൊതുങ്ങുന്ന വിലക്ക് കിട്ടുമെന്നതാണ് കൂടുതൽ പേരേയും ഐഫോൺ ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നത്.

ഭാവിയിൽ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചാൽ ആപ്പിളിന് ഒരുപക്ഷെ ഐഫോണിന്റെ വില കുറച്ചുകൂടി ആകർഷകമാക്കാനായേക്കും.

Related Articles
Next Story
Videos
Share it