ഇന്ത്യയില്‍ ഐഫോണ്‍ വില്‍പ്പനയില്‍ വലിയ കുതിപ്പെന്ന് ആപ്പിള്‍

ഡിസംബര്‍ പാദത്തില്‍ ഇന്ത്യയില്‍ ഐഫോണ്‍ വില്‍പ്പനയില്‍ ഇരട്ട അക്ക വര്‍ധന രേഖപ്പെടുത്തിയ നേട്ടവുമായി ടെക് ഭീമനായ ആപ്പിള്‍. ഐപാഡുകളുടെ ശക്തമായ ഡിമാന്‍ഡും രാജ്യത്തുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ആഗോളാടിസ്ഥാനത്തില്‍ കമ്പനി കൈവരിച്ച ത്രൈമാസവരുമാനം 91.8 ബില്യണ്‍ ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം വര്‍ധന. അറ്റാദായം എക്കാലത്തെയും ഉയര്‍ന്ന തുകയായ 22 ബില്യണ്‍ ഡോളറിലെത്തി.

ഈ പാദത്തിലെ വരുമാനത്തിന്റെ 61 ശതമാനം അന്താരാഷ്ട്ര വില്‍പ്പനയില്‍ നിന്നാണ്. യുഎസ്, യുകെ, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ നിരവധി വികസിത വിപണികളില്‍ ആപ്പിള്‍ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി. ബ്രസീല്‍, ചൈന, ഇന്ത്യ, തായ്‌ലന്‍ഡ്, തുര്‍ക്കി എന്നിവിടങ്ങളിലെ ശക്തമായ പ്രകടനങ്ങളുടെ ഫലമായി വികസ്വര വിപണികളിലും ഇരട്ട അക്ക വളര്‍ച്ച നേടിയതായി ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.

ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് തുടങ്ങിയ മോഡലുകളുടെ അസാധാരണമായ ഡിമാന്‍ഡ് കാരണം ഡിസംബര്‍ പാദത്തില്‍ ഐഫോണുകളില്‍ നിന്നുള്ള വരുമാനം എട്ട് ശതമാനം ഉയര്‍ന്ന് 56 ബില്യണ്‍ ഡോളറിലെത്തി.മെക്‌സിക്കോ, ഇന്ത്യ, തുര്‍ക്കി, പോളണ്ട്, തായ്‌ലന്‍ഡ്, മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ വിപണികളില്‍ ഐപാഡ് വളര്‍ച്ച കൈവരിച്ചെന്നും കുക്ക് അറിയിച്ചു. മാക് (ആപ്പിള്‍ പിസി), ഐപാഡ് എന്നിവ യഥാക്രമം 7.2 ബില്യണ്‍ ഡോളറും 6 ബില്യണ്‍ ഡോളര്‍ വരുമാനവും നേടി.

ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ കൂടതല്‍ ശ്രദ്ധ ചെലുത്തിവരികയാണ്. കഴിഞ്ഞ മാസങ്ങളില്‍, രാജ്യത്ത് ഉല്‍പ്പാദന ശ്രമങ്ങള്‍ ശക്തമാക്കി.

ആഭ്യന്തര വിപണിയിലും കയറ്റുമതിക്കുമായി കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ എക്‌സ്ആര്‍ ഉത്പാദനം ആരംഭിച്ചിരുന്നു. ആപ്പിളിന്റെ പങ്കാളിയായ സാല്‍കോമ്പും രംഗത്തുണ്ട്.ചെന്നൈയ്ക്കടുത്തുള്ള നോക്കിയയുടെ അടഞ്ഞുകിടക്കുന്ന ഫാക്ടറി ഇതിനായി ഏറ്റെടുത്തു. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാകുമെന്നും ചാര്‍ജറും മറ്റ് ഉപകരണങ്ങളും ഇവിടെ ഉല്‍പാദിപ്പിക്കാമെന്നും സാല്‍കോമ്പ് പ്രതീക്ഷിക്കുന്നു.

ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ വിലയിരുത്തല്‍ പ്രകാരം ഡിസംബര്‍ പാദത്തില്‍ ഇന്ത്യയില്‍ അതിവേഗം വളര്‍ന്ന ബ്രാന്‍ഡുകളിലൊന്നാണ് ആപ്പിള്‍.ഇന്ത്യയിലെ പ്രാദേശിക ഉല്‍പാദനത്തിലൂടെ വിലക്കുറവുണ്ടായതാണ് ഇതിന് കാരണം.'ഹോംപോഡ്' സ്മാര്‍ട്ട് സ്പീക്കറും ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നുണ്ട് ആപ്പിള്‍. ഫെബ്രുവരി അവസാനത്തോടെ ഇത് ഇന്ത്യയില്‍ ലഭ്യമാക്കുമെന്നാണു സൂചന.
19,900 രൂപ വിലയുള്ള ഹോംപോഡ് ഇന്ത്യന്‍ വിപണിയില്‍ ഗൂഗിള്‍ ഹോം, ആമസോണ്‍ എക്കോ തുടങ്ങിയ സ്മാര്‍ട്ട് സ്പീക്കറുകളുമായി മത്സരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it