അപ്പ്ഡേറ്റുകൾ നൽകി പഴയ മോഡലുകൾ  ഉപയോഗശൂന്യമാക്കുന്നു; സാംസംഗിനും ആപ്പിളിനും പിഴ 

നിങ്ങളുടെ കയ്യിലുള്ള പഴയ മോഡൽ ഫോണിന് അസാധാരണമാം വിധം അപ്ഡേറ്റുകൾ ലഭിച്ചാൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് വിദഗ്ധരോട് അഭിപ്രായം ചോദിക്കുന്നത് നന്നായിരിക്കും.

-Ad-

പ്രമുഖ ഫോൺ നിർമ്മാതാക്കളായ സാംസംഗും ആപ്പിളും അനാവശ്യ സോഫ്റ്റ് വെയർ അപ്പ്ഡേറ്റുകൾ നൽകി പഴയ മോഡൽ ഫോണുകളെ ഉപയോഗശൂന്യമാക്കുന്നെന്ന് പരാതി. ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യുമ്പോൾ ഉപയോഗിക്കാൻ സാധിക്കാത്ത വിധം ഫോണുകൾ വേഗത കുറഞ്ഞു പോകുന്നതാണ് ഇതിന് കാരണമായി ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.

സംഭവം അന്വേഷിച്ച ഇറ്റലിയിലെ ആന്റി ട്രസ്റ്റ് അതോറിറ്റി പരാതി  ശരിയാണെന്ന് കണ്ടെത്തി. തുടർന്ന് ആപ്പിളിന് 10 ദശലക്ഷം യൂറോയും (84 കോടിയോളം രൂപ) സാംസംഗിന് 5 ദശലക്ഷം യൂറോയും (42 കോടി രൂപ) പിഴ വിധിച്ചു.

പഴയ മോഡൽ ഫോണുകൾ ഉപയോഗിക്കുന്നവരെ അവ ഉപേക്ഷിച്ച് പുതിയത് വാങ്ങാൻ പ്രേരിപ്പിക്കാനാണ് കമ്പനികൾ ധാരാളം അപ്ഡേറ്റുകൾ നൽകിയത്. ഇത്തരം പ്രവണതകൾ അന്യായമാണെന്ന് കാണിച്ചാണ് പിഴ വിധിച്ചത്.

-Ad-

ഐഫോൺ 7 ന് വേണ്ടി ഡിസൈൻ ചെയ്ത ഐഒഎസ് അപ്ഡേറ്റ് ഐഫോൺ 6 ൽ ഉപയോഗിക്കാൻ കമ്പനി ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ 2014 മോഡലായ നോട്ട് 4 ൽ നോട്ട് 7 ന് വേണ്ടിയുള്ള ആൻഡ്രോയിഡ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ സാംസംഗും പ്രേരിപ്പിച്ചിരുന്നു.

അപ്പോഴൊന്നും ഇതുമൂലം ഫോണിന്റെ സ്പീഡ് കുറയുമെന്നോ മറ്റ് ഓപ്പറേറ്റിംഗ് പ്രശ്നങ്ങൾ ഉണ്ടാവുമെന്നോ ഉള്ള മുന്നറിയിപ്പ് കമ്പനികൾ നല്കിയിട്ടുമുണ്ടായിരുന്നില്ല.

ഇനി നിങ്ങളുടെ കയ്യിലുള്ള പഴയ മോഡൽ ഫോണിന് അസാധാരണമാം വിധം അപ്ഡേറ്റുകൾ ലഭിച്ചാൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ഈ രംഗത്തെ വിദഗ്ധരോട് അഭിപ്രായം ചോദിക്കുന്നത് നന്നായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here