ആപ്പുകളുടെ നിരോധനം; ചൈനീസ് കമ്പനികള്‍ക്ക് നഷ്ടമാകുക പ്രതിവര്‍ഷം 1500 കോടി രൂപ

ഡാറ്റ ചോരണവും സ്വകാര്യതാ ലംഘനവും ചൂണ്ടിക്കാട്ടി രാജ്യത്ത് നിരോധിച്ച 224 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് പ്രതിവര്‍ഷം നഷ്ടമാകുന്നത് 200 ദശലക്ഷം ഡോളര്‍ (ഏകദേശം 1500 കോടി രൂപ).ടിക് ടോക്, പബ്ജി മൊബീല്‍, യു സി ബ്രൗസര്‍, വി ചാറ്റ്, ഷെയര്‍ ഇറ്റ് തുടങ്ങിയ പ്രമുഖ ആപ്ലിക്കേഷനുകളെല്ലാം നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ പബ്ജിയുടെ വരുമാന നഷ്ടം മാത്രം 100 ദശലക്ഷം ഡോളര്‍ വരുമെന്നാണ് കണക്ക്.

ഓരോ രാജ്യങ്ങളില്‍ നിന്നുമുള്ള വരുമാനത്തിന്റെ കണക്ക് പബ്ജി പുറത്തു വിട്ടിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 80 മുതല്‍ 100 ദശലക്ഷം ഡോളര്‍ വരെ സമ്പാദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പബ്ജിയുടെ ആകെ വരുമാനത്തിന്റെ അഞ്ചു ശതമാനം മാത്രമേ ഇത് വരൂ എങ്കിലും രാജ്യത്തെ ആപ്പിന്റെ ഉപയോക്താക്കളുടെ ഭീമമായ എണ്ണം കണക്കിലെടുക്കുമ്പോള്‍ വന്‍ വളര്‍ച്ചാ സാധ്യതകളാണ് മുന്നിലുണ്ടായിരുന്നത്.

ആപ്ലിക്കേഷനിലൂടെയുള്ള വാങ്ങലുകളിലൂടെയാണ് ഇന്ത്യയില്‍ പബ്ജി വരുമാനം ഉണ്ടാക്കിയിരുന്നത്. പ്രമുഖ ബ്രാന്‍ഡുകളെല്ലാം തന്നെ ഡിജിറ്റല്‍ മേഖലയില്‍ സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ള കാര്യങ്ങള്‍ക്കായി ഇപ്പോള്‍ വന്‍തുക ചെലവിട്ടു തുടങ്ങിയിട്ടുണ്ട്. വലിയ ഉപഭോക്തൃ നിരയുള്ള പബ്ജിയടക്കമുള്ള നിരോധിത ആപ്ലിക്കേഷനുകള്‍ക്ക് വലിയ അവസരമായിരുന്നു ഇത്. ഇന്ത്യയിലെ വന്‍തോതിലുള്ള ഡൗണ്‍ലോഡുകളിലൂടെ ഇത്തരം ചൈനീസ് ആപ്പുകളുടെ വ്യാപാരമൂല്യവും ആഗോളതലത്തില്‍ ഉയര്‍ന്നിരുന്നു.

പൊതുവേ ഗെയ്മിംഗ് വരുമാനം യുഎസിനെയും ചൈനയേയും ജപ്പാനേയും ദക്ഷിണ കൊറിയയെുമൊക്കെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണ്. കാനഡ, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാത്രമായി 30 മുതല്‍ 50 ദശലക്ഷം ഉപയോക്താക്കളിലൂടെ 260 കോടി ഡോളറിലേറെ ഈ രംഗത്ത് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2019 ല്‍ 14750 കോടി ഡോളറായിരുന്നു ഗെയ്മിംഗ് ഇന്‍ഡസ്ട്രി നേടിയത്.
ഏകദേശം 930 ദശലക്ഷം ഡോളറിന്റേതാണ് (ഏകദേശം 6820 കോടി രൂപ) ഇന്ത്യന്‍ വിപണി. ഏകദേശം 30 കോടി ഗെയ്‌മേഴ്‌സ് രാജ്യത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ 85 ശതമാനവും മൊബീലില്‍ ഗെയിം കളിക്കുന്നവരുമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it