ഉത്തേജന പാക്കേജ് കിനാവു കണ്ട് വോഡഫോണ്‍, ഭാരതി എയര്‍ടെല്‍

ടെലികോം വകുപ്പിന്റെ കനിവും സഹായവും ലഭിക്കാത്തപക്ഷം ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങുമെന്ന നിലപാട് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് പരസ്യമാക്കിത്തുടങ്ങി. സര്‍ക്കാരില്‍ നിന്ന് സഹായം തേടുന്നതിന് പുറമെ തങ്ങളുടെ ഡാറ്റ സെന്ററുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കും വില്‍ക്കാനും കമ്പനി ശ്രമം നടത്തുന്നുണ്ട്. ഭാരതി എയര്‍ടെല്ലിന്റെ സ്ഥിതിയും ഏകദേശം ഇതു തന്നെ.

നിലവില്‍ രണ്ട് കമ്പനികളും തിരിച്ചടവില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ബാങ്കര്‍മാര്‍ പറഞ്ഞു. എന്നിരുന്നാലും ഭാവിയിലെ കടം തിരിച്ചടവ് ശേഷിയെക്കുറിച്ച് കനത്ത ആശങ്ക ഉയരുന്നുണ്ട്. വോഡഫോണ്‍ ഐഡിയയില്‍ ഇനി നിക്ഷേപം നടത്തില്ലെന്ന് സംയുക്ത സംരംഭ പങ്കാളിയായ ആദിത്യ ബിര്‍ള ഗ്രൂപ്പ് അറിയിച്ചിരുന്നു.
2019 സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയ 50,921 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇന്ത്യയിലെ ഏതൊരു കോര്‍പ്പറേറ്റും നേടിയ ഏറ്റവും ഉയര്‍ന്ന ത്രൈമാസ നഷ്ടമാണിത്. എയര്‍ടെല്‍ വരുത്തിവച്ച നഷ്ടം 23,045 കോടിയും.

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്് ഒരു ലക്ഷം കോടിയോളം രൂപയുടെ വായ്പ വിവിധ ബാങ്കുകളിലായുണ്ട്. ഇതിന് പുറമെയാണ് ലൈസന്‍സ് ഫീ, സ്‌പെക്ട്രം യൂസേജ് ചാര്‍ജ്, പലിശയും പിഴയും എന്നിവയടക്കം 44000 കോടി നല്‍കാന്‍ കമ്പനിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുകയില്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പിഴയും പലിശയും നികുതിയും ഒഴിവാക്കുന്നതിനു പുറമേ സ്‌പെക്ട്രം തുക അടയ്ക്കുന്നതിന് മൊറട്ടേറിയം കൂടി ഏര്‍പ്പെടുത്തണമെന്നാണ് കമ്പനിയുടെ ആവശ്യം.

സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അനുഭാവപൂര്‍ണ്ണമായ നടപടി പ്രതീക്ഷിക്കുന്നതായി കമ്പനി പറയുന്നുണ്ട്. കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ഇനി സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു.

ടെലികോം മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരയറ്റുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഉത്തേജന പാക്കേജ് ഉടന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തുവരുന്നുണ്ട്. സര്‍ക്കാര്‍ മൊബൈല്‍ കോളുകള്‍, ഡാറ്റ എന്നിവയ്ക്ക് കുറഞ്ഞ നിരക്ക് നിശ്ചയിക്കുമെന്നും ഇക്കാര്യത്തെക്കെുറിച്ച് ടെലികോം വകുപ്പ് സെക്രട്ടറിമാരുടെ സമിതി ആലോചിക്കുന്നുണ്ടെന്നുമാണ് സിഎന്‍ബിസി-ടിവി 18 റിപ്പോര്‍ട്ട് ചെയ്തത്. വ്യവസായത്തിലെ ദുര്‍ബലമായ അവസ്ഥ കണക്കിലെടുത്ത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരതി എയര്‍ടെല്‍ ഇന്ത്യയുടെ ദക്ഷിണേഷ്യ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റാല്‍ പറഞ്ഞു.

ഇന്ത്യയിലെ വോഡാഫോണിന്റെ സ്ഥിതി ഗുരുതരമാണെന്ന് സിഇഒ നിക്ക് റീഡ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വോഡാഫോണ്‍ ഇന്ത്യ വിടാന്‍ പോകുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യന്‍ ടെലികോം മേഖലയില്‍ 30 ശതമാനം വിപണി വിഹിതമുളള കമ്പനിയാണ് വോഡാഫോണ്‍ ഐഡിയ. വോഡാഫോണ്‍ അവരുടെ ഇന്ത്യന്‍ സംരംഭം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ രാജ്യത്തെ ടെലികോം വ്യവസായത്തെ അത് ഗുരുതരമായി ബാധിക്കുമെന്ന നിരീക്ഷണമാണ് പൊതുവേയുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it