‘വിദേശ നിര്‍മിത കംപ്യൂട്ടര്‍ വേണ്ട’: വ്യാപാര യുദ്ധം മുറുക്കി ചൈന

സര്‍ക്കാര്‍ ഓഫീസുകളിലെയും പൊതു സ്ഥാപനങ്ങളിലെയും വിദേശ നിര്‍മിത കംപ്യൂട്ടറും സോഫ്റ്റ് വെയറും നീക്കം ചെയ്യാന്‍ ഉത്തരവ്; യു.എസ് കമ്പനികള്‍ക്ക് കനത്ത തിരിച്ചടി

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ നടപടിക്ക് തിരിച്ചടിയേകി ചൈന. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും പൊതു സ്ഥാപനങ്ങളില്‍ നിന്നും വിദേശ നിര്‍മിത കംപ്യൂട്ടര്‍ ഉപകരണങ്ങളും സോഫ്റ്റ് വെയറുകളും നീക്കം ചെയ്യണമെന്ന് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടു.

ഉത്തരവനുസരിച്ച് മൂന്ന് കോടിയോളം ഉപകരണങ്ങള്‍ മാറ്റേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിദേശ സാങ്കേതിക വിദ്യയില്‍ നിന്നും അകലം പാലിക്കണം എന്ന് തരത്തിലുള്ള പരസ്യ നീക്കം ചൈനയുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത് ആദ്യമായാണ്. ഇതോടെ ചൈനയ്ക്ക് ആഭ്യന്തര ഉല്‍പ്പന്നങ്ങളെ മാത്രം ആശ്രയിക്കേണ്ടി വരും.ഈ വര്‍ഷം ആദ്യം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസില്‍ നിന്ന് ഇതിനായുള്ള പ്രാഥമിക ഉത്തരവ് വന്നതായി വിശകലന വിദഗ്ധര്‍ പറഞ്ഞു.

അമേരിക്കയും ചൈനയും തമ്മിലാരംഭിച്ച വ്യാപാരയുദ്ധം സാങ്കേതികവിദ്യാ ശീതയുദ്ധമായി മാറുകയാണിതോടെ. എച്ച്പി, ഡെല്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളെ വിഷമത്തിലാഴ്ത്തുന്ന ഉത്തരവ് നടപ്പാക്കാന്‍ മുന്നു വര്‍ഷമാണ് സമയമനുവദിച്ചിട്ടുള്ളത്.
ചൈനീസ് കമ്പനിയായ വാവേയുമായി വ്യാപാര ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും അമേരിക്കന്‍ കമ്പനികളെ വിലക്കിക്കൊണ്ട് മെയ് മാസത്തില്‍ ട്രംപ് ഭരണകൂടം ഉത്തരവിറക്കിയതിനെത്തുടര്‍ന്ന് ഗൂഗിള്‍,ഇന്റെല്‍, ക്വാല്‍കോം പോലുള്ള സ്ഥാപനങ്ങള്‍ കമ്പനിയുമായുള്ള ഇടപാടുകള്‍ മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

വിദേശ നിര്‍മിതമായ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പകരം ഉല്പന്നങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളി മറികടക്കാന്‍ ചൈനയ്ക്ക് എങ്ങനെ സാധിക്കുമെന്ന ചോദ്യം ഐ ടി മേഖല ഉയര്‍ത്തുന്നുണ്ട്.  ചൈനീസ് കമ്പനിയായ ലെനോവോയുടെ കംപ്യൂട്ടറുകളെ ആശ്രയിക്കുന്നതും വെല്ലുവിളിയാണ്. കാരണം ലെനോവോ കംപ്യൂട്ടറുകളിലെ പല ഭാഗങ്ങളും അമേരിക്കന്‍ നിര്‍മിതമാണ്.

അതേസമയം വാവേയ്ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് കമ്പനിയെ കാര്യമായി ബാധിക്കില്ലെന്നാണ് ചൈനയിലെ ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഹു ഷിജിന്‍ പറയുന്നത്. കാരണം ഏറെ വര്‍ഷങ്ങളായി ഇങ്ങനെ ഒരു സംഘര്‍ഷം നേരിടുന്നതിനായുള്ള പദ്ധതിയിലായിരുന്നു വാവേ.  അമേരിക്കയുടെ നിരോധനത്തെ തുടര്‍ന്ന് മൈക്രോ ചിപ്പ് നിര്‍മാണത്തിനായുള്ള ഗവേഷണങ്ങളും മുന്നോരുക്കങ്ങളും ചൂടുപടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈക്രോസോഫ്റ്റ് അതിന്റെ ചൈനീസ് സംയുക്ത സംരംഭത്തിലൂടെ 2017 ല്‍ വിന്‍ഡോസ് 10 ന്റെ ‘ചൈനീസ് ഗവണ്‍മെന്റ് പതിപ്പ്’ നിര്‍മ്മിച്ചെങ്കിലും, ചൈനീസ് സൈബര്‍ സുരക്ഷാ കമ്പനികള്‍ പറയുന്നത് സര്‍ക്കാര്‍ സംവിധാനം പൂര്‍ണ്ണമായും ചൈനീസ് നിര്‍മ്മിത ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറണം എന്നാണ്.കൈലിന്‍ ഒ.എസ്. എന്ന പേരില്‍ ചൈനയുടെ ആഭ്യന്തര ഓപ്പറേറ്റിംഗ് സിസ്റ്റം നലവിലുണ്ടെങ്കിലും കാര്യക്ഷമത തീരെ പോരെന്നതാണ് പ്രശ്‌നം.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, ആപ്പിളിന്റെ മാകോസ് തുടങ്ങിയ യുഎസ് നിര്‍മ്മിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കായാണ് മിക്ക സോഫ്റ്റ്വെയര്‍ വെണ്ടര്‍മാരും ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതെന്നതിനാല്‍ ആഭ്യന്തര ബദലുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണെന്നും വിശകലന വിദഗ്ധര്‍ പറയുന്നു.യുഎസ് ടെക്‌നോളജി കമ്പനികള്‍ ചൈനയില്‍ നിന്ന് പ്രതിവര്‍ഷം 150 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കുന്നുവെന്ന് ജെഫറീസ് വിശകലന വിദഗ്ധര്‍ കണക്കാക്കുന്നു, എന്നിരുന്നാലും അതില്‍ ഭൂരിഭാഗവും സ്വകാര്യമേഖല വാങ്ങുന്നവരില്‍ നിന്നാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here