Begin typing your search above and press return to search.
നിയമപരമാക്കിയ ശേഷം എല്‍ സാല്‍വദോറിലെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ കുറഞ്ഞെന്ന് ക്രിപ്‌റ്റോവെയില്‍
ഇടപാടുകള്‍ നിയമപരമായി അംഗീകരിച്ച ശേഷം എല്‍ സാല്‍വദോറില്‍ ബിറ്റ്‌കോയിന്‍ നിക്ഷേപങ്ങള്‍ കുറഞ്ഞെന്ന് ക്രിപ്‌റ്റോ വെയില്‍. mr.whale എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആരോപണം പുറത്തു വന്നത്. ക്രിപ്‌റ്റോ കറന്‍സികളുടെ വലിയൊരു പങ്ക് സ്വന്തമാക്കി വെച്ചിരിക്കുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ ആണ് ക്രിപ്‌റ്റോ വെയില്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. ജനങ്ങള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഉയര്‍ന്ന ട്രാന്‍സാക്ഷന്‍ ഫീസും കൈമാറ്റത്തിനെടുക്കുന്ന സമയവും ആണ് പ്രശ്‌നമായി ക്രിപ്‌റ്റോ വെയില്‍ ചൂണ്ടിക്കാണിക്കുന്നത്.
അതിനിടയില്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ക്കായി എല്‍സാല്‍വദോര്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഷിവോ വാലറ്റില്‍ നിന്ന് കറന്‍സികള്‍ കാണാതാവുന്നു എന്ന പരാതികള്‍ ഉയരുന്നുണ്ട്. നിരവിധി പേരാണ് തങ്ങളുടെ വാലറ്റില്‍ നിന്ന് ബിറ്റ് കോയിന്‍ നഷ്ടപ്പെട്ടെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. എന്നാല്‍ ജനങ്ങളുടെ പരാതിയോട് അധികാരികള്‍ പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം. നിലവില്‍ മൂന്ന് മില്യണോളം ആളുകള്‍ ഷിവോ വാലറ്റ് ഉപയോഗിക്കുന്നുണ്ട്. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് നിങ്ങളുടെ ഫണ്ടിന്റെ നിയന്ത്രണം നല്‍കിയാല്‍ ഇതാണ് സംഭവിക്കുകയെന്നും താന്‍ ഇക്കാര്യം മാസങ്ങള്‍ക്ക് മുമ്പെ സൂചിപ്പിച്ചതാണെന്നും മിസ്റ്റര്‍.വെയില്‍ ട്വീറ്റ് ചെയ്തു.
ബിറ്റ് കോയിനെ ലീഗല്‍ ടെന്‍ഡര്‍(പണമായി) അംഗീകരിച്ച ലോകത്തിലെ ഏക രാജ്യമാണ് എല്‍ സാല്‍വദോര്‍. ക്രിപ്‌റ്റോ കറന്‍സികളിലൂടെ രാജ്യത്ത് പുരോഗതി കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് നയീബ് ബുകെലെ അറിയിച്ചിരുന്നു. ബിറ്റ്‌കോയിന്‍ സിറ്റി നിര്‍മിക്കാനുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 15,00ന് അടുത്ത് ബിറ്റ്‌കോയിനുകള്‍ എല്‍ സാല്‍വദോര്‍ റിസര്‍വ് ആയി സൂക്ഷിച്ചിട്ടുണ്ട്.
Next Story
Videos