ബ്ലോക്‌ചെയ്ന്‍ വിപ്ലവം ഏതൊക്കെ മേഖലകളെ മാറ്റിമറിക്കും?

എന്താണ് ബ്ലോക്‌ചെയ്ന്‍? ലളിതമായി പറഞ്ഞാല്‍ ഒരു മാലയിലെ കണ്ണികള്‍ പോലെ വിവരങ്ങളെ കോര്‍ത്തിണക്കി സൂക്ഷിക്കുന്ന ഒരു ഡിജിറ്റല്‍ കണക്കുപുസ്തകമാണിത്. ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ റെക്കോര്‍ഡുകളാണ് ബ്ലോക്കുകള്‍ എന്ന് അറിയപ്പെടുന്നത്. ഇത്തരത്തില്‍ നിരവധി ബ്ലോക്കുകള്‍ ചേര്‍ന്ന് രൂപം കൊള്ളുന്ന ചങ്ങലയാണ് ബ്ലോക്‌ചെയ്ന്‍.

ഈ ഡാറ്റാബേസിലേക്ക് ചേര്‍ക്കപ്പെടുന്ന ഓരോ കാര്യവും അതിന് മുന്നില്‍ കൂട്ടിച്ചേര്‍ത്തവയുമായി ബന്ധപ്പെട്ട് കിടക്കും. അതിനാല്‍ വന്‍തോതില്‍ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും.

ബ്ലോക്‌ചെയ്ന്‍ വഴി ആയിരക്കണക്കിന് സെര്‍വറുകളില്‍ ഡാറ്റ ശേഖരിച്ചുവെക്കാനാകും. ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. നിരവധി പങ്കാളികള്‍ക്ക് ഇതിലേക്ക് ചേരാം. അവര്‍ക്ക് പരസ്പരം ഡാറ്റ പങ്കുവെക്കാനാകും. ഓരോ പങ്കാളിയും കൂട്ടിച്ചേര്‍ക്കുന്ന ഡാറ്റ മറ്റുള്ളവര്‍ക്ക് അപ്പപ്പോള്‍ കാണാനാകും.

എന്താണ് ഒരു കണക്കുപുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത? അത് വളരെ സുതാര്യമാണ് എന്നതുതന്നെ. വളരെ സുരക്ഷിതവും. ഇതില്‍ തിരുത്തലുകളോ കൃത്രിമ ഇടപെടലുകളോ സാധിക്കില്ലെന്നത് ഇതിന്റെ വിശ്വാസ്യത കൂട്ടുന്നു. ഒരു കേന്ദ്രീകൃത കമ്പ്യൂട്ടറിലല്ല ഡാറ്റ ഉള്ളത് എന്നതിനാല്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല. ശക്തമായ ഒരു വിവരശേഖരണ മാര്‍ഗമാണിത്. മാത്രമല്ല ഇതില്‍ ഇടനിലക്കാരില്ല.

പലപ്പോഴും ബിറ്റ്‌കോയ്‌നുകളുമായി ബന്ധപ്പെട്ടാണ് ബ്ലോക്‌ചെയ്ന്‍ എന്ന വാക്ക് ഉപയോഗിക്കുന്നത്. ബിറ്റ്‌കോയ്‌നുകളുടെ പ്രവര്‍ത്തനത്തിന് പിന്നിലുള്ള സാങ്കേതികവിദ്യയാണ് ബ്ലോക്‌ചെയ്ന്‍. എന്നാല്‍ അതുമാത്രമല്ല ബ്ലോക്‌ചെയ്‌നുകളുടെ ധര്‍മ്മം.

കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ലോകത്തെ കീഴ്‌മേല്‍ മറിക്കാന്‍ ഇന്റര്‍നെറ്റിന് കഴിഞ്ഞെങ്കില്‍ അടുത്ത 20 വര്‍ഷം കൊണ്ട് വിപ്ലവം സൃഷ്ടിക്കുന്നത് ബ്ലോക്‌ചെയ്ന്‍ ആയിരിക്കും. എന്നാല്‍ ഈ വിപ്ലവത്തിന് അധികം നാള്‍ കാത്തിരിക്കേണ്ടിവരില്ല, ഒരു പതിറ്റാണ്ടിനുള്ളില്‍ ഈ സാങ്കേതിക വിദ്യ ജീവിതത്തെ മാറ്റിമറിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സര്‍ക്കാര്‍ തലത്തില്‍ വിപ്ലവം സൃഷ്ടിക്കും

ലോകരാഷ്ട്രങ്ങളില്‍ ഭൂരിഭാഗവും ബിറ്റ്‌കോയ്‌നെ അംഗീകരിക്കുന്നില്ലെങ്കില്‍ കൂടി ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നീതി ആയോഗ് ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ ബ്ലോക്‌ചെയ്ന്‍ എന്ന ബ്ലോക്‌ചെയ്ന്‍ നെറ്റ് വര്‍ക് നടപ്പിലാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ്. ഇന്ത്യ ചെയ്‌നില്‍ ഓരോ പൗരന്റെയും ആധാറും ലിങ്ക് ചെയ്തിരിക്കും.

ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളില്‍ കൃത്രിമത്വം നടത്താനുള്ള സാധ്യതകളുണ്ടെങ്കില്‍ അവ ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യയിലേക്ക് മാറുന്നതോടെ അതിനുള്ള സാഹചര്യം ഇല്ലാതാകും. സുരക്ഷിതത്വം മുന്‍നിര്‍ത്തി വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ഈ സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തും.

പണമിടപാടുകള്‍ സുരക്ഷിതമാക്കും

ബാങ്കിംഗ് രംഗത്തും വലിയ മാറ്റങ്ങളായിരിക്കും ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ സൃഷ്ടിക്കുന്നത്. എസ്.ബി.ഐ അടക്കമുള്ള പല ബാങ്കുകളും ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവും സുരക്ഷിതമായ ക്രിപ്‌റ്റോഗ്രാഫി ഉപയോഗിച്ചിരിക്കുന്നതിനാല്‍ നിക്ഷേപകന്റെ ബാങ്ക് എക്കൗണ്ടുകള്‍ ഹാക്ക് ചെയ്തും പാസ് വേര്‍ഡ് തട്ടിയെടുത്തും നടത്തുന്ന ബാങ്ക് തട്ടിപ്പുകള്‍ ഇനി ബ്ലോക്‌ചെയ്ന്‍ സംവിധാനത്തില്‍ സംഭവിക്കില്ല.

നിലവിലെ സാഹചര്യത്തില്‍ ഓരോ ഇടപാടുകള്‍ നടത്തുമ്പോഴും അനേകം ലെഡ്ജറുകളില്‍ അത് രേഖപ്പെടുത്തേണ്ടിവരും. ഇത് സമയനഷ്ടവും പണനഷ്ടവും ഉണ്ടാക്കുന്നു. എന്നാല്‍ ആഗോളതലത്തില്‍ ഒരേയൊരു കണക്കുപുസ്തകം മാത്രമാണ് ഉള്ളതെങ്കിലോ? ഈ സങ്കീര്‍ണ്ണതകളെല്ലാം ഒഴിവാക്കാനാകും.
വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഫിനാന്‍സ്, റിയല്‍ എസ്റ്റേറ്റ്, ഷിപ്പിംഗ്, ആരോഗ്യപരിചരണം, മൊബീല്‍ ട്രാന്‍സാക്ഷന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ബ്ലോക്‌ചെയ്‌ന് സാധിക്കും.

കലാപരമായ മേഖലകളില്‍പ്പോലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ സാധിക്കും. വ്യാജമരുന്നുകളെ വിപണിയില്‍ നിന്ന് അകറ്റാനുള്ള പദ്ധതി നീതി ആയോഗ് അവതരിപ്പിക്കുന്നുണ്ട്.

മരുന്നുകളുടെ സീരിയല്‍ നമ്പര്‍, ലേബലിംഗ്, സ്‌കാനിംഗ് തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തുകയും മരുന്നുകള്‍ രോഗികളില്‍ എത്തുന്നത് വരെയുള്ള നിര്‍മാണ വിതരണ മേഖല ഈ സാങ്കേതികവിദ്യയുടെ കീഴില്‍ വരുന്നതോടെ വ്യാജമരുന്നുകളെ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കും. വ്യാജഡിഗ്രികള്‍ കണ്ടെത്തുന്നതിനും വിദ്യാഭ്യാസമേഖലയിലെ തട്ടിപ്പുകള്‍ തടയുന്നതിനും ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യയിലൂടെ സാധിക്കും.

ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യയില്‍ കേരളസര്‍ക്കാരും നിരവധി പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. മല്‍സ്യമേഖല, വാക്‌സിനേഷന്‍, പാല്‍ വിതരണം, വിള ഇന്‍ഷുറന്‍സ്, ജൈവകൃഷി തുടങ്ങിയ ഏഴ് മേഖലകളിലാണ് ഈ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഈ സാങ്കേതികവിദ്യയില്‍ നിരവധിപ്പേര്‍ക്ക് പരിശീലനം നല്‍കാനുള്ള പദ്ധതിയുമുണ്ട്.

കര്‍ഷകര്‍ക്ക് താങ്ങാകും

അശാസ്ത്രീയമായ കൃഷിരീതികള്‍ കൊണ്ടും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുകൊണ്ടും ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്ന വിഭാഗ മാണ് കര്‍ഷകര്‍. അവര്‍ക്ക് ആവശ്യമായ കൃഷി ഉപകരണങ്ങളോ ആവശ്യത്തിന് കൃഷിയിടമോ വിളവരുമാനമോ ഇല്ല. ഇവിടെയും ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താം. എത്യോപ്യയില്‍ മോയീ കോഫി എന്ന ബ്രാന്‍ഡ് ആണ് ലോകത്തെ ആദ്യത്തെ ബ്ലോക്‌ചെയ്ന്‍ ട്രേസബിള്‍ കോഫി അവതരിപ്പിച്ചത്. സുതാര്യത കൂട്ടുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം നല്‍കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം.

ആരോഗ്യമേഖലയില്‍

സര്‍ക്കാരിന്റെയോ സ്വകാര്യ കമ്പനികളുടെയോ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യയില്‍ ശേഖരിച്ചു വെച്ചാല്‍ ആര്‍ക്കും സേവനം നിഷേധിക്കാനാകില്ല. ഇവിടെ ഉപഭോക്താക്കളെ വേരിഫൈ ചെയ്യാന്‍ ആധാറുമായി ലിങ്ക് ചെയ്ത് ആധികാരികത ഉറപ്പിക്കാം. എല്ലാ മെഡിക്കല്‍ റെക്കോഡുകളും ബ്ലോക്‌ചെയ്‌നിലേക്ക് മാറ്റാം.

റിയല്‍ എസ്‌റ്റേറ്റ് രംഗം സുതാര്യമാകും

ഇന്ത്യയിലെ കോടതികളില്‍ സിവില്‍ കേസുകളില്‍ 70 ശതമാനത്തോളം വസ്തു തര്‍ക്കമാണ്. എന്നാല്‍ ബ്ലോക്‌ചെയ്ന്‍ സാങ്കേതികവിദ്യ വരുന്നതോടെ ഇത്തരം തര്‍ക്കങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടും. സ്ഥലകൈമാറ്റങ്ങള്‍ പൂര്‍ണ്ണമായും ഇതില്‍ രേഖപ്പെടുത്തുന്നതോടെ ഉടമസ്ഥത കൂടുതല്‍ സുതാര്യതമാകും. ആര്‍ക്കും രേഖകളില്‍ കൃത്രിമത്വം കാണിക്കാനാകില്ല. ബ്രോക്കര്‍മാര്‍ അടക്ക മുള്ള ഇടനിലക്കാര്‍ക്ക് സ്ഥാനമുണ്ടാകില്ല. എന്തിന് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് അഭിഭാഷകര്‍ക്കും ബാങ്കുകള്‍ക്കും പോലും ഉണ്ടായിരുന്ന സ്ഥാനങ്ങളില്‍ മാറ്റം വരും.

ഇടനിലക്കാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുന്നതോടെ വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ചെലവ് കുറയും.

Related Articles
Next Story
Videos
Share it