ജീവനക്കാരുടെ ക്ഷമത വർധിപ്പിക്കണോ? ‘കോബോട്ടുകൾ’ സഹായിക്കും 

ബിസിനസ് വളർച്ചയ്ക്ക് ഓട്ടോമേഷൻ രംഗത്തെ സാദ്ധ്യതകൾ ഉപയോഗിക്കാൻ ലക്ഷ്യമിടുന്ന സ്ഥാപനങ്ങൾക്ക് കോബോട്ടുകൾ ഒരു മുതൽകൂട്ടാണ്.

Cobots

ജീവനക്കാർക്ക് ജോലിയിൽ ശ്രദ്ധ കുറയുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ? എങ്കിലിതാ അവരുടെ ക്ഷമത വർധിപ്പിക്കാൻ പുതിയ സാങ്കേതിക വിദ്യ. തൊഴിലാളികൾക്കൊപ്പം നിന്ന് സഹപ്രവർത്തകരെപ്പോലെ ജോലി ചെയ്യുന്ന കോബോട്ടുകളാണ് ഇപ്പോൾ എസ്എംഇകളുടെ വിശ്വസ്തരായ  കൂട്ടാളികൾ.

ഡെൻമാർക്ക്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റോബോട്സ് എന്ന കമ്പനി അവതരിപ്പിക്കുന്ന  പുതിയ തരം റോബോട്ടുകളാണ് കോബോട്ടുകൾ (cobots) അഥവാ കൊളാബൊറേറ്റിവ് റോബോട്ടുകൾ. നിലവിൽ നിരവധി ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) കോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. ഏകദേശം 15 മുതൽ 22 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. ബിസിനസ് വളർച്ചയ്ക്ക് ഓട്ടോമേഷൻ രംഗത്തെ സാദ്ധ്യതകൾ ഉപയോഗിക്കാൻ ലക്ഷ്യമിടുന്ന സ്ഥാപനങ്ങൾക്ക് കോബോട്ടുകൾ ഒരു മുതൽകൂട്ടാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കോബോട്ടുകളുടെ പ്രവർത്തനം ഇൻഡസ്ട്രിയൽ റോബോട്ടുകളുടേതിനേക്കാൾ വളരെ വ്യത്യസ്തമാണ്. ഇൻഡസ്ട്രിയൽ റോബോട്ടുകൾ അടച്ച്കെട്ടിയ ക്യാബിനുകളിൽ ആണ് ജോലി ചെയ്യുക. അവയെ മനുഷ്യർക്കൊപ്പം നിർത്തുന്നത് സുരക്ഷിതമല്ല. അടുത്തകാലത്തു ഒരു കാർ നിർമാണ യൂണിറ്റിൽ റോബോട്ടിനിടയിൽ പെട്ട് ഒരു ജീവനക്കാരൻ മരിച്ചത് വലിയ വാർത്തയായിരുന്നു.

എന്നാൽ കോബോട്ടുകൾ മനുഷ്യർക്കൊപ്പം തന്നെ ജോലി ചെയ്യാൻ തക്ക വിധത്തിൽ തയാറാക്കിയതാണ്. അതുകൊണ്ട് തന്നെ സുരക്ഷിതവുമാണ്. ആവർത്തന വിരസതയുള്ള ജോലി ചെയ്യുമ്പോൾ മനുഷ്യന്റെ തലച്ചോറിനുണ്ടാകുന്ന ആയാസവും തളർച്ചയും കുറക്കാൻ കോബോട്ടുകൾ സഹായിക്കും.

ഏകദേശം 170 മില്യൺ ഡോളർ മൂല്യമുള്ള യൂണിവേഴ്സൽ റോബോട്സ് ഇന്ത്യയിലെ എസ്എംഇ വ്യവസായത്തിനായി കോബോട്ടുകളെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നൂറോളം ഇന്ത്യൻ  കമ്പനികൾക്കായി 400 കോബോട്ടുകളെ ഇതുവരെ നിർമിച്ച് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here