ബൈജൂസ് ആപ്പിലേക്ക് 3000 കോടിയുടെ നിക്ഷേപമെത്തി; കൊറോണ കാലത്തെ രണ്ടാമത്തെ വലിയ നിക്ഷേപം

രാജ്യത്തെ വലിയ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായ ബൈജൂസിലേക്ക് വീണ്ടും കോടികളുടെ നിക്ഷേപം. ഇത്തവണ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നത് റഷ്യ- ഇസ്രയേലി സംരംഭകനായ യൂറി മില്‍നേറില്‍ നിന്ന്. കൊറോണ കാലത്ത് കമ്പനിയിലേക്കെത്തുന്ന രണ്ടാമത്തെ വന്‍ നിക്ഷേപമാണിത്. 10 ബില്യണ്‍ ഡോളറിലേറെ മൂല്യമുള്ള കമ്പനിയാണ് മലയാളി സംരംഭകന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ്. ലോകത്ത് ഏറ്റവും മൂല്യമേറിയ എഡ്യൂടെക് സ്ഥാപനമെന്ന പേരും ബൈജൂസിന് സ്വന്തം.

ആഗോള ടെക്നോളജി നിക്ഷേപ സ്ഥാപനമായ മേരീ മീക്കേഴ്‌സ് ബോണ്ടില്‍നിന്ന് ബൈജൂസില്‍ നിക്ഷേപമെത്തിയതോടയാണ് 10.5 ബില്യണ്‍ ഡോളര്‍മൂല്യമുള്ള സ്ഥാപനമായി ബൈജൂസ് വളര്‍ന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈഗര്‍ ഗ്ലോബല്‍ ജനുവരിയില്‍ ബൈജൂസില്‍ 20 കോടി ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു.

2015 ഓഗസ്റ്റിലാണ് ബൈജൂസ് ലേണിംഗ് ആപ്പിന് തുടക്കമിട്ടത്.നാലാം ക്ലാസുമുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ചുകൊണ്ടാണ് ബൈജൂസ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയെന്നതാണ് ബൈജൂസ് ആപ്പിന്റെ ലക്ഷ്യം. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബൈജൂസ് ആപ്പ്.

പൊതുവെ പഠിക്കാന്‍ പ്രയാസമായ ശാസ്ത്ര, ഗണിത വിഷയങ്ങളെ മികച്ച രീതിയില്‍ ഗ്രാഫിക്‌സ് സംവിധാനത്തോടെ കുട്ടികളുമായി സംവദിക്കാന്‍ കഴിയുന്നതാണ് ആപ്പിന്റെ വിജയം. ആപ്പ് അവതരിപ്പിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ 80 ലക്ഷം പേരാണ് അത് ഡൗണ്‍ലോഡ് ചെയ്തത്. ലോക്ഡൗണില്‍ ആപ്പ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it