അമിത റേഡിയേഷനുള്ള ഫോണ്‍ ;സാംസങ്ങിനും ആപ്പിളിനുമെതിരെ യു.എസ് കോടതിയില്‍ കേസ്

ആരോഗ്യത്തിനു ഹാനികരമാകും വിധം ഉയര്‍ന്ന റേഡിയേഷന്‍ തരംഗങ്ങള്‍ വമിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്നുവെന്നാരോപിച്ച ടെക് ഭീമന്മാരായ ആപ്പിളിനും സാംസങ്ങിനുമെതിരെ അമേരിക്കന്‍ കോടതിയില്‍ ഹര്‍ജി. റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്‌നറ്റിക് ഫീല്‍ഡ്‌സ് സംബന്ധിച്ച് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള നിയമപരമായ പരിധി കവിയുന്ന ഫോണുകള്‍ ഇവര്‍ വില്‍ക്കുന്നതു തടണമെന്നതാണ് കാലിഫോര്‍ണിയയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലെ പ്രദാന ആരോപണം.

ആപ്പിളിന്റെ ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ എക്‌സ്, സാംസങ്ങിന്റെ ഗാലക്സി എസ് 8, ഗാലക്സി നോട്ട് 8 എന്നിവയുടെ പേരാണ് ഹര്‍ജിയില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുള്ളത്. ചിക്കാഗോ ട്രിബ്യൂണ്‍ നടത്തിയ അന്വേഷണത്തില്‍, ഐഫോണ്‍ 7 ല്‍ നിന്നുള്ള റേഡിയോ-ഫ്രീക്വന്‍സി റേഡിയേഷന്‍ തരംഗ പ്രസരണം നിയമപരമായ സുരക്ഷാ പരിധിയെക്കാള്‍ കൂടുതലാണെന്നും ആപ്പിള്‍ സ്വന്തം പരിശോധനയില്‍ നിന്ന് ഫെഡറല്‍ റെഗുലേറ്റര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇരട്ടിയാണെന്നും കണ്ടെത്തിയത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

' റേഡിയേഷന്‍ എക്‌സ്‌പോഷര്‍ സംബന്ധിച്ച് നിലവിലുള്ള അന്തര്‍ദ്ദേശീയവും ദേശീയവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്ന സുരക്ഷാ പരിധിയിലും വളരെ താഴെ വരുന്ന റേഡിയേഷനും ജീവജാലങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള നൂറുകണക്കിന് ശാസ്ത്രജ്ഞരുടെ പിന്തുണയോടെ അടുത്തിടെ നടന്ന നിരവധി ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്,'-ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.'വര്‍ദ്ധിച്ച ക്യാന്‍സര്‍ സാധ്യത, ജനിതക നാശ നഷ്ടങ്ങള്‍, പ്രത്യുല്‍പാദന വ്യവസ്ഥയുടെ ഘടനാപരവും പ്രവര്‍ത്തനപരവുമായ മാറ്റങ്ങള്‍, പഠനക്ഷമതാ നാശം, നാഡീവ്യൂഹ വൈകല്യങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകാം' .

നേരത്തെ, സ്പെസിഫിക് അബ്‌സോര്‍ഷന്‍ റേറ്റ് (എസ്എആര്‍) ഉള്‍പ്പെടെയുള്ള ആര്‍എഫ് എക്സ്പോഷര്‍ വിവരങ്ങള്‍ ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐഫോണ്‍ 7 പുറത്തിറങ്ങിയതോടെ കമ്പനി അത്തരം വിവരങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍,
തങ്ങള്‍ ബാധകമായ എല്ലാ എക്സ്പോഷര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിധികളും പാലിക്കുന്നുണ്ടെന്ന് ആപ്പിള്‍ പറഞ്ഞു. അതേസമയം, സാംസങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it