വാട്ട്‌സ്ആപ്പ് ചോര്‍ച്ച മുന്‍കൂട്ടി അറിഞ്ഞു: സിഇആര്‍ടി-ഇന്‍

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയും വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കപ്പെടുന്ന വിവരം ഔദ്യോഗിക ഏജന്‍സിയായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്‍കൂട്ടി അറിഞ്ഞിരുന്നതായും ഇതുമായി ബന്ധപ്പെട്ട് മൂന്നു ദിവസം മുമ്പേ മുന്നറിയിപ്പു നല്‍കിയിരുന്നതായും വെളിപ്പെടുത്തല്‍. അതേസമയം, ഇസ്രായേലിലെ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസാണ് ഹാക്കിംഗിന് ഉപയോഗിച്ചതെന്ന നിര്‍ണായക വിവരം ആ സമയം അറിഞ്ഞിരുന്നില്ലെന്നും ഇക്കാര്യം ആദ്യഘട്ടത്തില്‍ വാട്ട്സ്ആപ്പ് മറച്ചുവച്ചെന്നും സിഇആര്‍ടി-ഇന്‍ പറയുന്നു.

മെയ് 17 ന് ഹാക്കിംഗ് സംബന്ധിച്ച മുന്നറിയിപ്പ് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രസിദ്ധീകരിച്ചതായാണ് രാജ്യത്തെ നോഡല്‍ സൈബര്‍ സുരക്ഷ ഏജന്‍സിയായ സിഇആര്‍ടി-ഇന്‍ അവകാശപ്പെടുന്നത്. മെയ് മാസത്തിലെ രണ്ടാഴ്ചയാണ് ഈ ചാരപ്രവൃത്തികളും നിരീക്ഷണങ്ങളും ഒക്കെ നടന്നതെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കിയിരുന്നു. 17 ഇന്ത്യക്കാര്‍ അടക്കം 20 രാജ്യങ്ങളിലെ 1400 ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇസ്രായേലി എന്‍.എസ്.ഒ ചോര്‍ത്തിയെന്ന് വാട്‌സാപ്പ് അമേരിക്കന്‍ കോടതിയെ അറിയിച്ചത് മാസങ്ങള്‍ കഴിഞ്ഞാണ്. സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍,ആക്ടിവിസ്റ്റുകള്‍ എന്നിവരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വാട്ട്‌സ്ആപ്പിനോട് വിശദീകരണം തേടി.

അധികൃത സ്വഭാവമുള്ള സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ക്കു മാത്രമേ ഇതുവരെ തങ്ങള്‍ ലൈസന്‍സ് പ്രകാരം പെഗാസസ് സോഫ്റ്റ്വെയര്‍ നല്‍കിയിട്ടുള്ളൂ എന്നാണ് എന്‍എസ്ഒ അവകാശപ്പെടുന്നത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും മേല്‍ ചാരപ്പണി നടത്താന്‍ പെഗാസസ് സോഫ്റ്റ്വെയറിന്റെ സഹായം തേടിയത് ഇന്ത്യന്‍ ഏജന്‍സികള്‍ തന്നെയാണെന്ന വാദം ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖര്‍ ടാര്‍ഗെറ്റ് ചെയ്യപ്പെടുന്നു എന്ന നിഗമനം സൈബര്‍ അധിനിവേശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ സിറ്റിസണ്‍സ് ലാബ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ ഇത്തരത്തില്‍ ചാരപ്പണിക്ക് വിധേയമാക്കപ്പെട്ട ചിലരുടെ പേരുവിവരങ്ങളും സിറ്റിസണ്‍സ് ലാബ് പുറത്ത് കൊണ്ടുവന്നു. ഇങ്ങനെ ലക്ഷ്യമിടപ്പെട്ടവരില്‍ പലരും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നവരും മാധ്യമപ്രവര്‍ത്തകരും മറ്റുമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Babu Kadalikad
Babu Kadalikad  

Related Articles

Next Story
Share it