സ്മാര്‍ട്ട് ടൂത്ത് ബ്രഷ് മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഹ്യൂമന്‍ വരെ, ആദ്യദിനം ഇങ്ങനെയായാല്‍ വരാനിരിക്കുന്നതെന്ത്?

ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2020 വിജയകരമായ ഒന്നാം ദിനം പിന്നിടുകയാണ്. ലാസ് വേഗാസില്‍ നടക്കുന്ന ഷോ ആദ്യദിനം തന്നെ പുതുമയേറിയ കണ്ടുപിടുത്തങ്ങളുമായി കാണികളെ ഞെട്ടിച്ചിരിക്കുകയാണ്.

CES 2020ന്റെ ആദ്യദിനത്തില്‍ ശ്രദ്ധേയമായ സാങ്കേതികവിദ്യകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. നിയോണ്‍ എന്ന ഡിജിറ്റല്‍ അവതാര്‍

സാംസംഗിന്റ സ്റ്റാര്‍ ലാബ്‌സ് നിയോണ്‍ എന്ന ഡിജിറ്റല്‍ അവതാറിനെയാണ് അവതരിപ്പിച്ചത്. ഒരു യഥാര്‍ത്ഥ മനുഷ്യനെപ്പോലെ പെരുമാറുന്ന ഇതിനെ ആര്‍ട്ടിഫിഷ്യല്‍ ഹ്യൂമന്‍ എന്നാണ് കമ്പനി വിളിക്കുന്നത്. മനുഷ്യനെപ്പോലെ ഇതിനും ഒരു വ്യക്തിത്വമുണ്ട്, വികാരങ്ങളുണ്ട്. സാമ്പത്തിക ഉപദേശകനാകാന്‍ പോലും ശേഷിയുള്ള നിയോണിന്റെ യഥാര്‍ത്ഥ ലോകത്തുള്ള ബീറ്റ ടെസ്റ്റിംഗ് കമ്പനി ആരംഭിക്കുകയാണ്.

2. പല്ലുതേക്കാന്‍ സ്മാര്‍ട്ട് ടൂത്ത് ബ്രഷുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇതാ നമ്മുടെ വായില്‍ വരെ എത്തിയിരിക്കുന്നു. കോള്‍ഗേറ്റും ഓറല്‍ ബിയും സ്മാര്‍ട്ട് ടൂത്ത്ബ്രഷുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് കാണികളെ ആകര്‍ഷിച്ചത്. കോള്‍ഗേറ്റിന്റെ പ്ലാക്ക്‌ലെസ് പ്രോ ടൂത്ത്ബ്രഷ് പല്ലില്‍ പ്ലാക്ക് ഉണ്ടാകുന്നത് തടയുന്നു. iO എന്ന സ്മാര്‍ട്ട് ടൂത്ത് ബ്രഷാണ് ഓറല്‍ ബി അവതരിപ്പിച്ചത്. ഏഴ് ബ്രഷിംഗ് മോഡുകളുള്ള ഇതിന്റെ ചാര്‍ജ് 12 ദിവസം വരെ നീണ്ടുനില്‍ക്കുമത്രെ.

3. ഫ്രെയിമില്ലാത്ത ടിവി

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നമേഖലയിലെ വമ്പനായ സാംസംഗ് നിരവധി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് ഹോം പ്രോഡക്റ്റ്‌സ് മുതല്‍ എആര്‍ ഗ്ലാസ് വരെ നീളുന്നതാണ് ഇവരുടെ ഉല്‍പ്പന്നനിര. ഫ്രെയിമില്ലാത്ത 8കെ ടിവി, വലിയ സ്മാര്‍ട്ട്‌ഫോണ്‍ പോലെ തോന്നിക്കുന്ന റൊട്ടേറ്റിംഗ് ടെലിവിഷന്‍ തുടങ്ങിയവ അതരിപ്പിച്ചു.

4. എല്‍ജിയുടെ ചുരുട്ടാവുന്ന ടിവി

ഈ വര്‍ഷം അവസാനത്തോടെ എല്‍ജി തങ്ങളുടെ ചുരുട്ടാവുന്ന ടെലിവിഷന്‍ വിപണിയിലെത്തിക്കും. 65 ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍ വലുപ്പം. കഴിഞ്ഞ വര്‍ഷത്തെ CES ഷോയില്‍ കമ്പനി ഈ മോഡല്‍ അവതരിപ്പിച്ചിരുന്നു. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഈ ടെലിവിഷന്റെ സ്‌ക്രീന്‍ അപ്രത്യക്ഷമായി ഒരു സമചതുരത്തിലുള്ള ബോക്‌സിലേക്ക് പോകും.

5. സോണിയുടെ ഇലക്ട്രോണിക് കാര്‍

സോണിയില്‍ നിന്ന് ആരുമിത് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. വിഷന്‍ എസ് എന്ന കണ്‍സപ്റ്റ് ഇലക്ട്രോണിക് കാറുമായി സോണി എല്ലാവരെയും ഞെട്ടിച്ചു. കാറിനുള്ളിലും പുറത്തും വീക്ഷിക്കാന്‍ 33 സെന്‍സറുകളുമായാണ് ഈ കാര്‍ വരുന്നത്. വിശാലമായ സ്‌ക്രീനോട് കൂടിയ ഡിസ്‌പ്ലേകള്‍, പനോരമിക് സ്‌ക്രീന്‍, കണക്റ്റ്ിവിറ്റി തുടങ്ങിയ നിരവധി സവിശേഷതകളുണ്ട് ഇതിന്.

6. മടക്കാവുന്ന ലാപ്‌ടോപ്പുമായി ലെനോവ

ഫോള്‍ഡബിള്‍ ആയ 5ജി റെഡി ലാപ്‌ടോപ്പ് അടക്കമുള്ള ഉല്‍പ്പന്നങ്ങളാണ് ലെനോവ അവതരിപ്പിച്ചത്. ഡ്യുക്കാട്ടി 5 ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ടാബ് M10, സ്മാര്‍ട്ട് ഫ്രെയിം, ലെനോവ കണക്റ്റഡ് ഹോം സെക്യൂരിറ്റി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ചു. 873 ഗ്രാം മാത്രം ഭാരമുള്ള ലാവീ പ്രോ മൊബീല്‍ ലാപ്‌ടോപ്പും ലെനോവ പ്രദര്‍ശിപ്പിച്ചു.

7. സാംസംഗില്‍ നിന്ന് സ്മാര്‍ട്ട്‌ഹോം പ്രോഡക്റ്റ്‌സ്

ഒരു സാധാരണ മുറിയെ മൈക്രോ എല്‍ഇഡി ഡിസ്‌പ്ലേ ആക്കിമാറുന്ന മറ്റൊരു അല്‍ഭുതവും സാംസംഗ് ടെക് പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നു. ''ഇതൊരു ഉല്‍പ്പന്നമല്ല, പകരം ലോകത്തേക്കുള്ള നിങ്ങളുടെ ജനാലയാണ്'' എന്നാണ് പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് കമ്പനി പറയുന്നത്. ഇതുവഴി നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അവര്‍ ആ മുറിയില്‍ ഉള്ളതുപോലെ കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നു. ലോകത്തിലെ ഏത് കാര്യങ്ങളും സ്വന്തം മുറിയിലിരുന്ന് അനുഭവിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്.

8. ലോവോട്ട് എന്ന 'ക്യൂട്ടസ്റ്റ്' റോബോട്ട്

ഷോയില്‍ ഏറ്റവും ഓമനത്തം തുളുമ്പുന്ന രൂപവുമായി കാണികളുടെ വാല്‍സല്യം ഏറ്റുവാങ്ങിയ റോബോട്ടാണ് ലോവോട്ട്. ജാപ്പനീസ് റോബോട്ടിക്‌സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഗ്രൂവ് എക്‌സ് ആണ് ഇതിന് പിന്നില്‍. കെട്ടിപ്പിടിക്കാന്‍ ഏറെയിഷ്ടമുള്ള ഒരു കമ്പാനിയന്‍ റോബോട്ടാണിത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it