ഇ-കൊമേഴ്‌സ് നയത്തില്‍ മാറ്റം: ആമസോണില്‍ പല ഉല്‍പ്പന്നങ്ങളും ലഭ്യമല്ല

ഇ-കൊമേഴ്‌സ് രംഗത്ത് ഇന്നലെ മുതല്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നതോടെ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് അടക്കമുള്ള കമ്പനികള്‍ പ്രതിസന്ധിയില്‍. ബാറ്ററികള്‍, ഫോണ്‍ ആക്‌സറീസ്, സണ്‍ ഗ്ലാസ്, ഫ്‌ളോര്‍ ക്ലീനര്‍ തുടങ്ങിയ പല ഉല്‍പ്പന്നങ്ങളും ലഭ്യമല്ലാതായി.
ആമസോണിന്റെ തന്നെ ഉല്‍പ്പന്നമായി ഇക്കോ സ്പീക്കറുകള്‍ ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് മറ്റു പല സെല്ലറുകളില്‍ നിന്ന് ഉല്‍പ്പന്നം ലഭ്യമായിത്തുടങ്ങി.
എന്നാല്‍ ഇക്കോ സ്പീക്കറുകളുടെ വെയ്റ്റിംഗ് പീരിഡ് ഒരു മാസം വരെയായി. നേരത്തെ രണ്ട് ദിവസത്തിനുള്ളില്‍ ഇവ ലഭ്യമായിരുന്നു. ഓഫറുകളുമില്ല.
ഫെബ്രുവരി ഒന്ന് മുതല്‍ എഫ്.ഡി.ഐ വ്യവസ്ഥകള്‍ അനുസരിച്ച് ബിസിനസ് മോഡലില്‍ മാറ്റം വരുത്തണമെന്ന് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് കുറച്ചുകൂടി സമയം നല്‍കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അത് അനുവദിച്ചില്ല. വ്യാഴാഴ്ച മുതലാണ് ആമസോണില്‍ നിന്ന് ചില ഉല്‍പ്പന്നങ്ങള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്.
നയം നടപ്പിലാക്കാന്‍ നാല് മാസത്തെ സമയം ആമസോണും ആറ് മാസത്തെ സമയം വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്‌ളിപ്കാര്‍ട്ടും ചോദിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ നിയമം സര്‍ക്കാര്‍ നടപ്പാക്കുകയായിരുന്നു.