ജിയോ ഫൈബര്‍, എസിടി, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ ഡാറ്റാ പ്ലാനുകള്‍ താരതമ്യം ചെയ്യാം

ബ്രോഡ്ബാന്‍ഡ് വിപണിയില്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് റിലയന്‍സ് ജിയോ ഫൈബര്‍ വാണിജ്യപരമായി പ്രവര്‍ത്തനമാരംഭിച്ചതോടെ ഈ രംഗത്തു നിലവിലുള്ള മറ്റ് സേവന ദാതാക്കളുടെ പദ്ധതികളെക്കുറിച്ചും ഉപഭോക്താക്കള്‍ കൊണ്ടുപിടിച്ച അന്വേഷണത്തിലാണ്. ജിയോ ഫൈബറിന്റെയും എയര്‍ടെല്‍ വി-ഫൈബര്‍, ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍, എസിടി ഫൈബര്‍നെറ്റ് എന്നിവയുള്‍പ്പെടെയുള്ള എതിരാളികളുടെയും ഡാറ്റാ പ്ലാനുകളുടെ വിവരങ്ങള്‍ താഴെ:

ജിയോ ഫൈബര്‍

ജിയോ ഫൈബര്‍ ഡാറ്റാ പ്ലാനുകളെ ബ്രോണ്‍സ് , സില്‍വര്‍ , ഗോള്‍ഡ് , ഡയമണ്ട് , പ്ലാറ്റിനം, ടൈറ്റാനിയം എന്നിങ്ങനെ തിരിച്ചിരിക്കുന്നു. സൗജന്യ വോയ്സ് കോളുകള്‍, വീഡിയോ കോളിംഗ്, ഗെയിമിംഗ്, ഹോം നെറ്റ്വര്‍ക്കിംഗ്, നോര്‍ട്ടണ്‍ ഉപകരണ സുരക്ഷ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ജിയോ ഫൈബര്‍ പ്രതിമാസ പ്ലാനുകള്‍. ജിയോ ഫൈബര്‍ ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം പ്ലാനുകളിലൂടെ വിആര്‍ എക്‌സ്പീരിയന്‍സ്, ഫസ്റ്റ് ഡേ-ഫസ്റ്റ് ഷോ ഓഫര്‍, വാര്‍ഷിക ഒടിടി ആപ്ലിക്കേഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

699 രൂപ വിലയുള്ള ജിയോ ഫൈബര്‍ ബ്രോണ്‍സ് പദ്ധതിയിലൂടെ ലഭിക്കുന്നത് 100 ജിബി ഡാറ്റയോടുകൂടിയ 100 എംബിപിഎസ് വേഗത. ജിയോ ഫൈബര്‍ സില്‍വര്‍ പ്ലാനില്‍ 200 ജിബി ഡാറ്റയോടുകൂടിയ 100 എംബിപിഎസ് സ്പീഡ് ലഭിക്കും. 849 രൂപയാണ് വില. 1,299 രൂപയുടെ ജിയോ ഫൈബര്‍ ഗോള്‍ഡ് പ്ലാനില്‍ 250 ജിബിപിഎസ് വേഗതയോടെ 500 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

2,499 രൂപ വരുന്ന ജിയോ ഫൈബര്‍ ഡയമണ്ട് പ്ലാനിനൊപ്പം ഉപയോക്താക്കള്‍ക്ക് 500 എംബിപിഎസ് വേഗതയും 1250 ജിബി ഡാറ്റയും ലഭിക്കും. ജിയോ ഫൈബര്‍ പ്ലാറ്റിനം പ്ലാന്‍ പരമാവധി 1 ജിബിപിഎസ് വേഗതയും 2500 ജിബി വരെ പരിധിയില്ലാത്ത ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന് 3,999 രൂപയാണ് വില. ജിയോ ഫൈബര്‍ ടൈറ്റാനിയം പ്ലാനാണ് ഏറ്റവും വിലയേറിയത് 8,499 രൂപ. ഇതില്‍, ഉപയോക്താക്കള്‍ക്ക് 1 ജിബിപിഎസ് വേഗതയില്‍ 5000 ജിബി ഡാറ്റ ഉപയോഗിക്കാം.

ജിയോ ഫൈബര്‍ പ്രതിമാസ പ്ലാനുകള്‍ വാര്‍ഷിക സബ്സ്‌ക്രിപ്ഷനുകളാക്കി മാറ്റാം. ഇതേ ഓഫറുകള്‍ ജിയോ ഫൈബര്‍ വാര്‍ഷിക പ്ലാനുകളുമായി ബണ്ടില്‍ ചെയ്തിട്ടുണ്ടെങ്കിലും 'സ്വാഗത ഓഫറിന്റെ' ഭാഗമായി കൂടുതല്‍ സൗജന്യങ്ങളുണ്ട്. ഓരോ ജിയോ ഫൈബര്‍ വാര്‍ഷിക പ്ലാനിനും ഒരു ജിയോ 4 കെ സെറ്റ്-ടോപ്പ് ബോക്‌സും ജിയോ ഹോം ഗേറ്റ്വേയും സൗജന്യമായി ലഭിക്കും. ജിയോ ഫൈബര്‍ ബ്രോണ്‍സ് പദ്ധതിക്ക് മ്യൂസ് 2 ബ്ലൂടൂത്ത് സ്പീക്കറും ജിയോ കണ്ടന്റ് വാര്‍ഷിക സബ്സ്‌ക്രിപ്ഷനും ലഭിക്കുന്നു.

ജിയോ ഫൈബര്‍ സില്‍വര്‍ പ്ലാനില്‍ ഒരു തമ്പ് 2 ബ്ലൂടൂത്ത് സ്പീക്കറും ഒടിടി അപ്ലിക്കേഷന്‍ വാര്‍ഷിക സബ്സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു. ജിയോ ഫൈബര്‍ ഗോള്‍ഡ് , ഡയമണ്ട് പ്ലാനുകളില്‍ 24 ഇഞ്ച് എച്ച്ഡി ടിവി ലഭിക്കുമ്പോള്‍ പ്ലാറ്റിനം വരിക്കാര്‍ക്ക് 32 ഇഞ്ച് എച്ച്ഡി ടിവി ലഭിക്കും. ജിയോ ഫൈബര്‍ ടൈറ്റാനിയം വരിക്കാര്‍ക്ക് 4 കെ ടിവി സൗജന്യമായിരിക്കും.

എസിടി ഫൈബര്‍നെറ്റ്

1 ജിബിപിഎസ് വേഗതയോടെ എസിടി ഫൈബര്‍നെറ്റ് ജിയോ ഫൈബറുമായി നേരിട്ട് മത്സരിക്കുന്നു. എങ്കിലും എസിടി ഫൈബര്‍നെറ്റ് 1 ജിബിപിഎസ് ബ്രോഡ്ബാന്‍ഡ് വേഗത ചെന്നൈയിലും ബെംഗളൂരുവിലും മാത്രമേ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുള്ളൂ. 2,999 രൂപ വിലയുള്ള ചെന്നൈ പ്രതിമാസ പ്ലാന്‍ 1 ജിബിപിഎസ് വേഗതയില്‍ 3000 ജിബിയുമായി വരുന്നു. 1 ജിബിപിഎസ് വേഗതയില്‍ 2500 ജിബി ഡാറ്റ 5,999 രൂപയ്ക്ക് ബെംഗളൂരുവിലെ എസിടി ഫൈബര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നു.
100 എംബിപിഎസ് , 150 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന ബ്രോഡ്ബാന്‍ഡ് പ്ലാനുകളും എസിടി ഫൈബര്‍നെറ്റിനുണ്ട്. ഡല്‍ഹിയില്‍, എസിടി സില്‍വര്‍ പ്രമോയുടെ വില 749 രൂപയാണ്, 100 എംബിപിഎസ് വേഗതയില്‍ 500 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 999 രൂപ വിലയുള്ള പ്ലാറ്റിനം പ്രമോ 150 എംബിപിഎസ് വേഗതയില്‍ 1000 ജിബി ഡാറ്റയും.

എയര്‍ടെല്‍ വി-ഫൈബര്‍

എയര്‍ടെല്‍ വി-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം 300 എംബിപിഎസ് വരെ ഡാറ്റ വേഗത വാഗ്ദാനം ചെയ്യുന്നുവെങ്കിലും 100 എംബിപിഎസ് വേഗതയ്ക്ക് കൂടുതല്‍ പ്ലാനുകളുണ്ട്. 100 എംബിപിഎസ് വേഗതയില്‍ 300 ജിബി ഡാറ്റ, പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, സീ 5, എയര്‍ടെല്‍ ടിവി സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ വാഗ്ദാനം ചെയ്ത് 1,099 രൂപയില്‍ എയര്‍ടെല്‍ വി-ഫൈബര്‍ ഡാറ്റ പ്ലാന്‍ ആരംഭിക്കുന്നു. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ മൂന്ന് മാസവും ആമസോണ്‍ പ്രൈം 12 മാസവുമാണ്. എയര്‍ടെല്‍ വി-ഫൈബറിന്റെ 300 എംബിപിഎസ് ഡാറ്റാ പ്ലാന്‍ 1,599 രൂപയാണ്, 600 ജിബി ഡാറ്റയുമുണ്ട്. 100 എംബിപിഎസ് വേഗതയില്‍ പരിധിയില്ലാത്ത ഡാറ്റ ഉപയോഗത്തിനായി എയര്‍ടെല്‍ വി-ഫൈബര്‍ 1,999 രൂപയ്ക്ക് വിഐപി ബ്രോഡ്ബാന്‍ഡ് പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്.

ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍

50 എംബിപിഎസില്‍ ആരംഭിച്ച് 100 എംബിപിഎസ് വരെ പോകുന്ന ബ്രോഡ്ബാന്‍ഡ് വേഗത ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ വാഗ്ദാനം ചെയ്യുന്നു.777 രൂപയാണ് 50 എംബിപിഎസ് വേഗതയും 500 ജിബി ഡാറ്റയുമുള്ള അടിസ്ഥാന പ്ലാനിന്റെ വില. 849 രൂപ വിലയുള്ള രണ്ടാമത്തെ ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ പ്ലാന്‍ 50 എംബിപിഎസ് വേഗതയില്‍ 600 ജിബി ഡാറ്റ നല്‍കും. 1,277 രൂപയുടെ ഭാരത് ഫൈബര്‍ ഡാറ്റാ പ്ലാന്‍ നല്‍കുന്നത് 750 ജിബി ഡാറ്റയും 100 എംബിപിഎസ് വേഗതയും. 2499 രൂപ, 4499 രൂപ, 5999 രൂപ പ്ലാനുകളില്‍ ഉപയോക്താക്കള്‍ക്ക് യഥാക്രമം 40 ജിബി, 55 ജിബി, 80 ജിബി വീതം ലഭിക്കും.

കൂടുതല്‍ ഡാറ്റാ ഉപഭോഗത്തിനായി ബിഎസ്എന്‍എല്‍ ഭാരത് ഫൈബര്‍ 100 എംബിപിഎസ് വേഗതയില്‍ പ്രതിദിനം 120 ജിബി 9999 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും വിലയേറിയ ഭാരത് ഫൈബര്‍ പ്ലാനിന് 16999 രൂപയാണ് വില. 100 എംബിപിഎസ് വേഗതയും പ്രതിദിനം 170 ജിബി ഡാറ്റയുമാണ് ഇതിലുള്ളത്.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it