' ഇന്ത്യക്കു നന്ദി ': വാവേ, ചൈന

ഇന്ത്യയിലെ 5 ജി സ്‌പെക്ട്രം പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചതില്‍ സര്‍ക്കാരിനു നന്ദി പറഞ്ഞ് ചൈനീസ് ടെലികമ്യൂണിക്കേഷന്‍ ഭീമന്‍ വാവേ. ഡിജിറ്റല്‍ ഇന്ത്യ പോലുള്ള സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സ്വാഗതാര്‍ഹമായ നീക്കമാണിതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സണ്‍ വീഡോംഗ് ട്വീറ്റ് ചെയ്തു.

അമേരിക്കയും രാജ്യത്തെ സുരക്ഷാ വിദഗ്ധരും പ്രകടിപ്പിച്ച ആശങ്കകള്‍ക്കിടയിലും മത്സര വിലനിര്‍ണ്ണയം ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് 5 ജി ട്രയലുകള്‍ക്കായി വാവേയെ അനുവദിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനു പിന്നിലെന്നു റിപ്പോര്‍ട്ടുണ്ട്.പരീക്ഷണഘട്ടത്തില്‍നിന്ന് ആരെയും മാറ്റിനിര്‍ത്തില്ലെന്ന് ടെലികോം മന്ത്രി രവിശങ്കര്‍പ്രസാദ് വ്യക്തമാക്കിയിരുന്നു.നോണ്‍-കോര്‍ മേഖലകളില്‍ വിലകുറഞ്ഞ ഉപകരണങ്ങള്‍ വിതരണം ചെയ്യാനുള്ള വാവേയുടെ ക്ഷമത മുതലാക്കാനുള്ള താല്‍പ്പര്യവും ഇന്ത്യയുടെ തീരുമാനത്തിനു പിന്നിലുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ 22-ാം വട്ട പ്രത്യേക പ്രതിനിധിചര്‍ച്ചയ്ക്കു പിന്നാലെയാണ് സ്പെക്ട്രം പരീക്ഷണത്തില്‍ വാവേയെയും ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചത്.പാകിസ്ഥാന്റെ നിക്ഷിപ്ത താല്‍പ്പര്യം അടിസ്ഥാനമാക്കി കശ്മീരിനെക്കുറിച്ചു ചൈന നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് മുതല്‍ ചൈന-ഇന്ത്യന്‍ ബന്ധത്തിലുണ്ടായ പുതിയ ഉലച്ചിലിനു മാറ്റം വരാനിടയാക്കുന്ന നീക്കം കൂടിയാണിത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്നു ചൂണ്ടിക്കാട്ടി യു.എസ്. നിരോധനമേര്‍പ്പെടുത്തിയതോടെ ആശങ്കയിലായ വാവേയ്ക്ക് ആശ്വാസമേകും ഈ നടപടി.

'വാവേയിലുള്ള വിശ്വാസം തുടരുന്നതില്‍ ഇന്ത്യന്‍ ഭരണകൂടത്തോട് നന്ദിപറയുന്നു. ഇന്ത്യന്‍ ടെലികോം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ നവീന സാങ്കേതികവിദ്യയ്ക്കും ഉന്നതനിലവാരമുള്ള ടെലികോം ശൃംഖലകള്‍ക്കും മാത്രമാണ് കഴിയുക. ഇന്ത്യയുടെ ദീര്‍ഘകാലനേട്ടങ്ങള്‍ക്കും ലോകത്തിന്റെ വാണിജ്യ വികസനത്തിനുമായി മികച്ച സാങ്കേതികവിദ്യ നല്‍കാനാകുമെന്ന പൂര്‍ണ വിശ്വാസമുണ്ട്. വാവേ എന്നും ഇന്ത്യയോട് പ്രതിജ്ഞാബദ്ധമായിരിക്കും' -വാവേയുടെ അന്താരാഷ്ട്ര മാധ്യമകാര്യ സീനിയര്‍ മാനേജര്‍ സിറിള്‍ ഷു പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it