ചൈന 5ജി യുഗത്തില്‍

നെറ്റ്‌വര്‍ക്ക് 50 നഗരങ്ങളില്‍ സജീവമായി; വാണിജ്യാടിസ്ഥാനത്തില്‍ സേവനം വരുന്നതിനുമുമ്പേ വരിക്കാരുടെ എണ്ണം 1 കോടി കവിഞ്ഞു

ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൂന്നു ടെലികോം കമ്പനികള്‍ 5ജി സര്‍വീസിന് തുടക്കം കുറിച്ചു. യുഎസ്, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍  ഈ വര്‍ഷം 5 ജി നെറ്റ്വര്‍ക്കുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് പുതു തലമുറ ടെലികോം സാങ്കേതികവിദ്യയില്‍ നേതൃസ്ഥാനം ലക്ഷ്യമിട്ടുള്ള ചൈനീസ് നീക്കം.

പൊതുമേഖലാ കമ്പനികളായ ചൈന മൊബൈല്‍, ചൈന യൂണികോം, ചൈന ടെലികോം എന്നിവയാണ് രാജ്യത്തുടനീളം 5ജി സര്‍വീസ് തുടങ്ങിയിട്ടുള്ളത്. 50 നഗരങ്ങളില്‍ സര്‍വീസ് നല്‍കിത്തുടങ്ങി. 86,000 ബേസ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം വരുന്നതിനു മുമ്പായിത്തന്നെ ഒരു കോടി കണക്ഷനുകള്‍ ആയിക്കഴിഞ്ഞു.128 യുവാന്‍ (1289 രൂപ) മുതല്‍ 599 യുവാന്‍ (6030 രൂപ) വരെയാണ് പ്രതിമാസ നിരക്ക്.

സാങ്കേതിക വിദ്യാ രംഗത്തെ മേല്‍ക്കോയ്മയ്ക്കായി യു.എസുമായി പോര് നിലനില്‍ക്കുന്നതിനിടെയാണ് 5ജിയിലേക്ക് ചൈന പ്രവേശിക്കുന്നത്.
ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പു തന്നെ 5ജിയില്‍ ഒരു കോടിയിലേറെ പേര്‍ വരിക്കാരായെന്ന് ടെലികോം കമ്പനികള്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം തുടക്കത്തോടെ ചൈനയിലെ 5ജി വരിക്കാരുടെ എണ്ണം പതിനേഴു കോടി കവിയുമെന്നാണ് കണക്കാക്കുന്നത്. 5 ജി വരിക്കാരിലെ മൂന്നിലൊന്നും ചൈനയിലായി മാറുമെന്നാണ് കണക്കാക്കുന്നത്. തൊട്ടു പിന്നില്‍ ദക്ഷിണ കൊറിയ എത്തുമ്പോള്‍ യു. എസ് മൂന്നാം സ്ഥാനത്തായിരിക്കുമെന്നും സാങ്കേതിക വിദ്യാ രംഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

4ജിയെക്കാള്‍ 20 – 100 മടങ്ങാണ് 5 ജി വേഗം. നിലവില്‍ ഏറ്റവും വേഗമുള്ള 4ജി എല്‍.ടി.ഇ. യുടേത് സെക്കന്‍ഡില്‍ 6-7 എം.ബി. ഡൗണ്‍ലോഡ് വേഗമാണ് .  5ജിയില്‍ ഇന്റര്‍നെറ്റിന് സെക്കന്‍ഡില്‍ ഒരു ജിബി മുതല്‍ രണ്ട് ജിബി വരെ വേഗമുണ്ടാകും. 3ജി കാലത്തിന്റെ തുടക്കത്തില്‍ ഒരു സാധാരണ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 26 മണിക്കൂര്‍ വരെ വേണമായിരുന്നു. 4ജി കാലത്ത് അതേ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ട സമയം ആറുമിനിറ്റായി കുറഞ്ഞു. എന്നാല്‍, 5ജിയിലെത്തുമ്പോള്‍ ആ സിനിമ 3.6 സെക്കന്‍ഡിനുള്ളില്‍ കൈയിലെത്തും.

അതേസമയം, 5ജി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. 11 വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് അമേരിക്കയും ദക്ഷിണ കൊറിയയും ലോകത്ത് ആദ്യമായി 5ജി സേവനം തുടങ്ങിയത്. മിനിയപ്പോളിസിലും ഷിക്കാഗോയിലും അമേരിക്ക 5ജിക്ക് തുടക്കം കുറിക്കാന്‍ നില്‍ക്കേ ഏതാനും മണിക്കൂറുകള്‍ മുമ്പ് ദക്ഷിണ കൊറിയ ആറ് സെലിബ്രിറ്റികള്‍ക്ക് 5ജി സേവനം നല്‍കി ഈ മേഖലയില്‍ ചരിത്രമെഴുതി തങ്ങളെന്ന് അവകാശപ്പെട്ടു. 5ജി പരീക്ഷണം നടക്കുന്ന രാജ്യങ്ങളില്‍ റേഡിയേഷന്‍ ഭീതി നിലനില്‍ക്കുന്നുണ്ട്. പ്രതിഷേധം മൂലം പല സ്ഥലങ്ങളിലും പരീക്ഷണം നിര്‍ത്തിവെച്ചു. അതിനിടെയാണ് 5ജി അടിസ്ഥാന വികസനത്തില്‍ ബഹുദൂരം മുന്നില്‍ പോയ ചൈനീസ് ഐ.ടി. ഭീമന്‍ വാവേക്കുമേല്‍ അമേരിക്കന്‍ ഉപരോധം വന്നത്. വാവേ വിവാദമായതോടെ സൈബര്‍ സുരക്ഷയും ചര്‍ച്ചാ വിഷയമായി. 5ജിക്ക് ചുറ്റും പലതരം ഭീതി പടരുന്നുണ്ട്.

ഇന്ത്യയില്‍ 5ജി നടപ്പാക്കാന്‍ 2017 ല്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. 2020-ല്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 5ജി സ്ട്രാറ്റജിയും പുറത്തിറക്കി. വിശദ പഠനത്തിനായി എ.ജെ. പോള്‍രാജിന്റെ നേതൃത്വത്തില്‍ ഒമ്പതംഗ 5ജി സ്റ്റിയറിങ് കമ്മിറ്റിയെ നിയോഗിച്ചു. 2025-ഓടെ ഏഴു കോടി 5ജി കണക്ഷനുകള്‍ രാജ്യത്ത് ഉണ്ടാകുമെന്നാണ് കരുതുന്നത്. 2035-ഓടെ 1 ട്രില്യണ്‍ ഡോളറിന്റെ ബിസിനസും പ്രതീക്ഷിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here