തെങ്ങിന്‍ തൈകള്‍ക്കും ക്യൂ.ആര്‍ കോഡ്

കാസര്‍കോട് കേന്ദ്രമായുള്ള സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.പി.സി.ആര്‍.ഐ) തെങ്ങിന്‍തൈകള്‍ക്കും ക്യൂ.ആര്‍ കോഡ് നല്‍കിത്തുടങ്ങി. വ്യാജതൈകള്‍ വാങ്ങി കര്‍ഷകര്‍ വഞ്ചിക്കപ്പെടാതിരിക്കാനുള്ള മാര്‍ഗമാണിത്.

തെങ്ങിന്‍ തൈകളുടെ ഗുണനിലവാരം കര്‍ഷകന് നേരിട്ട് മനസിലാക്കിയ ശേഷം മാത്രം വാങ്ങാനുള്ള സംവിധാനമാണ് ഈ ക്യൂ.ആര്‍ കോഡ് . ഒപ്പം ഒരു ആല്‍ഫാ ന്യൂമറിക് പാസ് വേഡും നല്‍കുന്നുണ്ട്. ആര്‍ക്കാണോ തെങ്ങിന്‍തൈ ആവശ്യമുള്ളത് അയാള്‍ക്ക് മാത്രമേ പാസ്വേഡ് കൊണ്ട് സുരക്ഷിതമാക്കിയ തൈകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുകയുള്ളു.

ഗ്രാഫ്റ്റിങ്ങിലൂടെയും ബഡ്ഡിങ്ങിലൂടെയും ടിഷ്യുകള്‍ച്ചര്‍ രീതിയിലൂടെയും ഉല്‍പാദിപ്പിച്ച തൈകള്‍ തിരിച്ചറിയാനാണ് ക്യു ആര്‍ കോഡ് ഉപയോഗിക്കുന്നത്. അതുപോലെ പഴവര്‍ഗങ്ങളുടെ തൈകള്‍ക്കും മറ്റ് നാണ്യവിളകള്‍ക്കും കോഡ് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഏജന്‍സികളാണ് തൈകള്‍ വിതരണം ചെയ്യുന്നത് എന്ന വ്യാജേനയാണ് പലപ്പോഴും വ്യാജവിത്തുകളും തൈകളും കര്‍ഷകരില്‍ എത്തിക്കുന്നത്. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ കര്‍ഷകര്‍ക്ക് വളരെ പെട്ടെന്നുതന്നെ തേങ്ങയുടെ ഉറവിടവും ഏത് ഇനത്തില്‍ പെട്ട വിത്തുകളാണ് തങ്ങള്‍ ഉപയോഗിക്കുന്നതെന്നും മനസ്സിലാക്കാന്‍ കഴിയും.

ക്വിക്ക് റെസ്പോണ്‍സ് സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക് തെങ്ങിന്‍തൈകള്‍ എവിടെ ഉത്പാദിപ്പിച്ചതാണെന്നും ഗുണനിലവാരവും മനസിലാക്കാന്‍ കഴിയും. സി.പി.സി.ആര്‍.ഐ യുടെ കായംകുളം യൂണിറ്റില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച് തെങ്ങിന്‍തൈകള്‍ക്കും ഇത്തരം ക്യു ആര്‍ കോഡ് തയ്യാറാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കമ്മീഷണര്‍ ബി.എന്‍.എസ് മൂര്‍ത്തി ഈ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചതായി കാസര്‍കോട് സി.പി.സി.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് കെ.മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ വിളകളിലേക്ക് ക്യു.ആര്‍ കോഡ് സംവിധാനം കൊണ്ടുവരാനുള്ള പദ്ധതിയുണ്ട്.

1916 -ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കാസര്‍കോട് സ്ഥാപിച്ചതാണ് നാളീകേര ഗവേഷണ കേന്ദ്രം. പിലിക്കോട്, നീലേശ്വരം എന്നിവിടങ്ങളിലും ഗവേഷണ കേന്ദ്രങ്ങള്‍ വന്നു. 1970 -ലാണ് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രമായി മാറിയത്. ഒരു തെങ്ങില്‍നിന്ന് 200 തേങ്ങ ലഭിക്കുന്ന അവസ്ഥയിലേക്കെത്തിച്ചത് സി.പി.സി.ആര്‍.ഐയുടെ പ്രവര്‍ത്തനമാണെന്ന് കാര്‍ഷികരംഗത്തുള്ളവര്‍ പറയുന്നു.

1987 -ല്‍ രോഗപ്രതിരോധ ശേഷിയുള്ള തെങ്ങിനങ്ങളെ ഉത്പാദിപ്പിക്കാന്‍ ഇവര്‍ ശ്രമങ്ങളാരംഭിച്ചു. കല്‍പശ്രീയും കല്‍പരക്ഷയും ഇത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെട്ടവയാണ്. കല്‍പ സങ്കരയും ഇവര്‍ കണ്ടെത്തിയ പ്രതിരോധശേഷിയുള്ള ഇനമാണ്. വര്‍ഷംതോറും ഏകദേശം 15000 തൈകള്‍ കാസര്‍കോട് ഗവേഷണകേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. തെങ്ങിന്റെ എല്ലാ ഇനങ്ങളും പരിപാലിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. 19 അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചു. ഇതില്‍ ആറ് ഹൈബ്രിഡ് ഇനങ്ങളുണ്ട്. അതുപോലെ കവുങ്ങിന്റെ 10 ഇനങ്ങളും ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഏഴ് അത്യുത്പാദനശേഷിയുള്ള കൊക്കോയുടെ ഇനങ്ങളും ഉണ്ട്.

വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, കല്‍പരസം എന്ന നീര, കോക്കനട്ട് ചിപ്സ് എന്നിങ്ങനെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇവര്‍ നിര്‍മിച്ചു. പശ്ചിമ ബംഗാളില്‍ നീര വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും സി.പി.സി.ആര്‍.ഐ നടത്തുകയുണ്ടായി. ഒന്നര അടി ഉയരത്തിലെത്തിയാല്‍ അടക്ക പറിക്കാന്‍ കഴിയുന്ന കുള്ളന്‍ കവുങ്ങിനെ സി.പി.സി.ആര്‍.ഐ വികസിപ്പിച്ചു. നാടന്‍ കവുങ്ങും കുറിയ ഇനമായ സുമംഗളയും സംയോജിപ്പിച്ചാണ് വി.ടി.എന്‍.എ.എച്ച് ഒന്ന് എന്ന ഇനം ഉണ്ടാക്കിയത്. നാടന്‍ ഇനവും മോഹിത്നഗര്‍ ഇനവും തമ്മില്‍ സംയോജിപ്പിച്ചാണ് വി.ടി.എന്‍.എ.എച്ച് രണ്ട് വികസിപ്പിച്ചെടുത്തത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കര്‍ണാടകയിലെ വിട്ല കേന്ദ്രത്തിലാണ് ഇവ ഉണ്ടാക്കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it