രണ്ടാഴ്ചയില്‍ രാജ്യത്ത് വിറ്റഴിച്ചത് രണ്ടിരട്ടി വൈഫൈ ഡോങ്കിളുകള്‍; 'വീട്ടിലിരിക്കല്‍' ഡിജിറ്റല്‍ വിപണിക്ക് വളമാകുന്നു

രാജ്യത്ത് കോവിഡ് ഭീതിയോടനുബന്ധിച്ച് വര്‍ക്ക് ഫ്രം ഹോം ട്രെന്‍ഡ് ആയതോടെ വൈഫൈ ഡോങ്കിളുകളും നെറ്റ് കണക്ഷനുള്ള അനുബന്ധ സാമഗ്രികളും ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നതായി കണക്കുകള്‍. രണ്ടാഴ്ചയില്‍ രാജ്യത്ത് പുതുതായി എടുത്ത നെറ്റ് കണക്ഷനുകള്‍ രണ്ടിരട്ടിയായതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഡോങ്കിളുകള്‍, വൈഫൈ റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളുടെ വില്‍പ്പനയും വര്‍ധിച്ചതായി മേഖലയിലുള്ളവര്‍ പറയുന്നു.

ഇന്ത്യയില്‍ നിലവില്‍ 17 ദശലക്ഷം ഹൗസ് കണക്ഷനുകളും 19 ദശലക്ഷം ഓഫീസ് കണക്ഷനുകളുമാണ് ബ്രോഡ്ബാന്‍ഡ് ആയി ഉള്ളത്. ഈ 36 ദശലക്ഷം കൂടാതെ പുതുതായി ചേര്‍ന്നിരിക്കുന്ന വലിയൊരു വിഭാഗം കൂടെ വരുമ്പോള്‍ ടെലികോം കമ്പനികള്‍ക്ക് വന്‍ നേട്ടമാകുമെന്നും ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ ബ്രോഡ്ബാന്‍ഡ് പാക്കേജ് നിരക്കുകളും ഡിവൈസ് നിരക്കുകളും വര്‍ധിപ്പിക്കാനും ഇടയുണ്ടെന്നും ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തെക്കേ ഇന്ത്യയിലെ ഐടി ഹബ്ബുകളായ ബെംഗലുരുവിലും എറണാകുളത്തും ഡിജിറ്റല്‍ ഉപകരണങ്ങളുടെ വില്‍പ്പനയില്‍ ഇത് പ്രകടമാണ്. കഴിഞ്ഞ ദിവസം വിറ്റഴിക്കപ്പെട്ട വൈഫൈ ഉപകരണങ്ങള്‍ കഴിഞ്ഞ ത്രൈമാസത്തിലെ ഏറ്റവും വലിയ നിലയിലാണെന്നാണ് കൊച്ചിയിലെ പ്രമുഖ ഡിജിറ്റല്‍ ഹബ് ഉടമ പറയുന്നു.

എറണാകുളം, മറൈന്‍ ഡ്രൈവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മൊബൈല്‍ ആന്‍ഡ് ലാപ്‌ടോപ് സെന്റര്‍ സെയ്ല്‍സ് വിഭാഗം പറയുന്നത് കഴിഞ്ഞ ദിവസങ്ങളിലായി ബുക്ക് ചെയ്ത ലാപ്‌ടോപ്പുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കിലാണെന്നാണ്. മാത്രമല്ല ബജാജ് ഫിന്‍സെര്‍വ്, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് വഴി ഇവ വാങ്ങുവാന്‍ മുന്നോട്ടു വരുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സ്‌കൂള്‍ വേനലവധിയും പരീക്ഷകള്‍ മാറ്റിവെയ്ക്കലും മാത്രമല്ല, വീട്ടിലിരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും സാമൂഹ്യ ഇടപെടലുകള്‍ കുറയ്ക്കാനുള്ള ആഹ്വാനവുമെല്ലാം വരും ദിവസങ്ങളിലും ഈ വിപണിക്ക് കരുത്തു പകരുമെന്നാണ് സൂചന.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it