ഗൂഗിള്‍ സെര്‍ച്ച് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

എന്തിനും ഏതിനുമുള്ള ഉത്തരം നാം തേടുന്നത് ഗൂഗിളിലാണ്. ഭക്ഷണം പാചകം ചെയ്യാനും ഓണ്‍ലൈന്‍ ബാങ്കിംഗിനും മുതല്‍ അസുഖത്തിന് മരുന്ന് നോക്കാന്‍ വരെ ഗൂഗിള്‍ സെര്‍ച്ച് ചെയ്യുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ക്ക് ഇത്തരത്തില്‍ സെര്‍ച്ചിംഗ് നടത്തുന്നത് നമ്മെ അപകടത്തിലാക്കും. ഏതൊക്കെയാണ് നാം ഒഴിവാക്കേണ്ടത്?

1. ഓണ്‍ലൈല്‍ ബാങ്കിംഗ് വെബ്‌സൈറ്റുകള്‍ ഗുഗിള്‍ സെര്‍ച്ച് ചെയ്‌തെടുക്കരുത്

നിങ്ങളുടെ ബാങ്കിന്റെ വെബ്‌സൈറ്റുമായി സമാനത തോന്നുന്ന നിരവധി വ്യാജ സൈറ്റുകള്‍ ഓണ്‍ലൈനിലുണ്ട്. അതില്‍ കയറി യൂസര്‍ നെയ്മും പാസ്‌വേര്‍ഡുമൊക്കെ കൊടുത്താല്‍ തട്ടിപ്പിനിരയായേക്കാം. അതുകൊണ്ട് ബാങ്കിന്റെ ഔദ്യോഗിക യുആര്‍എല്‍ ടൈപ്പ് ചെയ്ത് കൊടുത്ത് ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്തുക.

2. മരുന്നുകളും രോഗലക്ഷണങ്ങളും

രോഗലക്ഷണങ്ങള്‍ നോക്കി മരുന്നുകള്‍ സെര്‍ച്ച് ചെയ്യാനുള്ള ഇടമല്ല ഗൂഗിള്‍. ഡോക്ടറെ കാണാതെ ഗൂഗിള്‍ തരുന്ന വിവരങ്ങള്‍ മാത്രം വെച്ച് മരുന്ന് വാങ്ങുന്നത് അപകടം സൃഷ്ടിക്കും.

3. ഡയറ്റ് ഗൂഗിളിനോട് ചോദിക്കേണ്ട

നമ്മില്‍ പലരും ഡയറ്റ്, ന്യൂട്രീഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കെല്ലാം ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. ഭാരം കുറയ്ക്കാനുള്ള ആവേശത്തില്‍ കീറ്റോ, ജിഎം തുടങ്ങിയ ഡയറ്റുകള്‍ സ്വീകരിച്ച് ആരോഗ്യം വഷളാക്കിയ ഒരുപാട് പേരുണ്ട്. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ആരോഗ്യത്തിനും അനുസരിച്ചുള്ള ഡയറ്റ് നിര്‍ദ്ദേശിക്കേണ്ടത് ഡയറ്റീഷ്യനാണ് എന്ന് ഓര്‍ക്കുക. അതുപോലെ പുതിയ വ്യായാമരീതികള്‍ തുടങ്ങുന്നതും ഡോക്ടറുടെയോ വിദഗ്ധരുടെയോ നിര്‍ദേശത്തോടെയാകണം. പ്രത്യേകിച്ച് വിവിധ രോഗങ്ങളുള്ളവര്‍.

4. കമ്പനികളുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍

വ്യാജ ബിസിനസ് ലിസ്റ്റിംഗുകള്‍ നടത്തി കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ചേര്‍ത്ത് ആളുകളെ പറ്റിക്കുന്നവര്‍ ഓണ്‍ലൈന്‍ ലോകത്ത് ഏറെയുണ്ട്.

5. സാമ്പത്തിക ഉപദേശം ചോദിക്കേണ്ട

ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിനും സാമ്പത്തിക കാര്യങ്ങളിലുള്ള ഉപദേശത്തിനുമൊക്കെ ഗൂഗിളിനെ ആശ്രയിക്കരുത്. ഒറ്റ ഇന്‍വസ്റ്റമെന്റ് പ്ലാന്‍ എല്ലാവര്‍ക്കും യോജിക്കണമെന്നില്ല. ആരോഗ്യം പോലെ ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതിയും സാമ്പത്തിക ആവശ്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവുമൊക്കെ വ്യത്യസ്തമായിരിക്കുമല്ലോ.

6. സോഷ്യല്‍ മീഡിയ ലോഗിന്‍ ഗൂഗിളിലൂടെ വേണ്ട

സോഷ്യല്‍ മീഡിയ എക്കൗണ്ടുകളില്‍ കയറാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ട് ലോഗിന്‍ ചെയ്യുന്ന രീതി ഒഴിവാക്കുക. അതിന് പകരം യുആര്‍എല്‍ നേരിട്ട് അഡ്രസ് ബോക്‌സില്‍ ടൈപ്പ് ചെയ്തുകൊടുക്കുക. വ്യാജ സൈറ്റുകളിലേക്ക് പോകാനുള്ള സാധ്യത ഉള്ളതുകൊണ്ടാണിത്.

7. ഓഫറുകള്‍ നോക്കി പോകരുത്

ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഓഫറുകള്‍ ഗൂഗിള്‍ സെര്‍ച്ചിലൂടെ നോക്കിപ്പോകുമ്പോള്‍ വ്യാജ സൈറ്റുകളിലായിരിക്കാം നിങ്ങള്‍ എത്തുന്നത്. അതുപോലെ ഡിസ്‌കൗണ്ട് ലഭിക്കാന്‍ കൂപ്പണ്‍ കോഡുകള്‍ക്കായും ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കാതിരിക്കുക. വ്യാജ സൈറ്റുകളില്‍ നിന്ന് ഉല്‍പ്പന്നം വാങ്ങാനായി ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്തുന്നത് എത്ര അപകടകരമാണെന്ന് ഓര്‍ത്ത് നോക്കൂ. നിങ്ങളുടെ ബാങ്ക് എക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ എളുപ്പത്തില്‍ തട്ടിപ്പുകാര്‍ക്ക് കിട്ടും.

8. പോണ്‍ സൈറ്റുകള്‍ നോക്കേണ്ട

ഗൂഗിളില്‍ പോണ്‍ സൈറ്റുകള്‍ തെരഞ്ഞാല്‍ പിന്നീട് ദുഖിക്കേണ്ട അവസ്ഥയുണ്ടാകാം. നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച് ആധാരമാക്കിയാണല്ലോ പോപ്പ് അപ്പ് പരസ്യങ്ങള്‍ വരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it