ഗൂഗിളിന് സ്വന്തം തട്ടകത്തിൽ 'പണി കൊടുക്കാൻ' ഒരു സ്റ്റാർട്ടപ്പ്

ഗൂഗിൾ എന്നാൽ സെർച്ച് എൻജിനുകളുടെ 'ദൈവ'മാണ്, തർക്കമില്ല. കഴിഞ്ഞ 20 വർഷത്തിനിടയിൽ പല വമ്പൻമാരും പൊരുതിതോറ്റു മടങ്ങിയതാണ് ഗൂഗിളിന്റെ സെർച്ച് എൻജിന് മുന്നിൽ. അവിടെയാണ് ഇപ്പോൾ ഒരു സ്റ്റാർട്ടപ്പ് 'കളി' തുടങ്ങിയിരിക്കുന്നത്.

ഫിലാഡൽഫിയയിൽ നിന്ന് 20 മൈൽ അകലെ ഒരു ചെറിയ കോട്ട പോലെ തോന്നിക്കുന്ന ഓഫീസാണ് ഗബ്രിയേൽ വെയ്ൻബെർഗിന്റേത്. കക്ഷിയാണ് ഇപ്പറഞ്ഞ സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ.

10 വർഷം മുൻപ് തുടങ്ങിയതാണെങ്കിലും ഇപ്പോഴാണ് നാലാളറിയുന്ന കമ്പനിയാവാൻ ഇതിന് കഴിഞ്ഞത്. ഗൂഗിളിനെ ഉന്നം വെക്കുന്ന വെയ്ൻബെർഗിന്റെ സെർച്ച് എൻജിന്റെ പേരാണ് ഡക്ക് ഡക്ക് ഗോ.

ഉപഭോക്താക്കളുടെ സ്വകാര്യത ഗൂഗിൾ പോലുള്ള കമ്പനികൾ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിലൂന്നിയാണ് വെയ്‌ൻബെർഗിന്റെ പ്രവർത്തനങ്ങൾ.

അതുകൊണ്ടുതന്നെ 'ഞങ്ങൾ നിങ്ങളെ ട്രാക്ക് ചെയ്യുന്നില്ല' എന്നതാണ് ഡക്ക് ഡക്ക് ഗോയുടെ പരസ്യവാചകം. ഗൂഗിൾ നിങ്ങളുടെ സ്വകാര്യതയിൽ എത്രമാത്രം കൈകടത്തുന്നുണ്ട് എന്ന് 'ഡക്ക് ഡക്ക് ഗോ' തങ്ങളുടെ ബ്ലോഗ് പോസ്റ്റുകളിലൂടെയും മറ്റും ചൂണ്ടിക്കാട്ടുന്നു. ഗൂഗിളിന്റെ ഒളിഞ്ഞിരിക്കുന്ന ട്രാക്കറുകൾ ബ്ലോക്ക് ചെയ്താണ് ഡക്ക് ഡക്ക് ഗോ പ്രൈവസി ഉറപ്പാക്കുന്നത്.

എന്തൊക്കെയായിട്ടും സെർച്ച് എൻജിൻ വഴിയുള്ള അന്വേഷങ്ങളിൽ ഡക്ക് ഡക്ക് ഗോയുടെ വിഹിതം വെറും 1 ശതമാനമാണ്. ഗൂഗിളിന് ഇത് 85 ശതമാനവും. 65 ജീവനക്കാരുള്ള കമ്പനി 13 മില്യൺ ഡോളറിന്റെ രണ്ട് ഫണ്ട് റൈസിംഗ് ഈയിടെ നടത്തി. ഗൂഗിൾ ഒരു മണിക്കൂറിൽ ഉണ്ടാക്കുന്ന വരുമാനത്തേക്കാളും കുറവാണിത്!

എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഡക്ക് ഡക്ക് ഗോ മൂന്നിരട്ടി വളർന്നെന്ന് ന്യൂയോർക്ക് ടൈംസ് ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ദിവസം 40 മില്യൺ സെർച്ചുകളാണ് ഡക്ക് ഡക്ക് ഗോ മാനേജ് ചെയ്യുന്നത്. കഴിഞ്ഞ ഓരോ അഞ്ചു വർഷത്തിലും ഡക്ക് ഡക്ക് ഗോ ലാഭം നേടിയിരുന്നു.

സെർച്ച് എൻജിൻ രംഗത്ത് പ്രവർത്തിക്കുന്ന മറ്റെല്ലാ കമ്പനികളുടേയും പോലെ ഇതിനും വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. 10 വർഷം ക്ഷമയോടെ കാത്തിരുന്നിട്ട് ഇപ്പോൾ കിട്ടിയിരിക്കുന്ന ചെറിയ വളർച്ച ആളുകൾക്ക് സ്വകാര്യത സംബന്ധിച്ച ആശങ്കകൾ കൂടുന്നതിന്റെ ലക്ഷണമാണെന്നാണ് വെയ്‌ൻബെർഗിന്റെ പക്ഷം. പ്രൈവസി സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള അജ്ഞത, നിലവിലെ സംവിധാനത്തിൽ നിന്ന് മാറാനുള്ള മടി എന്നിവ വളർച്ചയെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it