ത്വക്കിനടിയിലെ ‘മൈക്രോചിപ്പ് ‘: പദ്ധതിയുമായ എത്തിസലാത്ത്

മൈക്രോചിപ്പ് മനുഷ്യശരീരത്തില്‍ ഘടിപ്പിക്കാനുള്ള പദ്ധതി യു.എ.ഇയില്‍ നടപ്പാകുമെന്നു റിപ്പോര്‍ട്ട്.

നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന എല്ലാ വ്യക്തിവിവരങ്ങളുമുള്‍ക്കൊള്ളുന്നതും സാങ്കേതിക വിദ്യകള്‍ പ്രായോഗികമാക്കാന്‍ സഹായിക്കുന്നതുമായ മൈക്രോചിപ്പ്  മനുഷ്യശരീരത്തില്‍ ഘടിപ്പിക്കാനുള്ള പദ്ധതി യു.എ.ഇയില്‍ നടപ്പാകുമെന്നു റിപ്പോര്‍ട്ട്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ( എന്‍ എഫ് സി ) സംവിധാനമുള്ള ഇത്തരം മൈക്രോചിപ്പ്
താല്‍പ്പര്യമുള്ളവര്‍ക്കായി ലഭ്യമാക്കാന്‍ പ്രമുഖ ടെലികോം കമ്പനിയായ എത്തിസലാത്ത് ആണ് തയ്യാറെടുക്കുന്നത്.

സ്വീഡിഷ് കമ്പനിയായ ബയോഹാക്സ് ഇന്റര്‍നാഷണല്‍ രൂപപ്പെടുത്തിയ പുതിയ സാങ്കേതികവിദ്യ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ജൈറ്റക്സ് സാങ്കേതിക മേളയില്‍ കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ എത്തിസലാത്ത് പരിചയപ്പെടുത്തി. പത്തു മുതല്‍ 20 വര്‍ഷം വരെ പ്രവര്‍ത്തന ശേഷിയുള്ള ചിപ്പില്‍ ഓരോരുത്തരുടെയും മെഡിക്കല്‍ വിവരങ്ങള്‍, രഹസ്യകോഡുകള്‍ മുതലായവയെല്ലാം സൂക്ഷിക്കാന്‍ കഴിയും.ആരോഗ്യ മന്ത്രാലയവും ധനമന്ത്രാലയവും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ബയോഹാക്സ് ഇന്റര്‍നാഷണലുമായി ചര്‍ച്ച നടത്തിവരുന്നു.

തടസ്സമില്ലാത്ത ഡിജിറ്റല്‍ ഇടപെടുകള്‍ നടത്താന്‍ സഹായിക്കുന്നതാകും ബയോ കോംപാക്റ്റിബിള്‍ എന്‍.എഫ്.സി ഇംപ്ലാന്റ്. ചൂണ്ടുവിരലിനും തള്ളവിരലിനുമിടയില്‍ തൊലിക്കടിയിലാണ് അരിമണിയുടെ മാത്രം വലിപ്പമുള്ള ചിപ്പ് ഘടിപ്പിക്കുന്നത്. വാക്‌സിന്‍ എടുക്കുന്ന വേഗത്തില്‍ ചിപ്പ് തൊലിക്കടിയില്‍ കുത്തിവെക്കാമെന്ന് ബയോഹാക്‌സ് ഇന്റര്‍നാഷണലിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ ജോവാന്‍ ഓസ്തര്‍ലൂങ് പറഞ്ഞു.

കോണ്ടാക്ട്ലെസ് പെയ്മെന്റ് സിസ്റ്റത്തെപ്പോലെയായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഇത് ആവശ്യം വരുമ്പോള്‍ ജീവനക്കാര്‍ സ്‌കാനറിനു നേരെ കൈ ഉയര്‍ത്തിക്കാണിച്ചാല്‍ മതിയാകും. വയര്‍ലെസ് സംവിധാനമായ എന്‍ എഫ് സി യില്‍ 106 മുതല്‍ 424 വരെ കെ ബി / സെക്കണ്ട് എന്ന തോതില്‍ ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും. ഇത്തരം ആയിരക്കണക്കിന് ചിപ്പുകള്‍ സ്വീഡനിലും യൂറോപ്പിലും നിര്‍മിച്ചിട്ടുണ്ടെന്നും ഓസ്തര്‍ലൂങ് വ്യക്തമാക്കി. 150 യൂറോ അഥവാ 607 ദിര്‍ഹമാണ് ഈ മൈക്രോചിപ്പിന്റെ വില. വിദ്യാര്‍ഥികള്‍ പകുതി വില നല്‍കിയാല്‍ മതിയാകും.

ഇത്തരം മൈക്രോചിപ്പുകള്‍ ത്വക്കിനടിയില്‍ ധരിക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതിനായി ചില യൂറോപ്യന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. തൊഴിലാളികളുടെ സ്വകാര്യത ഹനിക്കുമെന്ന ആരോപണമുന്നയിച്ച് ബ്രിട്ടനിലെ ദി ട്രെയ്ഡ് യൂണിയന്‍ കോണ്‍ഗ്രസ് തുടങ്ങിയ തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. എന്നാല്‍ ബയോഹാക്സിന്റെ സ്ഥാപകന്‍ ജോവാന്‍ ഓസ്തര്‍ലൂങിന്റെ അഭിപ്രായത്തില്‍ ജോലിക്കാര്‍ പേടിക്കേണ്ട കാര്യമേയില്ല.

ഇത് കമ്പനിയും ജോലിക്കാരനും തമ്മിലുള്ള ഇടപെടല്‍ സുഗമമമാക്കുമെന്ന് ബയോഹാക്സ് വിശദീകരിക്കുന്നു. ചിപ്പു വച്ചു കഴിഞ്ഞാല്‍ അത് ജോലിക്കാരന്റെ കമ്പനിക്കുള്ളിലെ ഐഡന്റിറ്റി കാര്‍ഡ് ആയി തീരുന്നു.വാതിലില്‍ വച്ചിരിക്കുന്ന സെന്‍സറുകള്‍ക്ക് വരുന്നയാളെ അറിയാമെന്നതിനാല്‍  ഇതിലൂടെ ഓഫീസിലെ മുറികള്‍ക്കുള്ളിലേക്കുള്ള പ്രവേശനം അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാം. ക്യാന്റീനിലും മറ്റും പണമടയ്ക്കാനും ഇതുപയോഗിക്കാം. ഒരു ജോലിക്കാരന്‍ പ്രവേശിക്കേണ്ടാത്ത ഇടം ഓഫിസിലുണ്ടെങ്കില്‍ അതും ബ്ലോക്ക് ചെയ്യാം.

ത്വക്കിനടിയില്‍ ചിപ്പ് ധരിക്കലുമായി ബന്ധപ്പെട്ട് തങ്ങള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും  ഇത്തരത്തില്‍ തങ്ങള്‍ സമീപിച്ചിരിക്കുന്ന ഒരു കമ്പനി ആയിരക്കണക്കിനു ജോലിക്കാരുള്ള, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണെന്നും ബയോഹാക്‌സ് നേരത്തെ ‘ ദി ടെലിഗ്രാഫ് ‘പത്രത്തോട് സൂചിപ്പിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങളില്‍ ഇത്തരം ചിപ്പുകള്‍ വയ്ക്കുന്ന രീതി നിലവിലുണ്ട്. ഇതിന്റെ പരിഷ്‌കൃത രൂപമാണ് മനുഷ്യരിലും വയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here