വാക്‌സിനെടുക്കാന്‍ ഫെയ്‌സ്ബുക്ക് വഴികാട്ടും, പുതിയ ഓപ്ഷന്‍ ഇങ്ങനെ

രാജ്യത്ത് കോവിഡിനെതിരായ വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടെ ഉപഭോക്താക്കള്‍ക്ക് വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ ഓപ്ഷനുമായി ഫെയ്‌സ്ബുക്ക്. ഇതിലൂടെ സമീപത്തെ വാക്‌സിനേഷന്‍ കേന്ദ്രം ഉപഭോക്താക്കള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് അമേരിക്കന്‍ ടെക്ക് വമ്പന്മാരായ ഫെയ്‌സ്ബുക്ക് 'വാക്‌സിന്‍ ഫൈന്‍ഡര്‍' ഓപ്ഷന്‍ സജ്ജീകരിച്ചത്. കേന്ദ്രആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വാക്‌സിന്‍ ട്രാക്കറുമായി ബന്ധിപ്പിച്ചുള്ള ഓപ്ഷനിലൂടെ ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വാക്‌സിന്‍ സെന്റര്‍ സ്ഥലങ്ങളും അവയുടെ പ്രവര്‍ത്തന സമയവും തിരിച്ചറിയാം.

ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ ആളുകളെ സഹായിക്കുന്നതിന് 17 ഭാഷകളില്‍ ലഭ്യമായ ഫേസ്ബുക്ക് മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇന്ത്യ സര്‍ക്കാരിന്റെ സഹകരണത്തോടെ വാക്‌സിന്‍ ഫൈന്‍ഡര്‍ ഓപ്ഷന്‍ സജ്ജീകരിച്ചതായി ഫേസ്ബുക്ക് ഒരു പോസ്റ്റില്‍ പറഞ്ഞു. നേരത്തെ, ഇന്ത്യയില്‍ കോവിഡ് ഗുരുതരമായ സാഹചര്യത്തില്‍ 10 ദശലക്ഷം ഡോളറിന്റെ അടിസന്തര സഹായം ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപിച്ച ഫണ്ടുകള്‍ വിതരണം ചെയ്യുന്നതിനായി എന്‍ജിഒകളും ഏജന്‍സികളുമായ യുണൈറ്റഡ് വേ, സ്വാന്ത്, ഹെംകുണ്ട് ഫൗണ്ടേഷന്‍, പ്രോജക്ട് മുംബൈ, യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്) തുടങ്ങിയവയുമായി കൈകോര്‍ക്കുമെന്ന് കമ്പനി അറിയിച്ചു. അയ്യായിരത്തിലധികം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍, ബൈപാപ്പ് മെഷീനുകള്‍ പോലുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളും മെഡിക്കല്‍ സപ്ലൈകളുടെ ഒരു സ്റ്റോക്ക് ഉറപ്പുവരുത്താനുമാണ് ഈ തുക വിനിയോഗിക്കുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it