ഗ്രൂപ്പ് വീഡിയോ കോളിംഗ്: ഏറ്റവും മികച്ച 5 ആപ്ലിക്കേഷനുകള്‍

വിരലിലെണ്ണാവുന്ന ആളുകളുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാകട്ടെ, ലക്ഷക്കണക്കിന് ജീവനക്കാരുള്ള വന്‍കിട സ്ഥാപനമാകട്ടെ, വലുപ്പച്ചെറുപ്പമില്ലാതെ കമ്പനികളിലെല്ലാം സര്‍വസാധാരണമാണ് ഗ്രൂപ്പ് വീഡിയോ കോളിംഗ്. ഉപയോഗിക്കുന്നതിനുള്ള ലാളിത്യവും സൗകര്യങ്ങളും ചെലവ് വളരെ കുറവാണെന്നതുമൊക്കെയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് ഇത്രയേറെ വ്യാപകമാകാന്‍ കാരണം.

എന്നാല്‍ പരമ്പരാഗതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ ഇപ്പോഴും ഇതിന്റെ സാധ്യതകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലെന്നതാണ്

വാസ്തവം. ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനത്തിന്റെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള അവബോധം ഇല്ലാത്തതാണ് ഇതിന് ഒരു പ്രധാന കാരണം. ലളിതവും ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്നതുമായ ഗ്രൂപ്പ് വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളും അവയുടെ സവിശേഷതകളും എന്തൊക്കെയാണെന്ന് നോക്കാം.

ഗൂഗിള്‍ ഹാങൗട്ട്‌സ്

കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഏറെ വ്യാപകമായ ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനമാണ് ഹാങൗട്ട്‌സ്. പെയ്ഡ് സേവനമായ ഗൂഗിള്‍ ബിസിനസ് ഹാങൗട്ട്‌സ് ആണ് കോര്‍പ്പറേറ്റ് കമ്പനികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ സാധാരണ ഗൂഗിള്‍ ഹൗങൗട്ട്‌സ് സൗജന്യമാണ്. ഗ്രൂപ്പ് വീഡിയോ കോള്‍ തുടങ്ങാന്‍ വീഡിയോ കോള്‍ ബട്ടണ്‍ അമര്‍ത്തിയശേഷം സ്‌ക്രീനിന്റെ താഴെയുള്ള + ഐക്കണ്‍ ക്ലിക്ക് ചെയ്ത് കോള്‍ ചെയ്യേണ്ട കോണ്ടാക്റ്റ്‌സ് തെരഞ്ഞെടുക്കണം. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഇത് ഉപയോഗിക്കാം. 25 പേരെ വീഡിയോ കോള്‍ നടത്താന്‍ ഇതില്‍ അനുവദിക്കുന്നുണ്ട്.

ഗൂഗിള്‍ ബിസിനസ് ഹൗങൗട്ട്‌സില്‍ കൂടുതല്‍പ്പേരെ ആഡ് ചെയ്യാം.

ഫേസ്ബുക്ക് മെസഞ്ചര്‍

സൗജന്യവും ലളിതവുമായ രീതിയിലാണ് ഫേസ്ബുക്ക് മെസഞ്ചര്‍ പ്രവര്‍ത്തിക്കുന്നത്. വാട്ട്‌സാപ്പിലെ പോലെ ആദ്യം ഒരാളുമായി വീഡിയോകോള്‍ ആരംഭിച്ച് പിന്നീട് വീഡിയോ കോണ്‍ഫറന്‍സിംഗ് ആക്കി ഇതില്‍ മാറ്റേണ്ടതില്ല. ആദ്യം ഗ്രൂപ്പ് ഉണ്ടാക്കുകയോ നിലവിലുള്ള ഗ്രൂപ്പ് തെരഞ്ഞെടുക്കുകയോ ചെയ്തശേഷം എല്ലാ അംഗങ്ങളെയും വിളിക്കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി. മെസഞ്ചറില്‍ ഒറ്റ കോളില്‍ 50 പേരെ വരെ ആഡ് ചെയ്യാനാകും. ഒറ്റ സമയം ആറുപേര്‍ക്ക് മാത്രമാണ് സ്‌ക്രീന്‍ സ്‌പേസ് ലഭിക്കുന്നത്. മറ്റുള്ളവരെ സ്‌ക്രീനിന്റെ അടിയില്‍ തമ്പ്‌നെയ്ല്‍ ആയി കാണിക്കും.

സ്‌കൈപ്പ്

ആളുകളെ വീഡിയോ കോളിംഗ് എന്താണെന്ന് പരിചയപ്പെടുത്തിയ ആപ്ലിക്കേഷനാണ് സ്‌കൈപ്പ് എന്നു പറയാം. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൈപ്പ് വീഡിയോ കോളിംഗ് സൗജന്യമാണ്.

ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഇത് പ്രവര്‍ത്തിക്കും. ആദ്യം ഒരാളെ വീഡിയോ കോള്‍ ചെയ്തശേഷം 25 പേരെ വരെ ഇതിലേക്ക് ആഡ് ചെയ്യാം. അല്ലെങ്കില്‍ എല്ലാവരെയും ആദ്യം തന്നെ സെലെക്റ്റ് ചെയ്തശേഷം അവര്‍ക്ക് സെഷനിലേക്ക് ചേരാന്‍ അവസരം കൊടുക്കാം. സെഷനില്‍ അഞ്ചു പേരില്‍ കൂടുതലുണ്ടെങ്കില്‍ കോണ്‍ഫറന്‍സിംഗ് തനിയെ 'ഫോക്കസ് മോഡി'ലേക്ക് മാറുകയും സ്‌ക്രീനില്‍ സ്പീക്കറുടെ മുഖം കാണിച്ച് മറ്റുള്ളവരെ തമ്പ്‌നെയ്ല്‍ ആയി സ്‌ക്രീനിന്റെ അടിയില്‍ കാണിക്കുകയും ചെയ്യും.

വാട്ട്‌സാപ്പ്

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സാപ്പിന് മാസത്തില്‍ 1.5 ബില്യണ്‍ ആക്റ്റീവ് ഉപോയാക്താക്കളാണുള്ളത്. വാട്ട്‌സാപ്പ് ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനം തുടങ്ങിയിട്ടുണ്ട്. ഈ സേവനം സൗജന്യമാണെങ്കിലും വാട്ട്‌സാപ്പിന്റെ ബീറ്റ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. വീഡിയോ കോള്‍ തുടങ്ങാന്‍ ഉപയോക്താവ് തന്റെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള ആരെയെങ്കിലും വീഡിയോ കോള്‍ വിളിക്കണം. അയാള്‍ കോള്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ സ്‌ക്രീനിന് മുകളില്‍ ഒരു പോപ്പപ്പ് പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്ത് നാല് പേരെ ആഡ് ചെയ്യാം. അപ്പോള്‍ സ്‌ക്രീന്‍ നാല് ചെറിയ വിന്‍ഡോകളായി എല്ലാവരുടെയും വീഡിയോ കാണിക്കും.

ഇന്‍സ്റ്റാഗ്രാം

ഫേസ്ബുക്കിന്റെ തന്നെ അധീനതയിലുള്ള ഇന്‍സ്റ്റാഗ്രാം ആപ്പിലും വാട്ട്‌സാപ്പിന് സമാനമായ രീതിയില്‍ നാല് പേരെ ആഡ് ചെയ്ത് വീഡിയോ കോളിംഗ് നടത്താം. ഇതും ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രവര്‍ത്തിക്കും. ഇതിനായി ഇന്‍സ്റ്റാഗ്രാമില്‍ ഗ്രൂപ്പ് ചാറ്റ് ആണ് തെരഞ്ഞൈടുക്കേണ്ടത്. കോളിനിടയില്‍ ചാറ്റ്‌സ്‌ക്രീന്‍ ചെറുതാക്കി ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും പരിശോധിക്കാനാകും. അടുത്തിടെയാണ് ഈ സൗകര്യം അതരിപ്പിച്ചിരിക്കുന്നതെന്നതിനാല്‍ കുറച്ച് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it