നിങ്ങളുടെ വീട് സ്മാര്‍ട്ട് ആക്കാം, പോക്കറ്റ് കീറാതെ

നിങ്ങളുടെ വീടിനെയും സ്മാര്‍ട്ട്‌ഹോം ആക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

എല്ലാം സ്മാര്‍ട്ട് ആയി മാറിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ വീടും സ്മാര്‍ട്ട് ആക്കണ്ടേ? ചുരുങ്ങിയ ചെലവില്‍ അത് സാധ്യമാക്കാം.

ഏകദേശം ഒരു ദശകത്തോളമായി സ്മാര്‍ട്ട്‌ഹോം എന്ന ആശയം പാശ്ചാത്യവിപണികളില്‍ സാധാരണമാകാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇന്ത്യയില്‍ ഈ ട്രെന്‍ഡ് പതിയെ ചുവടുറപ്പിക്കുന്നതേയുള്ളു. ആമസോണ്‍ ഇക്കോ സ്പീക്കറുകളും ഗൂഗിള്‍ ഹോമും ഒക്കെ എത്തിയതോടെയാണ് ഇന്ത്യയില്‍ ഈ വിപണി ചൂടുപിടിക്കാന്‍ തുടങ്ങിയത്. നിങ്ങളുടെ വീടിനെയും സ്മാര്‍ട്ട്‌ഹോം ആക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. സ്മാര്‍ട്ട് സ്പീക്കര്‍
ആദ്യമായ ഒരു സ്മാര്‍ട്ട് വീടിന് വേണ്ടത് ഒരു സ്മാര്‍ട്ട് സ്പീക്കര്‍ അല്ലെങ്കില്‍ സ്മാര്‍ട്ട് ഡിസ്‌പ്ലേ ആണ്. നിലവില്‍ ഈ രംഗത്ത് മികച്ചുനില്‍ക്കുന്നത് ആമസോണിന്റെ ഇക്കോ ഡോട്ട് അല്ലെങ്കില്‍ ഗൂഗിള്‍ ഹോം മിനി എന്നിവയാണ്. രണ്ടും വിലയ്‌ക്കൊത്ത മൂല്യം തരുന്നവയാണ്. 3999 രൂപയാണ് ഇവയുടെ വിലയെങ്കിലും ഓഫറുകളുള്ളപ്പോള്‍ വീണ്ടും വിലകുറച്ച് ലഭ്യമാകും. വീട്ടിലുള്ള മറ്റെല്ലാ ഉപകരണങ്ങളെയും നിയന്ത്രിക്കുക, പാട്ട് കേള്‍ക്കുക, ഫോണ്‍ കോളുകള്‍ വിളിക്കുക, റിമൈന്‍ഡറുകളും അലാമും സൈറ്റ് ചെയ്യുക… തുടങ്ങി ഒരുപാട് ജോലികളുണ്ട് ഇവയ്ക്ക്.

2. സ്മാര്‍ട്ട് ലൈറ്റ്:
സ്മാര്‍ട്ട് വീട്ടില്‍ പ്രകാശം നിറയേണ്ടേ? പഴയ എല്‍ഇഡി ലൈറ്റ് എടുത്ത് മാറ്റി നമുക്കൊരു സ്മാര്‍ട്ട് ലൈറ്റ് ഇടാം. വിലയെക്കുറിച്ച് പേടിക്കേണ്ട. വിപ്രോ, സിസ്‌ക എന്നിവയുടെ ലൈറ്റുകള്‍ 699-799 രൂപ വിലയില്‍ ലഭിക്കും. ഷവോമിയും സ്മാര്‍ട്ട് ലൈറ്റ് വിപണിയിലിറക്കുന്നുണ്ട്. 999 രൂപയാണ് വില. ഇവയെല്ലാം ആമസോണ്‍ അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. എന്താണ് ഇവയുടെ പ്രത്യേകത? വോയ്‌സ് ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം. ഓണും ഓഫും ആക്കാം. നിങ്ങളുടെ മൂഡിനനുസരിച്ച് ലൈറ്റിന്റെ നിറവും മാറ്റാം.

3. സ്മാര്‍ട്ട് പ്ലഗ്
സ്മാര്‍ട്ട് പ്ലഗ് വഴി നിങ്ങളുടെ വിവിധ ഉപകരണങ്ങള്‍ സ്മാര്‍ട്ട് ആക്കാനാകും. പക്ഷെ അവ ഇത് പിന്തുണയ്ക്കുന്നതായിരിക്കണമെന്നു മാത്രം. ഉദാഹരണത്തന് സാധാരണഗതിയില്‍ നാം എയര്‍കണ്ടീഷണര്‍ പവര്‍ സോക്കറ്റിലേക്ക് നേരിട്ട് പ്ലഗ് ചെയ്യുകയാണല്ലോ. സ്മാര്‍ട്ട് പ്ലഗ് ഉണ്ടെങ്കില്‍ ആദ്യം എസി അതിലേക്ക് പ്ലഗ് ചെയ്തതിന് ശേഷം സോക്കറ്റില്‍ പ്ലഗ് ചെയ്യുക. ഇപ്പോള്‍ എസി സ്മാര്‍ട്ട് ആയിക്കഴിഞ്ഞു. ഇനി നിങ്ങളുടെ സ്മാര്‍ട്ട് അസിസ്റ്റന്റ് വഴി അതിനെ നിയന്ത്രിക്കാനാകും. 1200-2000 രൂപയില്‍ നിങ്ങള്‍ക്ക് സമാര്‍ട്ട് പ്ലഗ് ലഭിക്കും.

ഈ പറഞ്ഞ മൂന്ന് ഉപകരണങ്ങളുമുണ്ടെങ്കില്‍ 15,000 രൂപയില്‍ താഴെ മതി നിങ്ങളുടെ വീട് സ്മാര്‍ട്ട് ആക്കാന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here