കോവിഡ് വില്ലനായി; മാര്‍ക്കറ്റിംഗ് ബജറ്റ് വെട്ടിക്കുറച്ച് ഗൂഗ്ള്‍, ഓഹരിയില്‍ ഇടിവ്

ഗൂഗ്ള്‍ തങ്ങളുടെ മാര്‍ക്കറ്റിംഗ് ബജറ്റുകള്‍ പകുതിയോളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ രണ്ടാം പകുതിയില്‍ നടക്കുന്ന ബജറ്റ് വെട്ടിക്കുറവിനെ സംബന്ധിച്ച ഒരു ഇമെയില്‍ കഴിഞ്ഞ ദിവസം മാര്‍ക്കറ്റിംഗ് ജീവനക്കാര്‍ക്ക് കമ്പനി അയച്ചിരുന്നു. കൂടാതെ പെര്‍മനന്റ് വേതനങ്ങളും കരാര്‍ നിയമനങ്ങളും മരവിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ക്കറ്റിംഗ് ഉള്‍പ്പെടുന്ന കമ്പനിയുടെ ചില മേഖലകളുടെ ബജറ്റ് 50 ശതമാനം വരെ കുറയ്ക്കുകയാണെന്ന് ഒരു കമ്പനി വക്താവ് ചൂണ്ടിക്കാട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'കഴിഞ്ഞയാഴ്ച ഞങ്ങള്‍ സൂചിപ്പിച്ചതുപോലെ, 2020 -ന്റെ ശേഷിക്കുന്ന നിക്ഷേപ പദ്ധതികളുടെ വേഗത കമ്പനി വീണ്ടും വിലയിരുത്തുകയാണ്. കൂടാതെ, പ്രധാനപ്പെട്ട നിരവധി മാര്‍ക്കറ്റിംഗ് ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും,' കമ്പനി വക്താവിന്റെ പ്രസ്താവന ഇങ്ങനെ.

വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഗ്ള്‍ ഓഹരികള്‍ ഏകദേശം രണ്ട് ശതമാനം ഇടിഞ്ഞതാണ് മറ്റൊരു പ്രധാന കാര്യം. കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ബാക്കി ചില നിക്ഷേപങ്ങളില്‍ നിന്ന് പിന്മാറുമെന്ന് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ പ്രസ്താവിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കവും കമ്പനി പുറത്തു വിട്ടത്. ഇതോടെ ഓഹരിയിലും അത് പ്രതിഫലിച്ചു.

2019 -ല്‍ 18.46 ബില്യണ്‍ ഡോളര്‍ വില്‍പ്പനയ്ക്കും വിപണനത്തിനുമായി ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ സുന്ദര്‍ പിച്ചൈ അടുത്തിടെ പ്രഖ്യാപിച്ചതനുസരിച്ച് ഡേറ്റാ സെന്ററുകള്‍, മെഷീനുകള്‍, ബിസിനസ് ഇതര ആവശ്യ വിപണനം, യാത്ര തുടങ്ങിയ മേഖലകളിലെ കമ്പനിയുടെ നിക്ഷേപത്തിന്റെ ശ്രദ്ധയും വേഗതയും പുനര്‍വിചിന്തനം ചെയ്യുകയാണ് എന്നതാണ് വ്യക്തമാകുന്നത്. ആഗോള സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ച കൊവിഡ് പ്രതിസന്ധി കമ്പനി അഭിമുഖീകരിക്കുന്നതിനാലാണ് ഈ നടപടികളെന്നും അദ്ദേഹം പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it