ഇന്ത്യന്‍ വിജയഗാഥ ആഗോള വ്യാപകമാക്കാന്‍ ഗൂഗിള്‍ പേ

ഇന്ത്യയില്‍ വന്‍ ഹിറ്റായി മാറിയതിന്റെ ആവേശം ഉള്‍ക്കൊണ്ട് ആഗോള വിപണിയിലും ശക്തി തെളിയിക്കാന്‍ ഗൂഗിള്‍ പേയുടെ നീക്കം. ആഗോള വിപണിയില്‍ വൈകാതെ ഗൂഗിള്‍ പേ വ്യാപനം ശക്തമാക്കുമെന്ന് ആല്‍ഫബെറ്റിന്റെയും ഗൂഗിളിന്റെയും സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പാണ് ഡിജിറ്റല്‍ പണമിടപാട് ആപ്പായ ഗൂഗിള്‍ പേ ഇന്ത്യയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് 6.70 കോടി സജീവ പ്രതിമാസ ഉപഭോക്താക്കളെ ഗൂഗിള്‍പേ ഡിജിറ്റല്‍ തരംഗം സൃഷ്ടിച്ചു സ്വന്തമാക്കി കഴിഞ്ഞു. ഏകദേശം 11,000 കോടി ഡോളറിന്റെ (7.80 ലക്ഷം കോടി രൂപ) പ്രതിവര്‍ഷ ഇടപാടുകളും ഗൂഗിള്‍ പേയില്‍ നടക്കുന്നു.

കഴിഞ്ഞ 18 മാസമായി തങ്ങളുടെ പേയ്മെന്റ് ഉല്‍പ്പന്നം വിവിധ പ്രശ്‌നങ്ങളെയാണ്് അഭിമുഖീകരിക്കുന്നതെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ തങ്ങള്‍ വളരെയധികം വിജയകരമായ അവതരണമാണ് നടത്തിയത്. അതില്‍ നിന്നും ധാരാളം സവിശേഷതകള്‍ പഠിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പേയ്മെന്റ് ഉല്‍പ്പന്നങ്ങളെ ആഗോളതലത്തില്‍ നവീകരിച്ചുവരുന്നു- പിച്ചൈ അറിയിച്ചു.

യൂണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യു.പി.ഐ) ആപ്പുകള്‍ മുഖേനയുള്ള പണമിടപാടില്‍ ഇന്ത്യ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിവരുന്നത്. 59% ആണ് 2019 ലെ ഗൂഗിള്‍ പേ ഇടപാട് വിഹിതം. മറ്റ് ഡിജിറ്റല്‍ പണമിടപാട് ആപ്പുകളുടെ വിഹിതം ഫോണ്‍പേ : 26%, പേടിഎം : 7%, ഭീം ആപ്പ് : 6% എന്നിങ്ങനെയും. യുപിഐ വഴിയുള്ള ഇടപാടുകളുടെ മൂല്യം പ്രതിമാസം 6.78 ശതമാനം ഉയര്‍ന്ന് ജനുവരിയില്‍ 2.16 ലക്ഷം കോടിയായി. 2019 ഡിസംബറില്‍ 2.02 ലക്ഷം കോടിയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it