ഗൂഗിള്‍ പേ ഇനി ബിസിനസുകള്‍ക്കും, ജോലിയും തെരയാം

ഗൂഗിള്‍ പേ ഇനി വെറുമൊരു പേയ്‌മെന്റ് ആപ്പ് അല്ല. അതില്‍ നിങ്ങള്‍ക്ക് തൊഴിലവസരങ്ങളും തെരയാനാകും. മാത്രവുമല്ല അതിലേക്ക് നിങ്ങള്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കാം. ബിസിനസുകള്‍ക്കുള്ള ഗൂഗിള്‍ പേയും കമ്പനി അവതരിപ്പിച്ചു. ഇന്ത്യയില്‍ ഗൂഗിളിന്റെ സാന്നിധ്യം ശക്തമാക്കുന്നതിനായി ഒരുപിടി പുതിയ പ്രഖ്യാപനങ്ങളാണ് ഗൂഗിള്‍ നടത്തിയിരിക്കുന്നത്. ബാംഗ്ലൂരില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ലാബ് ആരംഭിക്കുമെന്നതാണ് ഇതില്‍ പ്രധാനം.

ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഇവന്റിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. ഗൂഗിള്‍ പേ ഇനി വെറും പേയ്‌മെന്റ് പ്ലാറ്റ്‌ഫോം അല്ലെന്നും സംരംഭകര്‍ക്ക് തങ്ങളുടേതായ രീതിയില്‍ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാനുള്ള അവസരവും ഒപ്പം ആളുകള്‍ക്ക് തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കാനും എന്‍ട്രി ലെവല്‍ ജോലികള്‍ കണ്ടെത്താനും സാധിക്കുന്ന രീതിയിലേക്കും ഗൂഗിള്‍ പേ മാറിയെന്നും അധികൃതര്‍ പ്രഖ്യാപിച്ചു.

ഗൂഗിള്‍ പേ ഫോര്‍ ബിസിനസ്

ഗൂഗിള്‍ ഇന്നലെ ഗൂഗിള്‍ പേ ഫോര്‍ ബിസിനസ് എന്ന പേരില്‍ അവതരിപ്പിച്ച സ്വതന്ത്ര ആപ്ലിക്കേഷന്‍ ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കും. വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്താന്‍ ഇത് വഴിയൊരുക്കും. ഗൂഗിള്‍ അവതരിപ്പിച്ച സ്‌പോട്ട് എന്ന സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോം ബിസിനസുകള്‍ക്ക് തങ്ങളുടെ ഓഫറുകളും മറ്റും ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള അവസരം ഒരുക്കുന്നു. ഉദാഹരണത്തിന് ഒരു റസ്‌റ്റോറന്റിന് അവരുടെ സേവനങ്ങള്‍ ആപ്പില്‍ അവതരിപ്പിക്കുക വഴി ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് അത് കാണാനാകും. മേക് മൈ ട്രിപ്പ്, റെഡ്ബസ് തുടങ്ങിയ ചില ബിസിനസുകള്‍ നിലവില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.

അതുപോലെ തന്നെ ഗൂഗിള്‍ ക്യൂആര്‍ കോഡുകള്‍ക്ക് സമാനമായ സ്‌പോര്‍ട്ട് കോഡുകള്‍ അവതരിപ്പിച്ചു. ഇതുവഴി ഉപഭോക്താക്കള്‍ക്ക് ഷോപ്പില്‍ വന്ന് വേഗത്തില്‍ സ്‌കാന്‍ ചെയ്ത് തങ്ങള്‍ക്കുവേണ്ട ഉല്‍പ്പന്നങ്ങളുടെ പേയ്‌മെന്റ് നടത്തിപ്പോകാനാകും. ഗൂഗിളിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഗൂഗിള്‍ പേയ്ക്ക് 67 മില്യണ്‍ ഉപയോക്താക്കളാണുള്ളത്.

സ്വിഗ്ഗ്വി, ഡുന്‍സോ, 24സെവന്‍, ഫാബ്‌ഹോട്ടല്‍സ്, ഹെല്‍ത്ത്കാര്‍ട്ട് തുടങ്ങിയവ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഗൂഗിള്‍ തുടക്കക്കാര്‍ക്കുള്ള ജോലികളും പാര്‍ട് ടൈം ജോലികളും ആപ്പില്‍ ലഭ്യമാക്കുന്നത്. പിന്നീട് എല്ലാ വിഭാഗത്തിലുമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഈ പ്ലാറ്റ്‌ഫോമിനെ മാറ്റാനും പദ്ധതിയുണ്ട്.

ഇന്റര്‍നെറ്റില്ലാതെയും 2ജി ഫോണുകളിലും ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാനുള്ള സംവിധാനവും ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്. വോഡഫോണ്‍-ഐഡിയ ഫോണ്‍ ലൈനിലൂടെ ഗൂഗിള്‍ അസിസ്റ്റന്റിനെ വിളിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം ലഭിക്കും. 24 മണിക്കൂറും ലഭ്യമാകുന്ന സേവനമാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it