ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കുരുക്കുമായി ഗൂഗ്ള്‍

ഗൂഗിള്‍ പ്ലേ സ്റ്റോര്‍ കമ്മീഷന്‍ 30 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചു കൊണ്ടുള്ള ആഗോള ടെക്ഭീമന്റെ പ്രഖ്യാപനം ആപ്പ് ഡെവലപ്പര്‍മാരെയും ഇന്ത്യന്‍ ടെക്‌നോളജി സംരംഭകരെയും ഒട്ടും സന്തോഷിപ്പിക്കുന്നില്ല.

അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് അടുത്ത വര്‍ഷം മുതല്‍ ആപ്പ് ഡെവലപ്പര്‍മാരെ കാത്തിരിക്കുന്നത് ഗൂഗിള്‍ അടിച്ചേല്‍പിക്കുന്ന മറ്റൊരു തീരുമാനമാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പുകള്‍ അടുത്ത വര്‍ഷം മുതല്‍ ഗൂഗിളിന്റെ പേമെന്റ് ഗേറ്റ്‌വെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.. കേവലം 2 ശതമാനം കമ്മീഷനില്‍ പേടിഎം, റേസര്‍പേ തുടങ്ങിയ ലോക്കല്‍ പേമെന്റ് ഗേറ്റ്‌വേകൾ ഉപയോഗിച്ചിരുന്ന ആപ്പ് ഡെവലപ്പര്‍മാര്‍ ഗൂഗിള്‍ പേമെന്റ് ഗേറ്റ്വേ ഉപയോഗിക്കേണ്ടിവരുമ്പോള്‍ നല്‍കേണ്ടത് 30 ശതമാനം കമ്മീഷനാണ്. മറ്റൊന്ന് പ്ലേസ്‌റ്റോര്‍ കമ്മീഷന്‍ 15 ശതമാനമാക്കിയെങ്കിലും അതുണ്ടാക്കുന്ന സാമ്പത്തിക ഭാരം താങ്ങാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുന്നില്ല.
2022 മാര്‍ച്ച് 31ന് ശേഷം പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ പര്‍ച്ചേസ് ചെയ്യുന്നതിനും ആപ്പുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നതിനുമുള്ള പേമെന്റ് ഗേറ്റ്‌വേയായി ഗൂഗിളിനെ മാത്രമേ ഉപയോഗിക്കാവൂ എന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇന്ത്യയുടെ 95 ശതമാനം സ്മാര്‍ട്‌ഫോണ്‍ മാര്‍ക്കറ്റ് നിയന്ത്രിക്കുന്ന ഗൂഗിള്‍, എല്ലാ ആപ്പുകളും തങ്ങളുടെ സ്വന്തം പേമെന്റ് ഗേറ്റ്‌വേ മാത്രം ഉപയോഗിക്കണമെന്ന് പറയുമ്പോള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് നേരിടാന്‍ പോകുന്ന നഷ്ടം അതിഭീമമായിരിക്കും. മറ്റൊരു തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന ഏകപക്ഷീയമായ ഈ തീരുമാനത്തിന്റെ ആഘാതം എങ്ങനെ കുറക്കാന്‍ കഴിയുമെന്ന് തലപുകയ്ക്കുകയാണ് ലോകത്തെങ്ങുമുള്ള ആപ്പ് ഡെവലപ്പര്‍മാര്‍. പ്ലേ സ്റ്റോര്‍ കമ്മീഷന്‍ കുറച്ചതു പോലെ ആപ്പ് പര്‍ച്ചേസിംഗിന്റെ കാര്യത്തിലും ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഗൂഗിള്‍ തയ്യാറാകുമെന്ന പ്രതീക്ഷയാണ് ഇപ്പോഴും അവര്‍ക്കുള്ളതെന്ന് ദി ക്യാപ് ടേബിള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.
ലോകമെങ്ങും നിരവധി ഡെവലപ്പര്‍മാര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ ബില്ലിംഗ് ഗേറ്റ് വെയെ അവഗണിക്കുകയാണ് ചെയ്തുവരുന്നത്. നെറ്റ്ഫ്ലിക്സ് പോലുള്ള വലിയ കമ്പനികള്‍ പേമെന്റിനായി ഉപയോക്താക്കളെ സ്വന്തം വെബ്്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യുകയാണ് പതിവ്.
ഇന്ത്യന്‍ ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥയിലെ നിർണായക ശക്തിയാണ് ഗൂഗിള്‍. പേടിഎം പോലുള്ള ഇന്ത്യന്‍ ഇ കോമേഴ്‌സ് പേമെന്റ് സര്‍വീസ് കമ്പനികളുടെ നിലനില്‍പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ ഗൂഗിള്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുമ്പോള്‍ അതിനെതിരെ എങ്ങനെയാണ് ഇന്ത്യ പ്രതികരിക്കുകയെന്നതും കാണേണ്ടിയിരിക്കുന്നു. അമേരിക്കയില്‍ ആമസോണ്‍ വരെ ഗൂഗിളിന്റെ ഇത്തരം നടപടികളുടെ ഇരയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നതാണ് ആശങ്കയുയര്‍ത്തുന്ന ചോദ്യം.
2011ല്‍ ഗൂഗിള്‍ അതിന്റെ സെര്‍ച്ച് അല്‍ഗോരിതത്തില്‍ വരുത്തിയ മാറ്റം ഈ ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമന്റെ സൈറ്റിലെ ട്രാഫിക്കില്‍ 35 ശമതാനത്തിന്റെ ഇടിവുണ്ടാക്കി.
യു എസ് പോലുള്ള വിപണികളില്‍ ആപ്പ് പര്‍ച്ചേസ് കോടിക്കണക്കിന് ഡോളറിന്റെ ഇടപാടാണ്. ഇതില്‍ മുഖ്യപങ്ക് ഫോര്‍ട്‌നൈറ്റ് മേക്കര്‍, എപിക് ഗെയിംസ് തുടങ്ങിയ ഗെയിമിങ് കമ്പനികള്‍ക്കാണ്. ഗൂഗിളിന്റെ തീരുമാനം ഏറ്റവുമധികം തിരിച്ചടിയാകാന്‍ പോകുന്നത് ഇത്തരം കമ്പനികള്‍ക്കാണ്. എപ്പിക് അവരുടെ ഇന്‍ ആപ്പ് പേമെന്റ് സംവിധാനം ബൈപാസ് ചെയ്തതിന് ഗൂഗിളിനും ആപ്പിളിനുമെതിരെ ഓസ്‌ട്രേലിയന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യ ആപ്പ് ഡൗണ്‍ലോഡിംഗിന്റെ ഒരു മുന്‍നിര വിപണിയാണെങ്കിലും ആപ്പില്‍ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തില്‍ അവസ്ഥ അതല്ല. പബ്ജിയുടെ കാര്യത്തില്‍ പോലും അതിന്റെ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരില്‍ 24 ശതമാനമാണ് ഇന്ത്യയിലുണ്ടായത്. ഇന്ത്യയില്‍ നിന്നുള്ള റവന്യു ഷെയര്‍ വെറും 1.2 ശതമാനം മാത്രമായിരുന്നുവെന്ന് സെന്‍സര്‍ ടവര്‍ ഡാറ്റ കാണിക്കുന്നു.
ഒരു ദശലക്ഷം ഡോളര്‍ വരെ വാര്‍ഷിക വരുമാനമുള്ള ആപ്പുകള്‍ക്കുള്ള കമ്മീഷനാണ് 15 ശതമാനമായി കുറക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വരുമാനം അതിന് മുകളിലാണെങ്കില്‍ നേരത്തെ പ്രഖ്യാപിച്ച 30 ശതമാനം കമ്മീഷന്‍ തന്നെ നല്‍കണം. പ്ലേ സ്‌റ്റോര്‍ കമ്മീഷന്‍ 15ശതമാനമായി കുറച്ചെങ്കിലും ഇന്ത്യന്‍ ആപ്പ് ഡെവലപ്പര്‍മാരെ സംബന്ധിച്ചിടത്തോളം അത് അവരുടെ പരിമിതമായ വരുമാനം ഊറ്റിയെടുക്കുന്ന നടപടി തന്നെയാണ്.
ഒരു ഹെല്‍ത്ത് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പിന്റെ കണക്ക് നോക്കുക. ഇവരുടെ ആപ്പിന്റെ പ്രീമിയം വെര്‍ഷന് 6000 രൂപയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇതില്‍ വലിയ പങ്കും പോകുന്നത് ട്രെയിനര്‍മാര്‍ക്കാണ്. നികുതിയും മറ്റ് നിരക്കുകളും കഴിച്ച് ആയിരം രൂപ മാത്രമാണ് ഒരു സബ്‌സ്‌ക്രിബ്ഷനില്‍ നിന്ന് കമ്പനിക്ക് ലഭിക്കുക. ഇതിന്റെ 15 ശമതാനം ഗൂഗിളിന് നല്‍കേണ്ടിവന്നാല്‍ ഒരു സ്റ്റാര്‍ട്ടപ്പിന് എങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് അതിന്റെ സംരംഭകര്‍ ചോദിക്കുന്നു. ഗൂഗിളിന്റെ ഭാഗത്തു നന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇനിയും ഇളവുകള്‍ വന്നേക്കാമെന്ന ശുഭാപ്തിവിശ്വാസമാണ് അവര്‍ക്കുള്ളത്.
15 ശതമാനം കമ്മീഷന്‍ കുറയ്ക്കുന്നതു വഴി ഗൂഗിളിന്റെ വരുമാനത്തില്‍ പ്രതിവര്‍ഷം 587 ദശലക്ഷം ഡോളറിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പ്ലേ സ്‌റ്റോര്‍ കമ്മീഷനിലൂടെ 11.6 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരുമാനമാണ് ഗൂഗിള്‍ കണക്കാക്കുന്നത്. പ്ലേ സ്റ്റോര്‍ ഉപയോഗിക്കുന്ന ലോകത്തെങ്ങുമുള്ള ആപ് ഡെവലപ്പര്‍മാരില്‍ 99 ശതമാനത്തിനും കമ്മീഷന്‍ നിരക്ക് പകുതിയായി കുറച്ചത് ഗുണകരമാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്. എന്നാല്‍ ഒരു മില്യണ്‍ ഡോളറിന് മുകളില്‍ വരുമാനമുള്ള മുന്‍നിര ആപ്പുകള്‍ക്ക് 30 ശതമാനം കമ്മീഷന്‍ തന്നെ നല്‍കേണ്ടിവരുമെന്നതിനാല്‍ കമ്മീഷനില്‍ കുറവു വരുത്തുമെന്ന പ്രഖ്യാപനം കൊണ്ട് ഗൂഗിളിന് അതിന്റെ വരുമാനത്തില്‍ വലിയ വിട്ടുവീഴ്ചയൊന്നും ചെയ്യേണ്ടി വരുന്നില്ലെന്ന വാദവുമുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it