സര്‍ക്കാര്‍ പിന്തുണയുള്ള 'ഹാക്കിംഗ്' ഇന്ത്യയിലും ?- അഞ്ഞൂറു പേര്‍ക്ക് മുന്നറിയിപ്പു നല്‍കിയെന്ന് ഗൂഗിള്‍

ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ സജീവമാണെന്ന് ഗൂഗിള്‍. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ സര്‍ക്കാര്‍ ഒത്താശയോടെയെന്നു സംശയിക്കപ്പെട്ട ഹാക്കിംഗ് ശ്രമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ അഞ്ഞൂറോളം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ഗൂഗിള്‍ പറയുന്നു.

ഗൂഗിളിന്റെ ത്രെറ്റ് അനലിസ്റ്റ് ഗ്രൂപ്പ് ( ടാഗ് ) സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കിംഗ് ശ്രമങ്ങള്‍ സംബന്ധിച്ച് 149 രാജ്യങ്ങളിലെ 12,000 ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ഗൂഗിള്‍ അറിയിച്ചു.അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടായത്. ഫിഷിംഗ് ഇമെയിലുകള്‍ ആണ് ഹാക്കിംഗിന് കൂടുതലായുപയോഗിച്ചത്. ഉപയോക്താവിന്റെ പാസ്വേഡും മറ്റ് അക്കൗണ്ട് വിശദാംശങ്ങളും മോഷ്ടിക്കാനുള്ള ശ്രമത്തെയാണ് ഫിഷിംഗ് എന്ന് പറയുന്നത്.

ലോകവ്യാപകമായി ആയിരത്തഞ്ഞൂറോളം ഉപയോക്താക്കളെ ഇരകളാക്കിയതായാണ് സൂചന.ഉപയോക്താക്കളില്‍ 90 ശതമാനത്തിലധികം ആളുകളെ ലക്ഷ്യം വയ്ക്കുന്നത് 'ക്രെഡന്‍ഷ്യല്‍ ഫിഷിംഗ് ഇമെയിലുകള്‍ 'വഴിയാണെന്ന് കണ്ടെത്തി. കാനഡ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കും ഏറ്റവും കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കേണ്ടിവന്നു.ഗൂഗിള്‍ ത്രെട്ട് അനലിസ്റ്റ് ഗ്രൂപ്പ് 2019 ജൂലൈ വരെ ലോകത്ത് നടന്ന സൈബര്‍ ആക്രമണങ്ങള്‍ വിലയിരുത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. ഇന്ത്യയില്‍ 500 ഓളം സര്‍ക്കാര്‍ പിന്തുണയുള്ള ഹാക്കര്‍മാര്‍ ഉണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്.

സര്‍ക്കാര്‍ പിന്തുണയോടെ 50ഓളം രാജ്യങ്ങളില്‍ ഹാക്കിംഗ് ഗ്രൂപ്പുകള്‍ സജീവമാണത്രേ. രഹസ്യന്വേഷണ വിവര ശേഖരണം, ഭൗതിക സ്വത്തുക്കളുടെ മോഷണം, സര്‍ക്കാര്‍ വിരുദ്ധരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പിന്തുടരുക എന്നീ ദൗത്യങ്ങളാണ് ഈ സംഘങ്ങള്‍ പ്രധാനമായും നടത്തുന്നത്. ഒപ്പം സര്‍ക്കാര്‍ അനുകൂല പ്രചാരണങ്ങളെ നയിക്കാനും ഇത്തരം ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്താറുണ്ട്.

ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ലാക്കാക്കി ചാരപ്പണി ചെയ്യാന്‍ പെഗാസസ് എന്ന സ്‌പൈവെയര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഗൂഗിള്‍ ഈ വിവരങ്ങള്‍ ലോകത്തെ അറിയിച്ചിരിക്കുന്നത്.തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ദീര്‍ഘകാല മുന്നറിയിപ്പ് എന്ന രീതിയിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ഫിഷിംഗിന് വിധേയമായേക്കാവുന്നവരോട് അക്കൗണ്ട് ഹൈജാക്കിംഗിനും എതിരെ ലഭ്യമായ ഏറ്റവും ശക്തമായ പ്രതിരോധം നല്‍കുന്ന അഡ്വാന്‍സ് പ്രോട്ടക്ഷന്‍ പ്രോഗ്രാമില്‍ (എപിപി) ചേരാന്‍ ഗൂഗിള്‍ ആവശ്യപ്പെടുന്നുണ്ട്.

സ്വകാര്യതയും സൈബര്‍ സുരക്ഷയും പ്രധാന കാര്യങ്ങളായി കാണുന്ന കാലത്ത് സര്‍ക്കാരുകള്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കെതിരെ ഇത്തരം നടപടികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായിക്കഴിഞ്ഞു.ഗൂഗിള്‍ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ പൗരന്മാരെ നിരീക്ഷിക്കാനും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനുമായി സൈബര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്നത് അംഗീകരിച്ച് കൊടുക്കാനാവില്ലെന്ന വാദം സൈബര്‍ ലോകത്ത് ശക്തമാണ്.

ഇസ്രായേലി സ്പൈവെയര്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് എന്ന നിരീക്ഷണ സോഫ്റ്റ്വെയറിന്റെ പ്രധാന ഉപയോക്താക്കള്‍ വിവിധ ഭരണകൂടങ്ങളാണ്. ഇതേ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ക്ക് നേരെ പെഗാസസ് ആക്രമണം നടന്നുവെന്ന വാട്ട്‌സ്ആപ്പിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. സര്‍ക്കാര്‍ പിന്തുണയില്‍ ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണ് ഗൂഗിള്‍ വെളിപ്പെടുത്തല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it