സൈബര്‍ ആക്രമണത്തില്‍ ഉലഞ്ഞ് ഹോണ്ട കമ്പനി

സൈബര്‍ ആക്രമണത്തില്‍ പ്രവര്‍ത്തനം തകരാറിലായി ജാപ്പനീസ് കാര്‍ കമ്പനിയായ ഹോണ്ട. കമ്പനിയുടെ സെര്‍വറുകളെയും ഇമെയിലുകളെയും ആന്തരിക സിസ്റ്റങ്ങളെയും ആക്രമണം ബാധിച്ചു. പല രാജ്യങ്ങളിലെയും ഉല്‍പാദനത്തെ ഇത് തകരാറിലാക്കിയതായി കമ്പനി വക്താവ് ബിബിസിയോട് പറഞ്ഞു.

കോവിഡ് -19 വന്നശേഷമുള്ള വര്‍ക്ക് ഫ്രം ഹോം കാലത്ത് സ്ഥാപനങ്ങള്‍ മുമ്പത്തേതിനേക്കാള്‍ സൈബര്‍ ആക്രമണ ഭീഷണിയാണ് നേരിടുന്നത്.ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ജീവനക്കാരെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങളില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. പ്രമുഖ ഐടി കമ്പനിയായ കോഗ്‌നിസന്റിനെ ഏപ്രിലില്‍ റാന്‍സംവെയര്‍ ആക്രമണം ബാധിച്ചു.മോചനദ്രവ്യം തേടിയുള്ള ഈ ആക്രമണത്തില്‍ നിന്ന് കമ്പനി കരകയറി സേവനങ്ങള്‍ പുനഃസ്ഥാപിച്ചുവെങ്കിലും രണ്ടാം പാദത്തില്‍ കണക്കാക്കുന്ന 70 മില്യണ്‍ ഡോളര്‍ വരെയുള്ള നഷ്ടത്തില്‍ ഇതിന്റെ വിഹിതമെത്രയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഹോണ്ട കമ്പനി ആഗോളതലത്തില്‍ നെറ്റ്വര്‍ക്ക് തകരാറിലാണെന്നും ഇക്കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സ്ഥിരീകരിച്ചു. ഹോണ്ട കസ്റ്റമര്‍ സര്‍വീസ്, ഹോണ്ട ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയെയും സൈബര്‍ കുഴപ്പം ബാധിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് ഒരു റാന്‍സംവെയര്‍ ആക്രമണമാണെന്ന് സുരക്ഷാ വിദഗ്ധര്‍ കരുതുന്നു.

ഓണ്‍ലൈനില്‍ പോസ്റ്റുചെയ്ത സാമ്പിളുകളെ അടിസ്ഥാനമാക്കി, ഹോണ്ടയിലെ നെറ്റ്വര്‍ക്ക് തകരാറിന് റാന്‍സംവെയര്‍ ബന്ധമുണ്ടെന്ന് സൈബര്‍ സുരക്ഷ സ്ഥാപനമായ മാല്‍വെയര്‍ബൈറ്റ്‌സ് ലാബിലെ വിദഗ്ധര്‍ പറഞ്ഞു. സൈബര്‍ ആക്രമണത്തിലൂടെ ഹോണ്ടയെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. 2017 ല്‍, ജപ്പാനിലെ സയാമ പ്ലാന്റിലെ ഉല്‍പാദനം നിര്‍ത്താന്‍ കമ്പനി ഇതു മൂലം നിര്‍ബന്ധിതമായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it