സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനൊരുങ്ങുന്നോ? ഇവയൊന്ന് മനസ്സില്‍ വെച്ചേക്ക്

സ്മാര്‍ട്ട് ഫോണില്ലാത്ത ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതെയായിരിക്കുന്നു നമുക്ക്. ഏറ്റവും കൂടുതല്‍ ഫീച്ചറുകളുള്ള മികച്ച ഫോണ്‍ തന്നെ സ്വന്തമാക്കാനാകും ഓരോരുത്തരും ആഗ്രഹിക്കുക. എന്നാല്‍ അവരവരുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ തന്നെയാണോ വാങ്ങുന്നത്? ഉപയോഗിക്കാത്ത ഫീച്ചറുകള്‍ക്കു വേണ്ടിയൊക്കെ ഏറെ പണം നമ്മള്‍ ചെലവഴിക്കേണ്ടതുണ്ടോ? അടുത്ത തവണ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാം.

1. അമിതമായ ചെലവിടല്‍

അപ്പപ്പോള്‍ വാങ്ങുന്ന ഒന്നല്ല സ്മാര്‍ട്ട് ഫോണ്‍. അതുകൊണ്ടു തന്നെ വാങ്ങുമ്പോള്‍ വില കൂടിയത് തന്നെ വാങ്ങാം എന്ന ചിന്ത പലര്‍ക്കും ഉണ്ടാകും. ഇഎംഐ കൂടി ലഭ്യമാകുകയാണെങ്കില്‍ പണത്തെ കുറിച്ച് ചിന്തിക്കുക പോലുമില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍, വാങ്ങാന്‍ പദ്ധതിയിടുന്ന ഫോണിന്റെ പകുതി വിലയ്ക്ക് ലഭിക്കുന്നവ പോലും ഒരു പക്ഷേ മതിയാകും. നിങ്ങള്‍ക്ക് ആവശ്യമായ ഫീച്ചറുകള്‍ മാത്രമുള്ള ഫോണ്‍ വാങ്ങി സാമ്പത്തിക നഷ്ടം കുറയ്ക്കുക.

2. ഏറ്റവും പുതിയ മോഡല്‍ തന്നെ വേണം

ട്രെന്‍ഡിന് പിറകേ പോകാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. വിപണിയിലെത്തിയ ഏറ്റവും പുതിയ മോഡലുകള്‍ സ്വന്തമാക്കാനേ നമ്മള്‍ ശ്രമിക്കൂ. എന്നാല്‍ കുറഞ്ഞ സമയത്തിനിടയ്ക്ക് പുറത്തിറക്കുന്ന രണ്ടു ഫോണുകള്‍ തമ്മില്‍ അത്ര വലിയ വ്യത്യാസങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. കുറച്ചു ഫീച്ചറുകള്‍ മാത്രം കുറവുള്ള ഫോണ്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമ്പോള്‍ കൂടിയ വില കൊടുത്ത് എന്തിന് ലേറ്റസ്റ്റ് മോഡല്‍ തന്നെ വാങ്ങണം? അതേസമയം രണ്ടു വര്‍ഷത്തിനു മുമ്പ് പുറത്തിറങ്ങിയ മോഡല്‍ വാങ്ങുന്നതും നല്ലതായിരിക്കില്ല. കാരണം പലപ്പോഴും അത് അപ്‌ഡേറ്റഡ് ആയിരിക്കണമെന്നില്ല.

3. വില താരതമ്യം ചെയ്യാതിരിക്കല്‍

ഫോണ്‍ കൈയില്‍ കിട്ടിയ ആവേശത്തിന് പലരും ആദ്യത്തെ ഷോറൂമില്‍ നിന്നു തന്നെ കൂടിയ വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങും. ഇവയുടേത് ഫിക്‌സഡ് വിലയാണെന്നും മാറ്റം സാധ്യമല്ലെന്നുമാണ് പരക്കേയുള്ള ധാരണ. എന്നാലത് തെറ്റാണ്. പലപ്പോഴും വില കുറയ്ക്കാനാകും. പല ഓണ്‍ലൈന്‍ സൈറ്റുകളിലും ഒരേ ഫോണിന് വ്യത്യസ്ത വിലയാണ്. വാങ്ങാനുദ്ദേശിക്കുന്ന ഫോണിന്റെ വില ഗൂഗ്‌ളില്‍ സേര്‍ച്ച് ചെയ്ത് നോക്കിയും താരതമ്യം നടത്താം. ഷോറൂമുകളുടെ കാര്യത്തിലും വിവിധ കടകളില്‍ കയറി വില ചോദിച്ച് വ്യത്യാസം മനസ്സിലാക്കാം.

5. ബ്രാന്‍ഡഡ് മാത്രമേ വാങ്ങൂ

നിലവില്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റഴിയുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളാകും സ്വന്തമായി വാങ്ങണമെന്ന് ആഗ്രഹിക്കുമ്പോഴും നമ്മുടെ മനസ്സില്‍ ആദ്യമെത്തുക. എന്നാല്‍ മികച്ച ഫീച്ചറുകളുള്ള കുറഞ്ഞ വിലയുള്ള ഫോണുകള്‍ വിപണിയില്‍ ധാരാളമുണ്ട്. മികച്ച ഗുണനിലവാരവും ഇത്തരം ഫോണുകളില്‍ ഭൂരിഭാഗത്തിനുമുണ്ട്. വില കൂടിയ ബ്രാന്‍ഡുകള്‍ നല്‍കുന്ന ഫീച്ചറുകള്‍ മറ്റു ബ്രാന്‍ഡുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നുവെങ്കില്‍ നാമെന്തിന് മുഖം തിരിക്കണം?

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it