നിങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന് എങ്ങനെയറിയാം

നിങ്ങളുടെ ബിസിനസ്, പ്രൊഫഷണല്‍, രാഷ്ട്രീയ എതിരാളികളാകാം, ജീവിതപങ്കാളിയാകാം, അതുമല്ലെങ്കില്‍ തികച്ചും അപരിചിതരാകാം ഫോണ്‍ ചോര്‍ത്തലിന് ശ്രമിക്കുന്നത്. ഇതെപ്പോഴും ശത്രുത കൊണ്ടുതന്നെ ആകണമെന്നില്ല. നിങ്ങളുടെ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങള്‍ തട്ടിയെടുക്കാനാകാം, അല്ലെങ്കില്‍ ബാങ്ക് എക്കൗണ്ട് ഹാക്ക് ചെയ്ത് പണം അപഹരിക്കാനാകാം. അതുകൊണ്ടുതന്നെ ഫോണ്‍ ചോര്‍ത്തല്‍ ഏതു വഴിയില്‍ നിന്നും പ്രതീക്ഷിക്കാം.

ഫോണ്‍ എന്നു പറയുന്നത് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വകാര്യതകള്‍ ഒന്നായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഫോണ്‍ ഹാക്ക് ചെയ്ത് ഒരു വ്യക്തിയുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നത് വലിയ സ്വകാര്യത ലംഘനവും ഗുരുതരമായ കുറ്റകൃത്യവുമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് നിരവധി സ്‌പൈ ആപ്പുകള്‍ ലഭ്യമായതിനാല്‍ ഇവ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ബ്ലാക്‌മെയ്‌ലിംഗ് ചെയ്യുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കൂടിവരുന്നു.

ഇത്തരം സ്‌പൈ ആപ്ലിക്കേഷനുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഇക്കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടത്. ആപ്പിളിന്റെ ഐഒഎസ് സ്വകാര്യതയുടെ കാര്യത്തില്‍ കുറച്ചുകൂടി മുന്നിലാണ്. എന്നാല്‍ ഹാക്കര്‍മാരുടെ കൈകളില്‍ നിന്ന് ഒരു ഫോണും പൂര്‍ണമായി സുരക്ഷിതമല്ലെന്ന് ഓര്‍ക്കുക.

നിങ്ങളുടെ ഫോണ്‍ ആരെങ്കിലും ചോര്‍ത്തുന്നുണ്ടോ എന്നറിയാനുള്ള ചില വഴികള്‍:

  • ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നുണ്ടോ? പെട്ടെന്നാണോ നിങ്ങളുടെ ഫോണിന്റെ ചാര്‍ജിംഗ് ലൈഫ് കുറഞ്ഞത് എന്ന് പരിശോധിക്കുക. ഫോണ്‍ അമിതമായി ചൂടാകുന്നുണ്ടോ? നിങ്ങളായി പ്രത്യേകിച്ച് ഒരു ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യാതെ പെട്ടെന്നൊരു ദിവസം ഫോണിന്റെ ചാര്‍ജിംഗ് ദൈര്‍ഘ്യം കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് സ്‌പൈ ആപ്ലിക്കേഷനുകളുടെ സാന്നിധ്യം കൊണ്ടാകാം. അല്ലെങ്കില്‍ മാല്‍വെയറുകളാകാം. ഇത്തരം ആപ്ലിക്കേഷനുകള്‍ ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ് ഇതിന് കാരണം.
  • അമിതമായി ഡാറ്റ ഉപയോഗിക്കപ്പെടുന്നു: ഇപ്പോള്‍ എല്ലാവര്‍ക്കും അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകളാകും. അതുകൊണ്ട് ആരും തന്നെ എത്ര ഡാറ്റ ഓരോ ദിവസവും ഉപയോഗിച്ചു എന്നൊന്നും പരിശോധിക്കാറില്ല. പക്ഷെ ഇനിയതുവേണം. ഫോണിന്റെ ഡാറ്റ യൂസേജ് ഓപ്ഷന്‍ എടുത്താല്‍ ഗ്രാഫ് പോലെ എളുപ്പത്തില്‍ നിങ്ങള്‍ക്കത് മനസിലാക്കാനാകും. സ്‌പൈ ആപ്പുകള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ഡാറ്റ ഉപയോഗം വളരെ കൂടും.
  • ഫോണിന്റെ പ്രകടനം കുറയുന്നു: മുമ്പ് ഇല്ലാത്തവിധം ഫോണ്‍ സ്ലോ ആകുകയോ ഇടക്കിടക്ക് ഹാങ് ആകുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതും ഹാക്കിംഗിന് ഒരു കാരണമാകാം. സ്‌പൈ, മാല്‍വെയര്‍ ആപ്ലിക്കേഷനുകള്‍ ഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്.
  • കോളില്‍ തടസങ്ങള്‍: ഫോണ്‍ സംസാരത്തില്‍ പരിചയമില്ലാത്ത ശബ്ദങ്ങള്‍, ബീപ്പ്, ഇക്കോ, ഇടയ്ക്കിടെ കോളുകള്‍ കട്ടാകുന്നു തുടങ്ങിയവ തുടരുകയാണെങ്കില്‍ ശ്രദ്ധിക്കുക. ഒരുപക്ഷെ ഇവ സാങ്കേതിക തടസങ്ങളാകാം. എങ്കിലും നിങ്ങളുടെ ഫോണ്‍ കോളുകള്‍ ടാപ്പ് ചെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ ഇവയുടെ സാധ്യത പരിഗണിക്കുക.
  • പരിചയമില്ലാത്ത ആപ്പിന്റെ സാന്നിധ്യം: ഇടയ്ക്കിടക്ക് നിങ്ങളുടെ ഫോണിലുള്ള ആപ്ലിക്കേഷന്‍സ് ലിസ്റ്റ് പരിശോധിക്കുക. നിങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ബാറ്ററിയുടെയോ സെറ്റിംഗ്‌സിന്റെയോ മാതൃകയില്‍ ഫോണിലുള്ള ഇന്‍ബില്‍റ്റ് ആപ്പുകളുടെ രൂപത്തിലാകാം ഇവ ഒളിഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത ആപ്ലിക്കേഷനുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.
  • ഇടയ്ക്കിടക്കുള്ള റീബൂട്ടിംഗ്: ഫോണ്‍ തനിയെ സ്വിച്ച് ഓഫ് ആകുകയും ഓണ്‍ ആകുകയും ചെയ്യുക, നിങ്ങള്‍ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ആക്കാന്‍ സാധിക്കാതിരിക്കുക... തുടങ്ങിയ സൂചനകള്‍ ശ്രദ്ധിക്കണം.
  • പരിചയമില്ലാത്ത പോപ്പ് അപ്പ്‌സ്: നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പോപ്പ് അപ്പ്‌സ് സ്‌ക്രീനില്‍ കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ചില മാല്‍വെയറുകളില്‍ നിന്ന് ഇത്തരത്തില്‍ പോപ്പ് അപ്പ്‌സ് വരാറുണ്ട്.
  • അസാധാരണമായ മെസേജുകള്‍: നിങ്ങള്‍ക്ക് വളരെ അസാധാരണമായോ മനസിലാക്കാന്‍ സാധിക്കാത്ത തരത്തിലുള്ളതോ ആയ എസ്.എം.എസുകള്‍ വരുന്നുണ്ടോ? കോഡ് പോലെ തോന്നിക്കുന്ന അര്‍ത്ഥമില്ലാത്ത അക്ഷരങ്ങളോ അക്കങ്ങളോ ഒക്കെയാകാം ഇവ.

സാഹചര്യം ഒഴിവാക്കാം

  • നിങ്ങളുടെ ഫോണ്‍ അശ്രദ്ധമായി എവിടെയും വെക്കാതിരിക്കുക. ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ കൂടി വിദഗ്ധനായ ഒരാള്‍ക്ക് ഒന്നോ രണ്ടോ മിനിറ്റ് കൊണ്ട് സ്‌പൈ സോഫ്റ്റ്‌വെയറുകള്‍ ഫോണിലോ ടാബിലോ ലാപ്‌ടോപ്പിലോ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
  • മറ്റുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ കൊടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക.
  • ഫോണ്‍ സര്‍വീസിംഗ് ഓതറൈസ്ഡ് കേന്ദ്രങ്ങളിലോ അത്ര വിശ്വസനീയമായ സര്‍വീസ് സെന്ററുകളിലോ മാത്രമാക്കുക. നിങ്ങള്‍ സ്ഥിരമായി ഫോണ്‍ സര്‍വീസ് ചെയ്യാന്‍ കൊടുക്കുന്നയിടത്ത് സ്വാധീനം ചെലുത്തി നിങ്ങളുടെ ശത്രുവിന് രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
  • നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ വഴി മാല്‍വെയര്‍ വരാം എന്നതുകൊണ്ട് അറിയാത്ത ആപ്പുകളുടെ പിന്നാലെ പോകാതിരിക്കുക.
  • ചില സ്‌പൈ ആപ്പുകള്‍ക്ക് ഓട്ടോമാറ്റിക്കായി നിങ്ങളുടെ കാമറ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. തല്‍സമയം ദൃശ്യങ്ങള്‍ ഫോണ്‍ ചോര്‍ത്തുന്നവരിലേ

    ക്ക് എത്തിക്കാനും. ഫോണിന്റെ ഇന്റര്‍നെറ്റ് ഓണായിരിക്കുമ്പോഴാണ് ഇത് സാധ്യമാകുന്നത്.

  • പബ്ലിക് വൈ-ഫൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. ഇതുവഴി ഹാക്കര്‍മാര്‍ക്ക് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയും. അതുകൊണ്ട്

    പബ്ലിക് വൈ-ഫൈ ഉപയോഗിച്ച് മൊബീല്‍ ബാങ്കിംഗ് ഇടപാടുകളോ ഓണ്‍ലൈന്‍ ഷോപ്പിംഗോ നടത്താതിരിക്കുക.

  • ബ്ലൂടുത്ത് വഴി നിരവധി ഹാക്കിംഗ് കുറ്റകൃത്യങ്ങള്‍ ആഗോളതലത്തില്‍ തന്നെ നടന്നിട്ടുണ്ട്. അതുകൊണ്ട് ബ്ലൂടുത്ത് ഓഫ് ചെയ്തുവെക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it