സ്പാം മെയ്ലില്‍ നിന്ന് എങ്ങനെ രക്ഷനേടാം?

സ്പാം മെയ്ലുകളെ കൊണ്ട് പൊറുതിമുട്ടാത്ത ജി-മെയ്ല്‍ ഉപയോക്താക്കളുണ്ടാവില്ല. പല സ്പാം മെയ്ലുകളും നേരിട്ട് ഇന്‍ബോക്സിലേക്ക് തന്നെ എത്തുകയും ചെയ്യും. മെയ്ല്‍ സ്റ്റോറേജ് കാര്‍ന്നുതിന്നുമെന്ന് മാത്രമല്ല, പ്രധാനപ്പെട്ട മെയ്ലുകള്‍ ശ്രദ്ധയില്‍പ്പെടാതെ പോകാനും ഇതു കാരണമാകുന്നു. സ്പാം മെയ്ല്‍ ശല്യം തടയാന്‍ എന്തു ചെയ്യാനാവുമെന്ന് നോക്കാം.

ഇമെയ്ല്‍ അഡ്രസ് ബ്ലോക്ക് ചെയ്യാം
ഏത് മെയ്ല്‍ അഡ്രസില്‍ നിന്നുള്ള മെയ്ലാണോ ബ്ലോക്ക് ചെയ്യേണ്ടത്, അതിലൊരു മെയില്‍ ഓപ്പണ്‍ ചെയ്ത് More എന്നതിലോ, മെയ്ലിന്റെ വലതുവശത്ത് മുകളിലായി കാണുന്ന
i
ചിഹ്നത്തിലോ ക്ലിക്ക് ചെയ്ത് ബ്ലോക്ക് ചെയ്യാനാവും. ഇങ്ങനെ ചെയ്യുന്നതിനിടയില്‍ ആരെയെങ്കിലും തെറ്റിപ്പോയി ബ്ലോക്ക് ചെയ്താല്‍ ഇതുപോലെ തന്നെ അണ്‍ബ്ലോക്കും ചെയ്യാനാവും.
അണ്‍സബ്സ്‌ക്രൈബ് ചെയ്യാം
ചില വെബ്സൈറ്റുകള്‍ തുറക്കുമ്പോഴോ, മറ്റെന്തെങ്കിലും ആവശ്യത്തിനോ ചിലപ്പോള്‍ മെയ്ല്‍ ഐഡി ഉപയോഗിച്ച് സൈന്‍ അപ്പ് ചെയ്യേണ്ടി വന്നേക്കാം. ചില വെബ്സൈറ്റുകളില്‍ കയറി സബ്സ്‌ക്രൈബ് ഓപ്ഷന്‍ കൊടുത്തിട്ടുമുണ്ടാവാം. ഇത് ഒഴിവാക്കാത്ത കാലത്തോളം മെയ്ലുകള്‍ വന്നുകൊണ്ടേയിരിക്കും.
അണ്‍സബ്സ്‌ക്രൈബ് ചെയ്യുകയാണ് ഇതിനൊരു പോംവഴി. ഇതിനായി മെയ്ല്‍ ഓപ്പണ്‍ ചെയ്ത് മുകളില്‍ കാണുന്ന
Unsubscribe
ക്ലിക്ക് ചെയ്താല്‍ മതി. കൂടാതെ, സ്പാം ആയി മാര്‍ക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമാവും.
ഫില്‍റ്റര്‍ ചെയ്ത് ഒഴിവാക്കാം

Unsubcribe എന്ന് ജിമെയ്ലിലെ സെര്‍ച്ച്ബാറില്‍ സെര്‍ച്ച് ചെയ്താല്‍ കുറേ മെയ്ലുകള്‍ ലിസ്റ്റ് ചെയ്തുവരും. ഇതില്‍ ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന മെയ്ലുകള്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് വലതുവശത്ത് മുകളില്‍ വരുന്ന ഡോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്നതില്‍ Filter Messages like these എന്നത് തെരഞ്ഞെടുക്കുക.

തുറന്നുവരുന്ന പുതിയ ടാബില്‍ Create Filter ക്ലിക്ക് ചെയ്ത്, ആവശ്യമായ നിര്‍ദേശങ്ങള്‍ കൊടുത്താല്‍ നിങ്ങള്‍ സെലക്ട് ചെയ്തതിനു സമാനമായ മെയ്ലുകള്‍ ഡിലീറ്റ് ചെയ്യാനും ഭാവിയില്‍ വരുന്നത് തടയാനുമാവും.

ഡിലീറ്റ് ചെയ്യാന്‍ മാത്രമല്ല, ഇങ്ങനെ സെലക്ട് ചെയ്തവ ഒന്നിച്ച് ഫോര്‍വേഡ് ചെയ്യാനും സ്റ്റാര്‍ ചെയ്തുവെക്കാനും വായിച്ചെന്ന് മാര്‍ക്ക് ചെയ്യാനും അടക്കം പലവിധ ഓപ്ഷനുകള്‍ Create Filter ലുണ്ട്.
നോട്ട് ദ പോയ്ന്റ്: ഒറ്റത്തവണ വെബ്സൈറ്റില്‍ കയറാനോ, സൈന്‍അപ്പ് ചെയ്യാനോ ആണെങ്കില്‍ താല്‍ക്കാലിക മെയ്ല്‍ ഐഡി ഉപയോഗിക്കുന്നതാണ് നല്ലത്. Temporary email id അനുവദിച്ചുതരുന്ന ധാരാളം വെബ്സൈറ്റുകള്‍ ഗൂഗിള്‍ ചെയ്താല്‍ ലഭിക്കും. അതല്ലെങ്കില്‍, ഇത്തരം ഉപയോഗങ്ങള്‍ക്കായി പ്രത്യേകം ജി-മെയ്ല്‍ ഐഡി ഉണ്ടാക്കിയിടുന്നതും നല്ലതാണ്. അങ്ങനെയെങ്കില്‍ പ്രധാന മെയ്ലില്‍ സ്പാം ശല്യം ഒഴിവാക്കാമല്ലോ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it