ഉള്ളടക്കം കൊതിപ്പിക്കുന്നതാവട്ട!

വില്‍ക്കുന്നത് സേവനമോ ഉല്‍പ്പന്നമോ ആകട്ടെ, ഏത് രീതിയിലുളള വെബ്‌സൈറ്റിന്റെയും കണ്ടന്റ് (ഉള്ളടക്കം) ആളുകളെ ആകര്‍ഷിക്കുന്നതാവണം. ചില വെബ്‌സൈറ്റുകള്‍, പ്രത്യേകം ശൈലികൊണ്ടും 'ക്യാച്ചി'യായ വാചകങ്ങള്‍ കൊണ്ടും ക്ലച്ച് പിടിച്ചവയാണ്. ഇത്തരം സൈറ്റുകളില്‍ കയറി നോക്കാന്‍ ആളുകള്‍ കൊതിച്ചുപോവും. എല്ലാത്തിനും മേലെ, ഒരു പ്രൊഫഷണല്‍ ടച്ച് കൂടി കണ്ടന്റില്‍ ഉണ്ടാവണം.

ആര് തയാറാക്കും?

കണ്ടന്റ് സ്വയം തയാറാക്കാനാവുമെങ്കില്‍ അതാണ് ഏറ്റവും നല്ലത്. കാരണം നിങ്ങളുടെ ബിസിനസിനെ ഏറ്റവും നന്നായി അറിയുന്നയാള്‍ നിങ്ങള്‍ തന്നെയാണല്ലോ. കുറച്ചുകൂടി വിപുലമായ ബിസിനസ് ആണെങ്കില്‍ ഇതിനായി ഒരു ടീമിനെ വളര്‍ത്തിയെടുക്കേണ്ടിവരും. കുറച്ച് ടിപ്‌സ് ഇതാ-

ഓഡിയന്‍സ്: യൂസര്‍മാര്‍, വെബ്‌സൈറ്റ് സന്ദര്‍ശകര്‍ എങ്ങനെയുള്ളവരാണെന്ന് മനസിലാക്കി വേണം കണ്ടന്റ് തയാറാക്കാന്‍. അവര്‍ ആഗ്രഹിക്കുന്ന കണ്ടന്റുകള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്. നിങ്ങളുടെ മേന്മ മാത്രമല്ല ഉണ്ടായിരിക്കേണ്ടത്, മറിച്ച് നിങ്ങളുടെ പ്രതിയോഗികളില്‍ നിന്ന് എന്തിനിത് തെരഞ്ഞെടുക്കണം എന്നതിനു കൂടി ഉത്തരം കൊടുക്കണം.

വോയ്‌സ്: നിങ്ങളുടെ ബ്രാന്‍ഡിനും ഉപഭോക്താക്കള്‍ക്കും ചേരുന്ന പൊതുവായൊരു വോയ്‌സ് തെരഞ്ഞെടുക്കണം. അതായത്, നിങ്ങള്‍ കുട്ടികളുടെ വസ്ത്രം വില്‍ക്കുന്ന വെബ്‌സൈറ്റാണ് നടത്തുന്നതെങ്കില്‍ അതില്‍ വളരെ ഗൗരവത്തിലുള്ള ഉള്ളടക്കങ്ങളല്ല വേണ്ടത്. സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നതെങ്കില്‍ അതിന്റെ ടോണും മാറും.

ലേ ഔട്ട്: കണ്ണിന് കുളിര്‍മ പകരുന്ന രീതിയിലാവണം ലേഔട്ട്. വലിയ റിസര്‍ച്ച് നടത്തി കണ്ടന്റ് തയ്യാറാക്കിയാലും അത് നല്ല രൂപകല്‍പ്പനയിലായില്ലെങ്കില്‍ പാളിപ്പോകും. ടെക്‌സ്റ്റുകളുടെ വലുപ്പം, ചിത്രങ്ങളുടെയും വീഡിയോകളുടെയും വലുപ്പം, ക്വാളിറ്റി തുടങ്ങിയവയില്‍ സൂക്ഷ്മത വേണം.

ചിത്രങ്ങള്‍: വെബ്‌സൈറ്റില്‍ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കുമ്പോഴും ശ്രദ്ധിക്കാനേറെയുണ്ട്. ആയിരം വാക്കുകളേക്കാള്‍ ഒരു ചിത്രത്തിന് സ്വാധീനമുണ്ടെന്നാണല്ലോ. ഉല്‍പ്പന്നത്തിലേക്ക്, സേവനത്തിലേക്ക് ആകര്‍ഷിക്കുന്നതോടൊപ്പം ഷെയര്‍ ചെയ്യാന്‍ കൂടി പ്രേരിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കാം. ശ്രദ്ധിക്കേണ്ടത്, ഗൂഗിളില്‍ നിന്ന് തെരഞ്ഞ് കിട്ടുന്നതൊക്കെ എടുക്കരുത്. കോപ്പിറൈറ്റ് ഉള്ള ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നിയമനടപടിക്ക് വിധേയമാവും. പറ്റുമെങ്കില്‍ സ്വന്തം ഫോട്ടോകള്‍ ഉപയോഗിക്കുക. Pixabay, Unsplash പോലത്തെ നിരവധി വെബ്‌സൈറ്റുകളില്‍ ചിത്രങ്ങള്‍ സൗജന്യമായി നല്‍കുന്നുണ്ട്. അതുപയോഗപ്പെടുത്തുകയുമാവാം. ആവശ്യമായിടത്ത് കടപ്പാട് കൊടുക്കണം.

പ്രോ ടിപ്പ്: എല്ലാം കഴിഞ്ഞാലും എഡിറ്റിംഗ് പ്രധാനമാണ്. ചിരിപ്പിക്കുന്നതായാലും പേടിപ്പിക്കുന്നതായാലും കണ്ടന്റില്‍ തെറ്റുവരാന്‍ പാടില്ല.

ഹൈ ക്വാളിറ്റി ചിത്രങ്ങളാണ് നല്‍കേണ്ടത്. പക്ഷെ, ഇമേജ് സൈസ് കൂടാതെ നോക്കണം. വലിയ സൈസിലുള്ള ചിത്രങ്ങള്‍ കുറയ്ക്കാന്‍ ഗൂഗിളിന്റെ squoosh പോലുള്ള സൈറ്റുകള്‍ ഉപയോഗിക്കാം.

ഔട്ട്‌സോഴ്‌സിംഗ് വെബ് കണ്ടന്റ്

നിങ്ങള്‍ക്ക് കണ്ടന്റ് തയ്യാറാക്കാന്‍ അറിയില്ലേ? അതിനായി ഒരു ടീമിനെ നിയോഗിക്കാന്‍ കഴിവില്ലേ? അത്തരക്കാര്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതാണ് നല്ലത്. നിരവധി ഓഫ്‌ലൈന്‍ ഏജന്‍സികള്‍ നാട്ടിലുണ്ട്. UpWork, Fiverr പോലുള്ള വെബ്‌സൈറ്റുകളിലൂടെ ഫ്രീലാന്‍സറെ വച്ചും കണ്ടന്റ് ചെയ്യിക്കാം.

ആയിരക്കണക്കിന് പേര്‍ ഇത്തരം വെബ്‌സൈറ്റുകളില്‍ ഉള്ളതിനാല്‍ എളുപ്പത്തില്‍ കണ്ടെത്താനാവും. കൂടാതെ, നിങ്ങള്‍ പറയുന്ന വിലയ്ക്ക് പറ്റിയ റൈറ്റര്‍മാരെ തേടിപ്പിടിക്കാനും എളുപ്പം. കണ്ടന്റ് ഇവരെ ഏല്‍പ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാവും.

പക്ഷെ പ്രശ്‌നമുള്ളത്, എവിടെയോ നിന്നുള്ള ഒരാളെയാണ് കണ്ടന്റ് റൈറ്ററായി ലഭിക്കുന്നത്. നിങ്ങളുടെ അഭിരുചികളും വെബ്‌സൈറ്റിന്റെ സ്വഭാവവും മനസിലാക്കിയാവില്ല അവര്‍ ചെയ്യുന്നത്. കൂടാതെ, പ്രൊഡക്ടിനെപ്പറ്റി വിശദീകരിച്ചു കൊടുക്കേണ്ടിയും വരും. എല്ലായ്‌പ്പോഴും ഒരേ ആളെ തന്നെ നമുക്കായി കിട്ടിയെന്നും വരില്ല. എന്തായാലും കണ്ടന്റില്‍ മോശം വരാതെ സൂക്ഷിച്ചാല്‍ മതി.

കൂടുതൽ വായിക്കാം

വെബ്‌സൈറ്റ് നിര്‍മാണം ഏല്‍പ്പിക്കുന്നതിനു മുന്‍പ്-
ഭാഗം-4

മണിക്കൂറിനുള്ളിൽ മൊബീലിൽ കുത്തിയുണ്ടാക്കാം, വെബ്‌സൈറ്റ്-ഭാഗം-3

ഡൊമൈന്‍ തെരഞ്ഞെടുക്കാം, രജിസ്റ്റര്‍ ചെയ്യാം- ഭാഗം- 2

എങ്ങനെ വെബ്‌സൈറ്റ് തുടങ്ങാം?-ഭാഗം-1



Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles

Next Story

Videos

Share it