വാവേക്കെതിരെ ക്രിമിനല്‍ ആരോപണക്കുരുക്ക് മുറുക്കി യു എസ്

ചൈനീസ് ടെക് ഭീമന്‍ വാവേക്കെതിരെ ഗുരുതര ചാരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള പുതിയ ക്രിമിനല്‍ കുറ്റങ്ങള്‍ പ്രഖ്യാപിച്ച് യുഎസ് നീതിന്യായ വകുപ്പിന്റെ നീക്കം.ന്യൂയോര്‍ക്ക് ബ്രൂക്ലിനിലെ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം വാവേയ്ക്കെതിരെ നേരത്തെ ഫയല്‍ ചെയ്ത കുറ്റങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി വാവെ ചൈനീസ് സര്‍ക്കാരിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചെങ്കിലും ബന്ധപ്പെട്ട തെളിവുകളെപ്പറ്റി സൂചനയില്ല. കമ്പനി ബാങ്കുകളോട് കള്ളം പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നും ഇറാനെതിരെ സാമ്പത്തിക ഉപരോധം ലംഘിച്ചുവെന്നും മറ്റുമായിരുന്നു നേരത്തെയുള്ള ആരോപണങ്ങള്‍.

5 ജി മൊബൈല്‍ നെറ്റ് വര്‍ക്കിലേക്ക് തങ്ങളുടെ ഉത്പ്പന്നങ്ങളിലൂടെ പിന്‍വാതില്‍ പ്രവേശനം നടത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍ വാവെയെന്നും, വാവെയുടെ പക്കല്‍ അത്തരത്തിലുള്ളൊരു സാങ്കേതികവിദ്യ ഉണ്ടെന്നും അത് തെളിയിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നുമാണ് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബാര്‍ട്ട് ബ്രെയന്‍ പറയുന്നത്. ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളുമായി തെളിവുകളുടെ വിവരങ്ങള്‍ യുഎസ് പങ്കുവെച്ചുവെന്നാണ് റിപ്പോര്‍ട്ട്.

യുഎസ് വാവെയ്ക്ക് നേരെ ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉപരോധങ്ങള്‍ക്കിടയിലും വാവെ 5 ജി ടെക്നോളജിയുമായി ബന്ധപ്പെട്ട് വലിയ മുന്നേറ്റമാണ് നടത്തുന്നത്. വാവെയുമായി വാണിജ്യ കരാറിലേര്‍പ്പെടരുതെന്ന് യുഎസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടുവെങ്കിലും യുഎസിന്റെ അഭ്യര്‍ത്ഥന പല രാജ്യങ്ങളും തള്ളി. കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാറുകള്‍ സ്വന്തമാക്കി. വാവെ 5ജി കരാറുകളില്‍ 50 എണ്ണം ഒപ്പിട്ടപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്‌സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രമാണ് 5ജി രംഗത്ത് സ്വന്തമാക്കിയത്.

2009 ലെ ടെഹ്റാനില്‍ നടന്ന പ്രകടനങ്ങളില്‍ ആഭ്യന്തര നിരീക്ഷണത്തിന് ഇറാന്‍ സര്‍ക്കാരിനെ സഹായിച്ചു, ഉത്തര കൊറിയയിലെ ബിസിനസിന്റെ വ്യാപ്തി മറച്ചുവെക്കാന്‍ ശ്രമിച്ചു എന്നീ ആരോപണങ്ങളുമുണ്ട് വാവേയ്‌ക്കെതിരെ. യുഎസ് തെളിവില്ലാതെയാണ് സംസാരിക്കുന്നതെന്നാണ് വാവെ പറയുന്നത്. കമ്പനിക്കെതിരെ കൊണ്ടുവന്ന പുതിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ പ്രശസ്തിക്കും ബിസിനസിനും അപരിഹാര്യ നാശമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണതെന്നും ചൈനീസ് ടെക് ഭീമന്‍ പ്രതികരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it