പ്രൈവസി സംബന്ധിച്ച് ഇന്ത്യ വാട്‌സാപ്പിനോട് ചോദിക്കുന്നു ഈ ഏഴ് ചോദ്യങ്ങള്‍

വാട്‌സാപ്പ് മുന്നോട്ട് വച്ച സ്വകാര്യതാ നയത്തിലെ മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു വാട്‌സാപ്പിനു കേന്ദ്രസര്‍ക്കാരിന്റെ കത്ത്. ഏഴ് ചോദ്യങ്ങളാണ് പ്രധാനമായും ഇന്ത്യ ഉന്നയിക്കുന്നത്. മാറ്റങ്ങള്‍ അധാര്‍മികവും അംഗീകരിക്കാനാകാത്തതുമെന്നു വാട്‌സാപ് സിഇഒ വില്‍ കാത്കാര്‍ട്ടിനയച്ച കത്തില്‍ ഐടി മന്ത്രാലയം വ്യക്തമാക്കിയിട്ടുമുണ്ട്. വാട്‌സാപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും തേടുന്ന ഈ ചോദ്യങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് കമ്പനി ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്.

ഉപയോക്താക്കളുടെ നമ്പര്‍ ഉള്‍പ്പെടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുമെന്നു സൂചിപ്പിക്കുന്ന നയംമാറ്റങ്ങള്‍ അടുത്തമാസം എട്ടിനു നടപ്പാക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എതിര്‍പ്പുയര്‍ന്നതോടെ ഇതു നടപ്പാക്കുന്നതു മേയ് 15 വരെ നീട്ടിയിരിക്കുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ ന്യായീകരണങ്ങള്‍ വാട്‌സാപ്പ് രാജ്യത്തിന് കൈമാറേണ്ടിയിരിക്കുന്നു.

ഇന്ത്യ വാട്‌സാപ്പിനോട് ചോദിക്കുന്ന ആ ചോദ്യങ്ങള്‍ ഇതാണ്

ഉപയോക്താക്കളില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാക്കാന്‍ എന്തൊക്കെ വിവരങ്ങള്‍ ആണ് ശേഖരിക്കുന്നത്?
പ്രാദേശികമായി ആപ്പ് പെര്‍മിഷനുകളും പ്രൈവസി പോളിസികളും വ്യത്യാസപ്പെട്ടിരിക്കുമോ? ഉണ്ടെങ്കില്‍ എങ്ങനെ, എന്ത്കൊണ്ട്?
വാട്സാപ്പ് പ്രൊഫൈല്‍ യൂസേഴ്സ് മറ്റ് ആപ്പുകള്‍ ഉപയോഗക്കുന്നവരാണോ?
ഏതെങ്കിലും ആപ്പുമായി വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടോ?
ഒരേ സമയം ഫോണില്‍ മറ്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വാട്സാപ്പ് മറ്റ് ആപ്പുകളിലെ വിവരങ്ങള്‍ ചോര്‍ത്തുമോ?
ഇന്ത്യയുടെ ഡേറ്റ ഏത് സെര്‍വറിലാണ് സൂക്ഷിക്കുന്നത്?
ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റയ്ക്കുമേല്‍ തേര്‍ഡ് പാര്‍ട്ടി ആക്‌സസ് നല്‍കിയിട്ടുണ്ടോ?


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it