ഡ്രോണുകള്‍ പറത്തി ഡിജിറ്റല്‍ മാപ്പ് ഉണ്ടാക്കാന്‍ 1000 കോടിയുടെ പദ്ധതി

ഭൂമിയുടെ വിശദാംശങ്ങള്‍, സാമൂഹിക-സാമ്പത്തിക ഡാറ്റ, റോഡ് ശൃംഖല തുടങ്ങി എല്ലാത്തരം രേഖകളും ഉള്‍പ്പെടുന്ന ഉയര്‍ന്ന റെസല്യൂഷനുള്ള 3-ഡി മാപ്പ് ആയിരിക്കും ഇത്

സര്‍വേ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയുടെ അതിസൂക്ഷ്മ ഡിജിറ്റല്‍ മാപ്പ് ഉണ്ടാക്കാനുള്ള 1000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സെക്രട്ടറി പ്രൊഫ. അശുതോഷ് ശര്‍മ പറഞ്ഞു. ഭൂമിയുടെ വിശദാംശങ്ങള്‍, സാമൂഹിക-സാമ്പത്തിക ഡാറ്റ, റോഡ് ശൃംഖല തുടങ്ങി എല്ലാത്തരം രേഖകളും ഉള്‍പ്പെടുന്ന ഉയര്‍ന്ന റെസല്യൂഷനുള്ള 3-ഡി മാപ്പ് ആയിരിക്കും ഇതെന്ന് അദ്ദേഹം അറിയിച്ചു.

കൂടുതലും ഔട്ട്‌സോഴ്‌സ് ചെയ്ത ഡ്രോണുകള്‍ ആയിരിക്കും മാപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. മാപ്പ് തയ്യാറാക്കുന്നതിനുമുമ്പ് വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി ഒരു അടിസ്ഥാന സര്‍വേ നടത്താനും പദ്ധതിയുണ്ട്.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ശാസ്ത്രവിഭാഗമായ സര്‍വേ ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട് പഞ്ചവത്സര പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞു. മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍ പ്രാഥമിക പ്രവര്‍ത്തനവും തുടങ്ങി.പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ താല്‍പര്യം കാണിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും വേണം – ശര്‍മ്മ പറഞ്ഞു. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഉയര്‍ന്ന കൃത്യതയുള്ള ഈ മാപ്പ് പ്രയോജനപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here