‘ബഗ് ബൗണ്ടി ഹണ്ടിംഗി’ലൂടെ ആപ്പിളില്‍ നിന്ന് ലക്ഷം ഡോളര്‍ സ്വന്തമാക്കി ഭാവുക് ജെയിന്‍

സൈബര്‍ അക്രമികളെ വീഴ്ത്തുന്ന ബഗ് ഹണ്ടര്‍മാര്‍ക്ക് ഇത് സുവര്‍ണ്ണ കാലം

Indian Bug Hunters chase Bounties
-Ad-

‘വര്‍ക്ക് ഫ്രം ഹോം’ ശൈലി സജീവമായതോടെ സൈബര്‍ അക്രമികളെ പ്രതിരോധിക്കുന്ന ‘ബഗ് ഹണ്ടര്‍മാര്‍’ക്ക് ലോകമാകെ കൈവന്നിരിക്കുന്നത് അപ്രതീക്ഷിത സുവര്‍ണകാലം. ഹാക്കര്‍മാരെ ഫലപ്രദമായി വേട്ടയാടുന്നതിലൂടെ ഇന്ത്യയിലും  ലക്ഷങ്ങളാണവര്‍ കൊയ്തുകൊണ്ടിരിക്കുന്നത്.

ആപ്പിളില്‍ നിന്ന് ഒരു ലക്ഷം ഡോളര്‍ ഒറ്റയടിക്കു നേടാന്‍ കഴിഞ്ഞതിന്റെ വന്‍ സന്തോഷത്തിലാണ് ബഗ് ഹണ്ടിംഗില്‍ വൈദഗ്ധ്യമുള്ള ഡല്‍ഹിയിലെ ഭാവുക് ജെയിന്‍.തങ്ങളുടെ സിസ്റ്റത്തെ താറുമാറാക്കുമെന്നു ഭയപ്പെട്ട ഒരു നികൃഷ്ട ‘ബഗി’നെ വേട്ടയാടി നിര്‍വീര്യമാക്കി നല്‍കിയതിനാണ് ആപ്പിള്‍ ഇത്ര വലിയ തുക നല്‍കിയത്.വന്‍ തുക വാഗ്ദാനം ചെയ്തുള്ള ആപ്പിളിന്റെ ‘ബഗ് ബൗണ്ടി ഹണ്ടിംഗ്’ വെല്ലുവിളി ഏറ്റെടുത്ത് രംഗത്തിറങ്ങിയ ആയിരക്കണക്കിനു പേരില്‍ ഒരാളായിരുന്നു ഭാവുക് ജെയിന്‍.

അഹമ്മദാബാദ് ആസ്ഥാനമായുള്ള സുരക്ഷാ ഗവേഷകനായ ബിപിന്‍ ജിതിയക്ക് ഇത്തരത്തില്‍ മറ്റൊരു ദൗത്യം വിജയകരമായി നിര്‍വഹിച്ചതിന് ഫേസ്ബുക്ക്് 31,500 ഡോളര്‍ (23.8 ലക്ഷം രൂപ) നല്‍കി. സുരക്ഷാ ബലഹീനത കണ്ടെത്തി പരിഹാര മാര്‍ഗ്ഗം റിപ്പോര്‍ട്ടു ചെയ്യുന്നതിന് ഹാക്കര്‍മാര്‍ക്കും കമ്പനികള്‍ക്കും ഇടപഴകാനുള്ള ഏറ്റവും വലിയ ബഗ് ബൗണ്ടി പ്ലാറ്റ്ഫോമുകളിലൊന്നായ ‘ഹാക്കര്‍ഓണ്‍’ ഇക്കാലത്ത്
കൂടുതല്‍ സജീവമാണ്.

കോവിഡ് -19 കോണ്‍ടാക്റ്റ് ട്രേസിങ് ആപ്പായ ആരോഗ്യസേതു ആപ്ലിക്കേഷനിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപ വരെ പ്രതിഫലം  കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ സേതു ഓപ്പണ്‍ സോഴ്സ് ആക്കുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് വേണ്ടി ബഗ് ബൗണ്ടി പ്രോഗ്രാമും പ്രഖ്യാപിച്ചത്. ഇതുമായി അറിവുള്ള ആര്‍ക്കും ബഗ് ബൗണ്ടി പ്രോഗ്രാം പ്രയോജനപ്പെടുത്താം. ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി അറിയിക്കാം. താല്‍പര്യമുള്ളവര്‍ bugbounty@nic.in ലേക്ക് ഒരു ഇമെയില്‍ അയച്ചാല്‍ മതി.  ജൂണ്‍ 26 വരെയാണ് ആരോഗ്യസേതു ബഗ് ബൗണ്ടി പ്രോഗ്രാം ഉള്ളത്. ആരോഗ്യ സേതുവിലെ ജീവനക്കാര്‍ക്കും, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമാവാന്‍ സാധിക്കില്ല.

-Ad-

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവരുടെ പേജില്‍ കയറി പത്തു സെക്കന്‍ഡ് കൊണ്ട് തിരിമറി കാട്ടുന്ന ബഗ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിന് മലയാളി ബിടെക് വിദ്യാര്‍ത്ഥി കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അരുണ്‍ സുരേഷ് കുമാറിന് ഫേസ്ബുക്ക് ഉപഹാരമായി 11 ലക്ഷം രൂപ നല്‍കിയിരുന്നു. ഫേസ്ബുക്കില്‍ ആരും കൈകാര്യം ചെയ്യുന്ന പേജുകള്‍ പത്തു സെക്കന്‍ഡ് സമയം കൊണ്ട് ഈ ബഗ് ഉപയോഗിച്ച് സ്വന്തം പേരിലേക്കു മാറ്റാനും അഡ്മിന്‍ അധികാരങ്ങള്‍ സ്വന്തമാക്കാനും കഴിയുമെന്നാണ് അരുണ്‍ കണ്ടെത്തിയത്. അരുണ്‍ റിപ്പോര്‍ട്ട് ചെയ്ത ബഗ് ഫേസ്ബുക്കിന്റെ നിലനില്‍പിനെത്തന്നെ ആശങ്കയിലാക്കുന്ന വലിയൊരു ബഗിന്റെ കണ്ടെത്തലിലേക്കു നയിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here