ഇന്‍ഡസ്ട്രി 4.O പണി കളയുമോ, കൊണ്ടുവരുമോ?

ഡിജിറ്റല്‍ വിപ്ലവം ഇത്രമാത്രം തൊഴിലുകള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന കാലഘട്ടം ഉണ്ടായിട്ടില്ല. യന്ത്രവല്‍ക്കരണം വന്നപ്പോഴും തൊഴിലുകള്‍ ഏറെ പോയെങ്കിലും ഇത്രമാത്രം അവ്യക്തമായിരുന്നില്ല സാഹചര്യങ്ങള്‍.

ഇന്‍ഡസ്ട്രി 4.0. ഇതാണ് ഇന്നത്തെ സംസാര വിഷയം. ടെക്‌നോളജി രംഗത്തെ ഒട്ടനവധി ട്രെന്‍ഡുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്ലൗഡ് കംപ്യൂട്ടിംഗ് എന്നിവയെ എല്ലാം ബന്ധപ്പെടുത്തിയാണ് ഇന്‍ഡസ്ട്രി 4.0 എന്നു പറയുന്നത്.

എങ്ങനെയാവും ഇത് തൊഴിലുകളെ ബാധിക്കുക? വ്യക്തമായ മറുപടി എവിടെ നിന്നുമില്ല. രണ്ട് വാദങ്ങള്‍ ശക്തമാണ്. ടെക്‌നോളജി രംഗത്തെ മുന്നേറ്റങ്ങള്‍ ബുദ്ധിമുട്ടേറിയ ജോലികള്‍ക്ക് കൂടുതലായി മെഷീനുകളെ ആശ്രയിക്കാന്‍ സാധിക്കുമെന്നും എല്ലാ മനുഷ്യര്‍ക്കും സാങ്കേതിക വിദ്യാ മുന്നേറ്റത്തിന്റെ ഗുണഫലം ലഭിച്ച് സമാധാനപരമായ ജീവിതം നയിക്കാനാകുമെന്നതുമാണ് അതിലൊന്ന്.

എന്നാല്‍, ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഇതുമൂലം തൊഴില്‍ പോകുമെന്നും അവര്‍ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് പുറന്തള്ളപ്പെടുമെന്നും മറുവാദമുയരുന്നു. ഭാഗ്യവാന്മാരായ ചുരുക്കം പേര്‍ക്ക് മാത്രമേ ഇന്‍ഡസ്ട്രി 4.0 ന്റെ മെച്ചം ലഭിക്കൂവെന്നതാണ് ഏറ്റവും വലിയ അപകടമെന്നും ഈ വാദക്കാര്‍ പറയുന്നു.

നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍ച്ചേര്‍ക്കാന്‍ പറ്റാത്ത രാജ്യങ്ങള്‍ വന്‍തോതില്‍ തൊഴിലാളികളെ തന്നെ ആശ്രയിച്ചിരുന്നു. എന്നാല്‍ കാലം മാറി. ഓട്ടോമേഷന്‍ ലളിതമായ കാര്യമായി. ഇനി തൊഴിലാളികള്‍ക്ക് പഴയ കാലത്തെ വൈദഗ്ധ്യമല്ല വേണ്ടത്. റോബോട്ടുകളും യന്ത്രങ്ങളും ചെയ്യുന്ന ജോലികള്‍ സൂപ്പര്‍വൈസ് ചെയ്യുന്ന ജോലികളാകും മനുഷ്യര്‍ക്കുണ്ടാകുക. അപ്പോള്‍ അതിനുള്ള വിദ്യാഭ്യാസവും വൈദഗ്ധ്യവും തൊഴിലാളികള്‍ ആര്‍ജ്ജിക്കണം.

പ്രകൃതി ശക്തികളെ പോലെ നിയന്ത്രണമില്ലാത്ത കാര്യമൊന്നുമല്ല സാങ്കേതിക വിദ്യാ മുന്നേറ്റം. മനുഷ്യനെ കൂടി ഉള്‍ച്ചേര്‍ത്തുള്ള വികസനമാണ് വേണ്ടതെന്ന് നയരൂപീകര്‍ത്താക്കള്‍ തീരുമാനിച്ചാല്‍ നഷ്ടമാകുന്ന തൊഴിലുകള്‍ക്ക് പകരം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും അതിനനുസൃതമായി ശാക്തീകരിക്ക പ്പെട്ടിരിക്കുന്ന മനുഷ്യര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യും.

മനുഷ്യര്‍ മാറ്റി നിര്‍ത്തപ്പെടുമോ?

പട്ടിണിയില്ലാത്ത, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അരികുകളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട സമൂഹമില്ലാത്ത, അത്യധ്വാനം ചെയ്യാതെ നല്ല രീതിയില്‍ ജീവിക്കുന്ന മനുഷ്യരാശിയുടെ സൃഷ്ടിക്കാവണം ഇന്‍ഡസ്ട്രി 4.0 കാരണമാകേണ്ടത്. ഈ സാഹചര്യത്തില്‍ യുഎന്‍ഡിപിയില്‍ ഇന്നവേഷന്‍ എക്‌സ്‌പെര്‍ട്ടായി പ്രവര്‍ത്തിക്കുന്ന ബെഞ്ചമിന്‍ കെംഫ് പറയുന്നതിങ്ങനെ:

നാം ഗൗരവമായ പ്രശ്‌നത്തെയാണ് അഭിമുഖീകരിക്കുന്നത്. ചരി
ത്രപരമായ ചില കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, യന്ത്രവല്‍ക്കര
ണം നടക്കുമ്പോഴും തൊഴിലാളികള്‍ ആശങ്കാകുലരായിരുന്നു. പക്ഷേ സംഭവിച്ചതോ? ടെക്‌നോളജിയുടെ വികാസം ഏറ്റവും താഴെത്തട്ടിലും ഇടത്തരത്തിലുമുള്ളവരെ പ്രതികൂലമായി ബാധിക്കും. എന്നിരുന്നാലും ടെക്‌നോളജി മൂലം ഇല്ലാതാകുന്ന തൊഴിലുകളേക്കാള്‍ ഏറെ പുതിയ തൊഴിലുകള്‍ ഇവ മൂലം സൃഷ്ടിക്കപ്പെടും. ജോലിയുടെ സ്വഭാവം മാറും.

ടെക്‌നോളജി കൊണ്ട് വികസ്വരരാജ്യങ്ങള്‍ക്ക് മെച്ചം

ക്രിയേറ്റിവ് ജോലികള്‍ വികേന്ദ്രീകരിക്കപ്പെടുന്നതോടെ വികസ്വര രാജ്യങ്ങളിലെ വിദ്യാസമ്പന്നര്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ ലഭിക്കും. ടെക്‌നോളജി വിപ്ലവം കൊണ്ട് മെച്ചങ്ങള്‍ ഏറെയാകും. ഇപ്പോഴും നൂറുകോടിയിലേറെ ആളുകള്‍ക്ക് വൈദ്യുതി ലഭിച്ചിട്ടില്ല. പാചകത്തിന് ശുദ്ധമായ ജലം കിട്ടുന്നില്ല. അക്ഷരാഭ്യാസമില്ല. ലോക ജനസംഖ്യയുടെ പകുതിയില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ ഇന്റര്‍നെറ്റ് സൗകര്യം ലഭിച്ചിട്ടുള്ളൂ. ടെക്‌നോളജി രംഗത്തെ കുതിച്ചു ചാട്ടം ഇത്തരത്തിലുള്ളവര്‍ക്ക് കൂടുതല്‍ നല്ല ജീവിതം സമ്മാനിക്കും. സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ കാര്യത്തില്‍ മൊബീല്‍ ഫോണ്‍ വഹിച്ച പങ്ക് പോലെ ആകും ഇതും.

കടപ്പാട്: ഡെവലപ്‌മെന്റ് ആന്‍ഡ് കോ-ഓപ്പറേഷന്‍ മാഗസിന്‍

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it