ഗെയിം സ്ട്രീമിംഗ് സേവനങ്ങള്‍ക്കായി ജിയോയും മൈക്രോ സോഫ്റ്റും കൈകോര്‍ക്കുന്നു

ഗെയിം സ്ട്രീമിംഗ് സേവനങ്ങളില്‍ ഉപയോക്താക്കള്‍ക്ക് പുതുമയാര്‍ന്ന സേവനങ്ങള്‍ സമ്മാനിക്കാന്‍ മൈക്രോസ്ഫ്റ്റും ജിയോയും ഒന്നിക്കുന്നു. അടുത്തിടെ നടന്ന മൈക്രോസോഫ്റ്റ് ഫ്യൂച്ചര്‍ ഡീകോഡ് ഇവന്റില്‍ വച്ച് ഇരു കമ്പനികളുടെയും സിഇഒമാര്‍ എക്‌സ്‌ക്ലൗഡ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും മൈക്രോസോഫ്റ്റ് പ്രോജക്ട് എക്‌സ്‌ക്ലൗഡ് ഗെയിമിംഗ് സേവനം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇരുകമ്പനികളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ജിയോ സിഇഒ മുകേഷ് അംബാനി സൂചന നല്‍കിയിരുന്നു.

സ്മാര്‍ട്ട്ഫോണുകളും ടാബ്ലെറ്റുകളും ഉള്‍പ്പെടെ നിരവധി ഉപകരണങ്ങളില്‍ വിവിധ ഗെയിമുകള്‍ സ്ട്രീം ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഗെയിം സ്ട്രീമിംഗ് സേവനമാണ് പ്രൊജക്ട് എക്‌സ്‌ക്ലൌഡ്. ഗൂഗിള്‍ സ്റ്റേഡിയയ്ക്ക് സമാനമായ മൈക്രോസോഫ്റ്റിന്റെ പ്രോജക്റ്റാണ് ഇത്. വലിയ ഗെയിം ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഗെയിമര്‍മാര്‍ ആവശ്യമില്ല എന്നതാണ് ഇതിലുള്ള നേട്ടം. ഇതിന്റെ ബീറ്റ പതിപ്പ് നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകുകയുള്ളു.

ഇന്ത്യയില്‍ ഗെയിമിംഗിന് വളരെയധികം സാധ്യതകളുണ്ടെന്ന് റിലയന്‍സ് ജിയോ വിശ്വസിക്കുന്നു. ഗെയിം സ്ട്രീമിംഗ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നിലവിലില്ലാത്ത കാര്യമാണെന്നും എക്‌സ്‌ക്ലൌഡും ജിയോയുടെ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയും ഉപയോഗിച്ച് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് മികച്ച ഗെയിമിംഗ് അനുഭവം നല്‍കുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.

എക്‌സ്‌ക്ലൌഡ് ഇന്ത്യയിലെത്തിക്കുമെന്ന സൂചനകള്‍ നല്‍കിയെങ്കിലും ജിയോ മൈക്രോസോഫ്റ്റ് ഇടപാടിന്റെ കൂടുതല്‍ കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രോജക്റ്റ് എക്‌സ്‌ക്ലൌഡ് ഗെയിം സ്ട്രീമിംഗ് സേവനം എപ്പോള്‍ എത്തരത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന കാര്യം വ്യക്തമല്ല. ഇന്ത്യയിലെ ഗെയിം സ്ട്രീമിംഗ് സേവനത്തില്‍ ജിയോ എന്ത് തരം സേവനമാണ് നല്‍കുകയെന്നും വ്യക്തമല്ല. ചിലപ്പോള്‍ ഈ ഗെയിമിംഗ് സേവനം ജിയോ വരിക്കാര്‍ക്ക് മാത്രമായി അവതരിപ്പിക്കുന്നതാകാം. അതല്ലെങ്കില്‍ ജിയോ വരിക്കാര്‍ക്ക് സേവനം ഉപയോഗിക്കുന്നതില്‍ കിഴിവുകള്‍ നല്‍കിയേക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it