സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങി എല്‍ജി; കാരണമിതാണ്

നഷ്ടം മാത്രം നല്‍കിയിരുന്ന തങ്ങളുടെ മൊബൈല്‍ ഡിവിഷന്‍ നിർത്തുകയാണെന്ന് ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ എല്‍ജി ഇലക്ട്രോണിക്സ് ഇങ്ക് തിങ്കളാഴ്ച അറിയിച്ചു. ഇതോടെ ലോക സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നിന്നും പൂര്‍ണമായും പിന്മാറുന്ന ആദ്യത്തെ വലിയ ബ്രാന്‍ഡായി എല്‍ജി മാറും.

ആറ് വര്‍ഷത്തോളമായി 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് എല്‍ജി സ്മാര്‍ട്ട്‌ഫോണ്‍ ഡിവിഷനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ലോകത്തിലെ മൂന്നാം സ്ഥാനക്കാര്‍ ആയിരുന്നു ഒരുകാലത്ത് എല്‍ജി. അവിടെ നിന്നുമാണ് ഈ പതനം.

കടുത്ത മത്സര മേഖലയില്‍ നിന്ന് എല്‍ജി പുറത്തു കടക്കുന്നത് മറ്റ് മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹന ഘടകങ്ങള്‍, ബന്ധിപ്പിച്ച ഉപകരണങ്ങള്‍, സ്മാര്‍ട്ട് ഹോമുകള്‍ തുടങ്ങിയ വളര്‍ച്ചാ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്‍ ജിയെ ഇപ്പോഴുള്ള തീരുമാനം പ്രാപ്തരാക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഇനി മുതല്‍ ഉല്‍പ്പാദനം നടക്കില്ല എങ്കിലും നിലവിലെ ഉപഭോക്താക്കള്‍ക്ക് എല്‍ജി സര്‍വീസ് ലഭ്യമാക്കും.

പിന്‍വലിക്കാനുള്ള തീരുമാനം വടക്കേ അമേരിക്കയില്‍ ഉണ്ടായിരുന്ന കമ്പനിയുടെ 10 ശതമാനം വിഹിതം ഉപേക്ഷിക്കലിനു വഴിവയ്ക്കും. അവിടെ ആപ്പിള്‍ ഇങ്ക്, സാംസംഗ് ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ശേഷമുള്ള മൂന്നാം നമ്പര്‍ ബ്രാന്‍ഡായിരുന്നു എല്‍ജി സ്മാര്‍ട്ട്ഫോണ്‍.

അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറകള്‍ ഉള്‍പ്പെടെ നിരവധി സെല്‍ ഫോണ്‍ പുതുമകള്‍ എല്‍ജി വിപണിയിലെത്തിച്ച് 2013 ല്‍ സാംസംഗിനും ആപ്പിളിനും പിന്നില്‍ എല്‍ജി സ്ഥാനം പിടിച്ചിരുന്നു. പിന്നീട് നിരവധി മോഡലുകളുമായി മുന്‍നിരയില്‍ തന്നെ വർഷങ്ങളോളം തിളങ്ങി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it