മൈക്രോസോഫ്റ്റിന് പഠിക്കണം, കേരള പോലീസിന്റെ സോഷ്യൽ മീഡിയ സ്ട്രാറ്റജി

കേരള പോലീസിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ ഇതാ ടെക്ക് ഭീമനായ മൈക്രോസോഫ്റ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പൊതുജനങ്ങളുമായി ആശയ വിനിമയം നടത്തുന്നതിന് സോഷ്യൽ മീഡിയ വ്യത്യസ്തവും ഫലപ്രദവുമായി എങ്ങനെ ഉപയോഗിക്കുന്നു എന്ന് വിലയിരുത്തുന്ന ഗവേഷണത്തിന് കേരള പോലീസിനെയാണ് ഇന്ത്യയിൽനിന്ന് മൈക്രോസോഫ്റ്റ് തെരഞ്ഞെടുത്തിരിക്കുന്നത്.

പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും വിഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കുന്ന പേജ് വൻഹിറ്റാണ്. മാത്രമല്ല, പേജിലെ കമന്റുകള്‍ക്കുള്ള മറുപടികളും വൈറലാണ്.

മൈക്രോസോഫ്റ്റ് ബെംഗളൂരു ഗവേഷണകേന്ദ്രത്തിനുകീഴിലാണ് പഠനം. ഇതിന്റെ ഭാഗമായി ഗവേഷക ദ്രുപ ഡിനി ചാൾസ് പോലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസർ ഐ.ജി. മനോജ് എബ്രഹാം, മീഡിയസെൽ ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്തി.

ജനപ്രീതിയിൽ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് ന്യൂയോർക്ക് പോലീസ്, ക്വീൻസ് ലാൻഡ് പോലീസ് എന്നിവയെ പിന്നിലാക്കിയിരുന്നു. പോലീസ് സേനകളിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയാർജിച്ച ഫെയ്സ്ബുക്ക് പേജ് എന്ന നേട്ടവും കേരള പോലീസിനാണ്.

പുതുവത്സരത്തിൽ 10 ലക്ഷം പേജ് ലൈക്ക് എന്ന ലക്ഷ്യത്തിന് പൊതുജനസഹായം തേടിയ കേരള പോലീസിന് ആവേശകരമായ പിന്തുണയാണ് നവമാധ്യമങ്ങളിൽ ലഭിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it