‘ടിക് ടോക്കി’നു ബദലായുള്ള ഇന്ത്യന്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി

മാനദണ്ഡങ്ങള്‍ 'മിത്രോണ്‍' ലംഘിച്ചെന്നു പരാതി

mitron app removed from google

ടിക് ടോക്കിന് ബദലായി ഇന്ത്യയില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട  ‘മിത്രോണ്‍’  ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് നടപടി. സ്പാം ആന്‍ഡ് മിനിമം ഫങ്ഷണറി പോളിസി ലംഘിച്ചതിനാല്‍ ആപ് നീക്കം ചെയ്യുന്നതായി ഗൂഗിള്‍ വ്യക്തമാക്കി; മറ്റ് ആപ്പുകളുടെ ഫീച്ചറുകള്‍ ഉറവിടം വ്യക്തമാക്കാതെ ഉപയോഗിച്ചെന്നും പറയുന്നു.

ഐഐടി റൂര്‍ക്ക വിദ്യാര്‍ത്ഥി ശിവാങ്ക് അഗര്‍വാള്‍ വികസിപ്പിച്ച  ‘മിത്രോണ്‍’ ആപ് ആദ്യ ആഴ്ചയില്‍ തന്നെ 50 ലക്ഷം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു.പ്രചാരത്തിലായ ഉടന്‍ തന്നെ ആപ് വിവാദത്തില്‍പ്പെട്ടിരുന്നു. പാകിസ്ഥാനിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ കമ്പനിയായ ക്യുബോക്‌സസിന്റെ സോഴ്‌സ് കോഡ് ഉപയോഗിച്ചാണ് ആപ് പുറത്തിറക്കിയതെന്ന് ആരോപണമുയര്‍ന്നു. അതേസമയം, സൗജന്യ ആപ്പുകളില്‍ പ്ലേ സ്റ്റോറില്‍  ‘മിത്രോണ്‍’ ആദ്യ പത്തില്‍ ഇടം പിടിച്ചത് 4.7 സ്റ്റാറുകളോടെയാണ്.

ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്.’മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ’ ആഹ്വാനവുമായി പ്രമുഖ ഇന്നൊവേറ്ററും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ സോനം വാങ്ചക് സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ട പ്രചാരണം കത്തിക്കയറുന്നതിനിടെയാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിനു ബദലായി മിത്രോണ്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതും പ്രചരിപ്പിച്ചതും.അതിര്‍ത്തിയില്‍ അനാവശ്യ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ തരം താണ ഉല്‍പ്പന്നങ്ങള്‍ വാങ്ങി അവരെ വലുതാക്കരുതെന്ന ആഹ്വാനം ഇന്ത്യന്‍ ജനത ഏറ്റെടുത്തത് ടിക് ടോക്കിനും തിരിച്ചടിയായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here